ഡല്‍ഹി:
ഡല്‍ഹി കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് പഞ്ചാബ് മുന്‍ മന്ത്രി നവജ്യോത് സിങ് സിദ്ധുവിനെ പരിഗണിക്കുന്നു. അന്തരിച്ച ഡല്‍ഹി മുന്‍ മുഖ്യമന്ത്രി ഷീലാ ദീക്ഷിതിന്റെ ഒഴിവിലേക്കാണ് സിദ്ധുവിനെ പരിഗണിക്കുന്നത്.
അതേസമയം, ഇത് സംബന്ധിച്ച ചര്‍ച്ചകളെപ്പറ്റി തനിക്കറിയില്ലെന്ന് ഡല്‍ഹി കോണ്‍ഗ്രസിന്റെ ചുമതലയുള്ള പി.സി ചാക്കോ അറിയിച്ചു. ഡല്‍ഹി പിസിസിയുടെ അധ്യക്ഷനെ തീരുമാനിക്കുന്നതിനായുള്ള ഒരു യോഗവും ഇതുവരെ നടന്നിട്ടില്ലെന്നും പി.സി ചാക്കോ അറിയിച്ചു.
പഞ്ചാബിലെ അമൃത്സര്‍ കിഴക്കിലെ എംഎല്‍എയാണ് സിദ്ധു. നേരത്തെ, പഞ്ചാബ് മന്ത്രിസഭയിലുണ്ടായിരുന്ന അദ്ദേഹം മുഖ്യമന്ത്രി അമരീന്ദര്‍ സിങുമായുള്ള അഭിപ്രായഭിന്നതകളെ തുടര്‍ന്ന് അടുത്തിടെ സ്ഥാനം രാജിവെയ്ക്കുകയായിരുന്നു.തനിക്കുണ്ടായിരുന്ന സുപ്രധാന വകുപ്പുകള്‍ എടുത്ത് മാറ്റിയതോടെയാണ് സിദ്ധു പഞ്ചാബ് മന്ത്രിസഭയില്‍ നിന്ന് രാജിവെച്ചത്. ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഭാര്യയ്ക്ക് സീറ്റ് നിഷേധിച്ചതിന്റെ പേരിലും പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുത്തത് സംബന്ധിച്ചും അമരീന്ദര്‍ സിങുമായി സിദ്ധുവിന് അഭിപ്രായ വ്യത്യാസമുണ്ടായിരുന്നു.
പഞ്ചാബ് മന്ത്രിസ്ഥാനം രാജിവെച്ച ശേഷം പ്രിയങ്കാ ഗാന്ധിയുമായി നടത്തിയ ചര്‍ച്ചയിലാണ് സിദ്ധുവിനെ ഡല്‍ഹി കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കാന്‍ തീരുമാനിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍.