ന്യൂഡല്‍ഹി:
ഉന്നാവോക്കേസിലെ അതിജീവിച്ചവളായ പെണ്‍കുട്ടിക്ക്, ദുരൂഹ വാഹനാപകടത്തിൽ ഗുരുതര പരിക്കേറ്റ സംഭവത്തിൽ, സി.ബി.ഐ. എഫ്.ഐ.ആർ. പ്രതി പട്ടിക പുറത്ത്. ഇതിൽ, ബി.ജെ.പി. എം.എല്‍.എ. കുല്‍ദീപ് സിങ് സെൻഗാറിന് പുറമെ യു.പി. മന്ത്രിയുടെ ബന്ധുവിനെയും സി.ബി.ഐ. പ്രതിചേര്‍ത്തിട്ടുണ്ട്. സെൻഗാറിന്റെ പേരുകൂടാതെ, ഒന്‍പത് പേരുകളാണ് എഫ്.ഐ.ആറിൽ ഉള്ളത്. യു.പി സഹമന്ത്രി രവീന്ദ്ര പ്രസാദ് സിങ്ങിന്റെ മരുമകനായ അരുണ്‍ സിങ്ങിന്റെ പേര് എഫ്.ഐ.ആറിലുണ്ടെന്ന റിപ്പോര്‍ട്ട് വാര്‍ത്താ ഏജന്‍സിയാണ് പുറത്തു വിട്ടത്. നിലവിൽ, കൊലപാതകം, വധശ്രമം, ക്രിമിനല്‍ ഗൂഢാലോചന മുതലായ കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരെയുള്ളത്.
ആദിത്യനാഥ് മന്ത്രിസഭയിൽ കൃഷിവകുപ്പ് സഹമന്ത്രിയാണ് രവീന്ദ്ര പ്രതാപ് സിങ്. അദ്ദേഹത്തിന്റെ മരുമകനും പിടിക്കപ്പെട്ട എം.എൽ.എ. കുല്‍ദീപ് സിങ് സെൻഗാറിന്റെ വിശ്വസ്തനുമായ അരുണ്‍ സിങ് ഉന്നാവോയിലെ നവാബ് ഗഞ്ചിൽ നിന്നുള്ള ബ്ലോക്ക് പ്രമുഖാണ്.
കുല്‍ദീപ് സിങ് സെൻഗാര്‍ എം.എല്‍.എ, സഹോദരന്‍ മനോജ് സിങ് സെൻഗാര്‍, വിനോദ് മിശ്ര, ഹരിപാല്‍ സിങ്, നവീന്‍ സിങ്, കോമള്‍ സിങ്, അരുണ്‍ സിങ്, ജ്ഞാനേന്ദ്രസിങ്, റിങ്കു സിങ്, അഭിഭാഷകനായ അവദേശ് സിങ് ഇവരാണ്, എഫ്.ഐ.ആറില്‍ പ്രതിചേർത്തിട്ടുള്ള കുറ്റാരോപിതർ. ഇവരെല്ലാം ഉന്നാവോ സ്വദേശികളാണ് . ലഖ്‌നൗവിലെ സി.ബി.ഐ. അഡീഷണല്‍ സൂപ്രണ്ട് റാം സിങ്ങാണ്, ദുരൂഹ അപകടക്കേസ് അന്വേഷിക്കുന്നത്.
ഉന്നാവോക്കേസിലെ അതിജീവിച്ച പെണ്‍കുട്ടി സഞ്ചരിച്ച കാറില്‍, കഴിഞ്ഞ ഞായറാഴ്ചയാണ് ദുരൂഹ സാഹചര്യത്തില്‍ ട്രക്ക് ഇടിച്ചിരുന്നത്. ബലാല്‍സംഗ കേസിലെ സാക്ഷികളടക്കമുള്ള പെണ്‍കുട്ടിയുടെ രണ്ട് ബന്ധുക്കള്‍ അപകടത്തില്‍ മരിച്ചിരുന്നു. ഇപ്പോൾ, പെണ്‍കുട്ടിയും തന്റെ അഭിഭാഷകനടക്കമുള്ളവരും ഗുരുതരാവസ്ഥയില്‍ ചികിത്സയിൽ കഴിയുകയാണ്.