Fri. Mar 29th, 2024
ഉത്തര്‍പ്രദേശ്:

ഉന്നാവോ കേസിലെ പെണ്‍കുട്ടി സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ട സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് സമാജ് വാദി പാര്‍ട്ടി നേതാവും മുന്‍ യു.പി. മുഖ്യമന്ത്രിയുമായ അഖിലേഷ് യാദവ്.പെണ്‍കുട്ടിയെ കൊലപ്പെടുത്താനുള്ള ശ്രമമാണിതെന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്ന് അഖിലേഷ് ആരോപിച്ചു. ഇതുമായി ബന്ധപ്പെട്ട അന്വേഷണം സി.ബി.ഐ.ക്ക് വിടണമെന്നും, എന്താണ് നടന്നതെന്ന് സി.ബി.ഐക്ക് മാത്രമെ തെളിയിക്കാന്‍ കഴിയൂവെന്നും അഖിലേഷ് വ്യക്തമാക്കി. അപകടത്തില്‍ പരിക്കേറ്റവരുടെ ചികിത്സാ ചിലവ് സമാജ് വാദി പാര്‍ട്ടി ഏറ്റെടുക്കുമെന്നും അഖിലേഷ് പറഞ്ഞു.

ബി.ജെ.പി. എം.എല്‍.എ കുല്‍ദീപ് സിംഗ് സെന്‍ഗാര്‍ പ്രതിയായ പീഡനക്കേസിലെ ഇര സഞ്ചരിച്ചിരുന്ന വാഹനമാണ് കഴിഞ്ഞ ദിവസം അപകടത്തില്‍പ്പെട്ടത്. ഇരയായ പെണ്‍കുട്ടിക്ക് ഗുരുതരമായി പരിക്കേറ്റു. അമ്മയും ബന്ധുവായ സ്ത്രീയും മരിച്ചു. ഉത്തര്‍പ്രദേശിലെ റായ്ബറേലിയിലായിരുന്നു അപകടം. ഇവര്‍ സഞ്ചരിച്ച വാഹനത്തില്‍ ട്രക്ക് ഇടിക്കുകയായിരുന്നു. ജയിലിലുള്ള അമ്മാവനെ സന്ദര്‍ശിക്കാനായി പോകുകയായിരുന്നു പെണ്‍കുട്ടിയും കുടുംബവും. അപകടമുണ്ടാക്കിയ ട്രക്ക് ഡ്രൈവര്‍ സംഭവസ്ഥലത്തുനിന്ന് ഓടി രക്ഷപ്പെട്ടു.

2017 ജൂണ്‍ നാലിനാണ് പെണ്‍കുട്ടി ബലാത്സംഗത്തിനിരയായത്. ജോലി അഭ്യര്‍ഥിച്ച് ഒരു ബന്ധുവിനൊപ്പം എം.എല്‍.എ.യുടെ വീട്ടിലെത്തിയ പെണ്‍കുട്ടിയെ കുല്‍ദീപ് സിങ് ബലാത്സംഗം ചെയ്‌തെന്നാണ് പരാതി. എം.എല്‍.എ.ക്കെതിരെ പരാതി നല്‍കിയെങ്കിലും നടപടിയുണ്ടായില്ല. തുടര്‍ന്ന് നീതി തേടി പെണ്‍കുട്ടിയും പിതാവും യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ വസതിയിലെത്തി ആത്മഹത്യാശ്രമം നടത്തിയതോടെയാണ് സംഭവം വാര്‍ത്തയായത്. തുടര്‍ന്ന് വലിയ പ്രതിഷേധങ്ങള്‍ നടക്കുകയും കേസ് സി.ബി.ഐ.ക്ക് കൈമാറുകയുമായിരുന്നു. ഇതിനിടെ, പെണ്‍കുട്ടിയുടെ പിതാവ് പോലീസ് കസ്റ്റഡിയില്‍ കൊല്ലപ്പെടുകയും ചെയ്തിരുന്നു.

 

Leave a Reply

Your email address will not be published. Required fields are marked *