ഡല്‍ഹി:
സി.പി.എം. പോളിറ്റ് ബ്യൂറോ യോഗം ഇന്ന് ദില്ലിയില്‍ ചേരും. ദേശീയ രാഷ്ട്രീയ സാഹചര്യങ്ങള്‍ യോഗത്തില്‍ അവലോകനം ചെയ്യും. തെരഞ്ഞെടുപ്പ് പരാജയം അവലോകനം ചെയ്ത കേന്ദ്ര കമ്മിറ്റിയുടെ നിര്‍ദ്ദേശങ്ങള്‍ നടപ്പാക്കുന്നത് സംബന്ധിച്ച ചര്‍ച്ചകള്‍ യോഗത്തിലുണ്ടാകും. കഴിഞ്ഞ തവണ ചേര്‍ന്ന യോഗത്തില്‍ ലോക്സഭാ തെരഞ്ഞെടുപ്പില്‍ സ്വീകരിച്ച തെരഞ്ഞെടുപ്പ് നയം പാര്‍ട്ടി പരിശോധിച്ചിരുന്നു.
കേരളത്തില്‍ നിന്നുള്ള ഒരു സീറ്റും തമിഴ്നാട്ടില്‍ നിന്നുള്ള രണ്ട് സീറ്റും അടക്കം ആകെ മൂന്ന് സീറ്റ് മാത്രമാണ് സി.പി.എമ്മിന് തെരഞ്ഞെടുപ്പില്‍ ലഭിച്ചത്. കേരളത്തിലെ പരാജയകാരണം ശബരിമല ഉള്‍പ്പടെയുള്ള വിഷയങ്ങളാണോ എന്നതടക്കമുള്ള കാര്യങ്ങള്‍ ചര്‍ച്ചചെയ്താണ് കമ്മിറ്റി നിര്‍ദേശം വെച്ചത്. കൊല്‍ക്കത്ത പ്ലീന തീരുമാനങ്ങള്‍ നടപ്പാക്കിയതിനെ കുറിച്ചുള്ള സംസ്ഥാന ഘടകങ്ങളുടെ റിപ്പോര്‍ട്ടും പോളിറ്റ് ബ്യൂറോ പരിശോധിക്കും. ബംഗാളിലെയും തൃപുരയിലെയും രാഷ്ട്രീയ സാഹചര്യങ്ങളും വിലയിരുത്തും. ബി.ജെ.പി.ക്കെതിരെ പ്രതിപക്ഷ ചേരി ശക്തമാക്കുന്നത് സംബന്ധിച്ച ചര്‍ച്ചകളും ഉണ്ടാകും.
പശ്ചിമ ബംഗാളില്‍ സീറ്റുകളൊന്നും ലഭിച്ചില്ലെന്ന് മാത്രമല്ല, സിറ്റിങ്ങ് സീറ്റുകളിലടക്കം പാര്‍ട്ടി കോണ്‍ഗ്രസ്സിനും പിന്നാലെ നാലാമതായിരുന്നു. കേരളത്തിലെ അനുകൂല സാഹചര്യത്തില്‍ പോലും സി.പി.എമ്മിനുണ്ടായത് വന്‍ പരാജയമാണ്. ഈ സാഹചര്യത്തിലാണ് സി.പി.എം. പോളിറ്റ് ബ്യൂറോ ചേര്‍ന്ന് ചര്‍ച്ച നടത്തിയത്.