ഡല്‍ഹി:
മതപരമായ കാര്യങ്ങളില്‍ സര്‍ക്കാര്‍ ഇടപെടുന്നത് എന്തിനാണെന്ന് ചോദിച്ച് സുപ്രീം കോടതി. ജസ്റ്റിസ് അരുണ്‍ മിശ്ര അദ്ധ്യക്ഷനായ ബെഞ്ചാണ് ഇത്തരത്തില്‍ ഒരു ചോദ്യം സര്‍ക്കാരിനോട് ചോദിച്ചത്. കേരളത്തിലെ ക്രിസ്തീയ സഭകള്‍ തമ്മില്‍ നിലനില്‍ക്കുന്ന തര്‍ക്കത്തെ കുറിച്ച് പ്രതികരിക്കുകയായിരുന്നു അരുണ്‍ മിശ്ര. സഭാതര്‍ക്ക വിഷയങ്ങളില്‍ സംസ്ഥാന സര്‍ക്കാരാണ് കുഴപ്പമുണ്ടാക്കുന്നതെന്നും ജസ്റ്റിസ് മിശ്ര പറഞ്ഞു. സുപ്രീം കോടതിയില്‍ മറ്റൊരു കേസിന്റെ വാദം നടക്കുന്നതിനിടെയായിരുന്നു ജഡ്ജിയുടെ പരാമര്‍ശം.
കേന്ദ്ര വാര്‍ത്താ വിതരണ മന്ത്രാലയവും സ്വകാര്യ ടെലികോം കമ്ബനികളും തമ്മിലുള്ള ഒരു കേസിന്റെ വാദം കേള്‍ക്കവേയാണ് സംസ്ഥാന സര്‍ക്കാരിനെ അരുണ്‍ മിശ്ര ഇങ്ങനെ വിമര്‍ശിച്ചത്. ഒരിക്കല്‍ തീര്‍പ്പായ കേസില്‍ വീണ്ടും വീണ്ടും ഹര്‍ജികള്‍ സമര്‍പ്പിക്കപ്പെടുന്നതിനെ ചൂണ്ടിക്കാട്ടിയാണ് സുപ്രീം കോടതിയുടെ വിമര്‍ശനം.
‘കേരളത്തിലെ സഭകള്‍ തമ്മിലുള്ള പ്രശ്‌നങ്ങള്‍ നോക്കൂ. ഈ കേസില്‍ വീണ്ടും വീണ്ടും ഹര്‍ജികള്‍ വന്നുകൊണ്ടിരിക്കുകയാണ്. നിരവധി ഹര്‍ജികളാണ് ഇങ്ങനെ സമര്‍പ്പിക്കപ്പെടുന്നത്. പണമുള്ളവര്‍ പിന്നെയും പിന്നെയും കേസുകള്‍ നടത്തും. മതപരമായ കാര്യങ്ങളില്‍ കേരള സര്‍ക്കാരിനെന്താണ് കാര്യം? സര്‍ക്കാരാണ് കുഴപ്പമുണ്ടാകുന്നത്.’ അരുണ്‍ മിശ്ര ചൂണ്ടിക്കാട്ടി.
കേരളത്തിലെ സഭാ തര്‍ക്ക കേസില്‍ അന്തിമ വിധി വന്നതിന് ശേഷവും കോടതിയില്‍ നിരവധി ഹര്‍ജികളാണ് സമര്‍പ്പിക്കപ്പെട്ടിരുന്നത്. ഇതിനെ തുടര്‍ന്ന് ഇത്തരത്തിലുള്ള കേസുകള്‍ കൈകാര്യം ചെയ്യേണ്ടതില്ലെന്ന് സുപ്രീം കോടതി നിര്‍ദ്ദേശം നല്‍കിയിരുന്നു. സഭ തര്‍ക്കവുമായി ബന്ധപ്പെട്ട എല്ലാ കേസുകള്‍ക്കും സുപ്രീം കോടതിയുടെ വിധി ബാധകമാണെന്നും കോടതി പറഞ്ഞിരുന്നു.