Sat. Apr 20th, 2024
ഡല്‍ഹി:

പെട്രോള്‍ ഡീസല്‍ വാഹനങ്ങളുടെ റജിസ്‌ട്രേഷന്‍ ഫീസ് കുത്തനെ കൂട്ടുന്നതിനുള്ള കരടു വിജ്ഞാപനം കേന്ദ്രം പുറപ്പെടുവിച്ചു. ഇതിനായ് മോട്ടര്‍ വാഹന ചട്ടങ്ങളില്‍ ഭേദഗതി വരുത്തിയാണ് വിജ്ഞാപനം പുറപ്പെടുവിച്ചത്.ഇലക്ട്രിക് വാഹനങ്ങളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിനാട്ടാണ് നടപടി.

ആക്ഷേപമുള്ളവര്‍ക്ക് 30 ദിവസത്തിനുള്ളില്‍ അറിയിക്കാം. 15 വര്‍ഷത്തില്‍ കൂടുതലുള്ള വാഹനങ്ങളുടെ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് വര്‍ഷത്തിലൊരിക്കല്‍ പുതുക്കുന്നതിനു പകരം 6 മാസത്തിലൊരിക്കലാക്കാനും നിര്‍ദേശമുണ്ട്. ഇവയ്ക്കുള്ള ഫീസും വര്‍ധിപ്പിച്ചു.

ഇലക്ട്രിക് വാഹനങ്ങള്‍ക്കുള്ള നികുതി 12 ശതമാനത്തില്‍ നിന്ന് 5 ശതമാനമാക്കാന്‍ ചരക്ക്, സേവന നികുതി (ജിഎസ്ടി) കൗണ്‍സില്‍ തീരുമാനിച്ചു. ഇ-വാഹനങ്ങളുടെ ചാര്‍ജറിനുള്ള നികുതി 18 ശതമാനത്തില്‍ നിന്ന് 5 ശതമാനമാക്കി.12 ല്‍ കൂടുതല്‍ പേര്‍ക്ക് യാത്ര ചെയ്യാവുന്ന ഇ-വാഹനം തദ്ദേശസ്ഥാപനങ്ങള്‍ വാടകയ്‌ക്കെടുത്താല്‍ പൂര്‍ണ നികുതിയിളവ് ലഭിക്കും. പുതിയ നിരക്കുകള്‍ അടുത്ത മാസം 1 മുതല്‍ പ്രാബല്യത്തിലാവും. അനുമാന നിരക്കില്‍ നികുതി അടയ്ക്കുന്നവര്‍ കഴിഞ്ഞ മാസത്തെ സ്റ്റേറ്റ്‌മെന്റ് നല്‍കാനുള്ള സമയപരിധി അടുത്ത മാസം 31 വരെ നീട്ടി.

ഇറക്കുമതി ചെയ്യുന്ന വാഹനങ്ങളുടെ റജിസ്‌ട്രേഷനും പുതുക്കലിനുമുള്ള ഫീസ് ഇരട്ടിയിലേറെയാക്കും. വിജ്ഞാപനം മന്ത്രാലയത്തിന്റെ വെബ്‌സൈറ്റില്‍ ലഭ്യമാണ്.

8 വര്‍ഷം വരെ പഴക്കമുള്ള വാഹനങ്ങള്‍ക്ക് 2 വര്‍ഷത്തേക്കും 8 വര്‍ഷത്തിലേറെ പഴക്കമുള്ള വാഹനങ്ങള്‍ക്ക് ഒരു വര്‍ഷത്തേക്കും ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് നല്‍കും. 15 വര്‍ഷത്തില്‍ കൂടുതലുള്ള വാഹനങ്ങള്‍ പൊളിച്ചു കളഞ്ഞതായി സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയാല്‍ പുതിയ വാഹനത്തിന് റജിസ്‌ട്രേഷന്‍ ഫീസില്ല. ബസുകളില്‍ വീല്‍ ചെയര്‍ കയറ്റാന്‍ സൗകര്യമടക്കം അംഗപരിമിതര്‍ക്കു കൂടുതല്‍ സൗകര്യങ്ങളേര്‍പ്പെടുത്താനും നിര്‍ദേശമുണ്ട്.

ഇരുചക്രവാഹനം റജിസ്‌ട്രേഷന്‍ 1000 രൂപ (50) പുതുക്കല്‍ 2000 രൂപ (50), മുച്ചക്രവാഹനങ്ങള്‍ റജിസ്‌ട്രേഷന്‍ 5000 രൂപ (300) പുതുക്കല്‍ 10000 രൂപ (300),എല്‍എംവി നോണ്‍ ട്രാന്‍സ്‌പോര്‍ട്ട് റജിസ്‌ട്രേഷന്‍ 5000 രൂപ(600) പുതുക്കല്‍ 15,000(600),എല്‍എംവി ട്രാന്‍സ്‌പോര്‍ട്ട് റജിസ്‌ട്രേഷന്‍ 10000(1000) പുതുക്കല്‍ 15,000 (1000),മീഡിയം ഗുഡ്‌സ്പാസഞ്ചര്‍ റജിസ്‌ട്രേഷന്‍ 20,000 രൂപ(1000) പുതുക്കല്‍ 40,000 (1000). എന്നിങ്ങനെയാണ് പുതിയ നിരക്കുകള്‍

Leave a Reply

Your email address will not be published. Required fields are marked *