മുംബൈ:
ലൈംഗിക പീഡന കേസില്‍ ബിനോയ് കോടിയേരി ഡി.എന്‍.എ. പരിശോധനയ്ക്കായി രക്തസാംപിള്‍ നല്‍കി. ബൈക്കുളയിലെ ജെ ജെ ആശുപത്രിയില്‍ വച്ചാണ് രക്തസാംപിള്‍ ശേഖരിച്ചത്. രക്തസാംപിള്‍ കലീനയിലെ ഫൊറന്‍സിക് ലാബിന് അയച്ചു.
ഡി.എന്‍.എ. ഫലം വന്നാല്‍ രഹസ്യ രേഖ എന്ന നിലയില്‍ ഇത് മുദ്ര വെച്ച കവറില്‍ രണ്ടാഴ്ചക്കകം ബോംബെ ഹൈക്കോടതി റജിസ്ട്രാര്‍ക്ക് കൈമാറുമെന്ന് മുംബൈ പോലീസ് അറിയിച്ചു.
നേരത്തേ മുന്‍ നിശ്ചയിച്ച ആശുപത്രിയില്‍ നിന്ന് രക്തസാംപിള്‍ സ്വീകരിക്കുന്നത് പൊലീസ് മാറ്റിയിരുന്നു. ജൂഹുവിലെ കൂപ്പര്‍ ആശുപത്രിയിലെത്താന്‍ ആദ്യം ആവശ്യപ്പെട്ട പൊലീസ് പിന്നീട് അസൗകര്യം ചൂണ്ടിക്കാട്ടി ബൈക്കുളയിലെ ജെ.ജെ ആശുപത്രിയില്‍ എത്താന്‍ നിര്‍ദേശിക്കുകയായിരുന്നു. രാവിലെ ഓഷിവാര പൊലീസ് സ്റ്റേഷനില്‍ ബിനോയ് ഹാജരായിരുന്നു.
എഫ്‌ഐആര്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ബിനോയ് കോടിയേരിയുടെ ഹര്‍ജി പരിഗണിക്കവെയാണ് ഡി.എന്‍.എ പരിശോധന എവിടെ വരെ ആയെന്നു ഹൈക്കോടതിയുടെ ഡിവിഷന്‍ ബഞ്ച് ചോദിച്ചത്. ഇതുവരെ രക്ത സാമ്പിള്‍ നല്‍കാതെ ബിനോയ് മുന്‍കൂര്‍ ജാമ്യ വ്യവസ്ഥ ലംഘിക്കുന്നു എന്നായിരുന്നു യുവതിയുടെ അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചത്.
ഡി.എന്‍.എ പരിശോധന ഫലം കിട്ടിയ ശേഷമായിരിക്കും കേസിലെ എഫ്.ഐ.ആര്‍ റദ്ദാക്കണമെന്ന ബിനോയ് കോടിയേരിയുടെ ഹര്‍ജിയില്‍ കോടതി അന്തിമ തീരുമാനം എടുക്കുക.