Reading Time: < 1 minute
തിരുവനന്തപുരം :

ടെലിവിഷന്‍ കലാകാരന്മാർ സംഘടിപ്പിച്ച സെമിനാറിനിടെ, സർക്കാരിനെയും സിനിമ സെൻസറിങിനെയും, ദേശീയ പുരസ്‌ക്കാര വിതരണത്തെയും രൂക്ഷമായി വിമർശിച്ചു പ്രശസ്ത സംവിധായകന്‍‌ അടൂര്‍‌ ഗോപാലകൃഷ്ണന്‍. ‘സെന്‍സര്‍ ബോര്‍ഡും ഇന്ത്യന്‍ സിനിമയും’ എന്ന വിഷയത്തില്‍, ടെലിവിഷന്‍ കലാകാരന്മാരുടെ കൂട്ടായ്മയായ കോണ്‍ടാക്ട് സംഘടിപ്പിച്ച സെമിനാറായിരുന്നു, അടൂർ ഉദ്ഘാടനം ചെയ്തു സംസാരിച്ചത്.

“ദേശീയപുരസ്‌കാരം ഏര്‍പ്പെടുത്തിയത് എന്തിനാണോ അതിന്‍റെ ആശയം തന്നെ കടപുഴകിയിരിക്കുകയാണ്. വെറും ആഭാസമായി അത് മാറി. അതിനാലാണ് ‘ബാഹുബലി’യൊക്കെ അവാര്‍ഡ് നേടുന്നത്.’ അടൂര്‍ പറഞ്ഞു‍. ജനാധിപത്യരാഷ്ട്രത്തിന് ചേരാത്ത സെന്‍സറിങ് പൂര്‍ണമായും എടുത്തുകളയേണ്ടതാണ്. എല്ലാ ചുമടുകളും എടുത്തുമാറ്റി സിനിമയെ മോചിപ്പിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സിനിമയിലും നാടകത്തിലും മാധ്യമപ്രവര്‍ത്തനത്തിലും പ്രസംഗത്തിലുമൊന്നും നിയന്ത്രണങ്ങള്‍ പാടില്ല, ഇത്തരം നിയന്ത്രണങ്ങള്‍ കാരണമാണ് സര്‍ക്കസ് തുടച്ചുനീക്കപ്പെട്ടതെന്ന്, അദ്ദേഹം കുറ്റപ്പെടുത്തി.

‘സിനിമയ്ക്കുമുമ്പ് സിഗരറ്റ് വലിക്കെതിരേയുള്ള ഭീകരപരസ്യം കണ്ടാല്‍പ്പിന്നെ സിനിമ കാണാന്‍പോലും തോന്നില്ല. അത്ര കുഴപ്പമാണെങ്കില്‍ സര്‍ക്കാരിന് പുകയില ഉത്പന്നങ്ങള്‍ നിരോധിച്ചാല്‍ പോരെ. സര്‍ക്കാരിന് സൗജന്യമായി പരസ്യം നല്‍കുന്നതിനുള്ള ഉപാധിയായി സിനിമ മാറി. സിനിമയില്‍ മീന്‍ വെട്ടുന്ന രംഗത്തില്‍ ഒരു പൂച്ച ഇരിക്കുന്നതു കണ്ട് വിശദീകരണവും ആനിമല്‍ പ്രൊട്ടക്ഷന്‍ ബോര്‍ഡിന്‍റെ സര്‍ട്ടിഫിക്കറ്റും ചോദിച്ച സെന്‍സര്‍ബോര്‍ഡ് ഇതൊരു വൈകൃതമാക്കി മാറ്റുകയാണ് ചെയ്യുന്നത്. നമ്മുടെ ഒരു മന്ത്രിക്കുണ്ടായ ഉള്‍വിളിയാണ് ഇതിനു പിന്നില്‍.

ഇത്തരം മണ്ടന്‍ തീരുമാനങ്ങള്‍ കാരണമാണ് സര്‍ക്കസ് എന്ന വലിയൊരു വിനോദോപാധി ഇന്ത്യയില്‍നിന്ന് തുടച്ചുമാറ്റപ്പെട്ടത്. സിനിമാക്കാരുടെ തോളില്‍ കയറിയല്ല മൃഗസ്‌നേഹം കാണിക്കേണ്ടത്. സിനിമയെപ്പറ്റി ഒന്നും അറിയാത്തവരും പുസ്തകം പോലും വായിക്കാത്തവരുമൊക്കെയാണ് സെന്‍സര്‍ ബോര്‍ഡില്‍ ഇരിക്കുന്നത്. സര്‍ക്കാരിന്‍റെ താത്പര്യങ്ങള്‍ സെന്‍സര്‍ ഓഫീസര്‍ വഴി നടപ്പാക്കുകയാണ് ഇവര്‍ ചെയ്യുന്നത്. പശുവിനെ കൊല്ലരുതെന്ന് പറയുന്നവര്‍ കറവ വറ്റിയ പശുക്കള്‍ വിശന്ന് വീണുചാവുന്ന ദയനീയാവസ്ഥ കാണുന്നില്ല. അതേസമയം, ടെലിവിഷനില്‍ എന്തെല്ലാം വൃത്തികേടുകളാണ് കാട്ടുന്നത്. കച്ചവട സിനിമാക്കാര്‍ സെന്‍സര്‍ ബോര്‍ഡിനോട് അടിമ മനോഭാവം കാട്ടുന്നത് അവരിതിനെ കലാരൂപമായി കാണാത്തതുകൊണ്ടാണ്” അടൂർ തന്റെ അഭിപ്രായങ്ങൾ തുടർന്ന് കൊണ്ടേയിരിക്കുന്നു.

Advertisement

Leave a Reply

avatar
  Subscribe  
Notify of