ന്യൂഡൽഹി:
കോൺഗ്രസ് നാഥനില്ലാക്കളരിയായെന്ന് തുറന്നടിച്ച് ശശി തരൂർ എംപി. പാർട്ടി അധ്യക്ഷനെ ഇതുവരെ കണ്ടെത്താൻ സാധിക്കാത്തതിൽ കടുത്ത നിരാശയുണ്ടെന്നും തരൂർ പറഞ്ഞു.പ്രിയങ്ക ഗാന്ധി കോൺഗ്രസ്സ് പ്രസിഡന്റാകണമെന്നാണ് തരൂരിന്റെ അഭിപ്രായം. എട്ടാഴ്ച പിന്നിട്ടിട്ടും അധ്യക്ഷനെ കണ്ടെത്താനാവാത്തതിൽ കടുത്ത നിരാശയുണ്ടെന്നും ജനാധിപത്യ രീതിയില്‍ തെരഞ്ഞെടുപ്പ് നടത്താന്‍ പാര്‍ട്ടി വാതിലുകള്‍ തുറന്നിടണമെന്നും തരൂര്‍ മാധ്യമങ്ങളോട് പറഞ്ഞു.
നോമിനേറ്റ് ചെയ്തുവരുന്ന പ്രസിഡന്റ് ഇനി വേണ്ട, സംഘടനാ തെരഞ്ഞെടുപ്പിലൂടെ പ്രസിഡന്റ് ഉണ്ടാവണം. പ്രസിഡന്റിനായി പാര്‍ട്ടി ജനങ്ങളെ സമീപിക്കട്ടെയെന്നാണ് തരൂർ പറയുന്നത്. ജനങ്ങൾക്ക് വിശ്വാസമുള്ളയാൾ അധ്യക്ഷനാവണം സംഘടനയെ ഒരു യുവാവ് നയിക്കാൻ സമയമായെന്നും തരൂർ വ്യക്തമാക്കുന്നു. താൻ പാർട്ടി അധ്യക്ഷനാകാനില്ലെന്നും എന്നാൽ പ്രവർത്തക സമിതിയിൽ പ്രവർത്തിക്കാൻ തയാറാണെന്നും അദ്ദേഹം പറഞ്ഞു.
ജനങ്ങള്‍ കോണ്‍ഗ്രസിനെ ഉറ്റുനോക്കുന്നു എന്ന് നേതൃത്വം മനസ്സിലാക്കണമെന്ന് ആവശ്യപ്പെട്ട തരൂർ, കര്‍ണാടകത്തിലും ഗോവയിലും തിരിച്ചടിയുണ്ടായത് നാഥനില്ലാത്തതിനാലാണെന്നും അഭിപ്രായപ്പെടുന്നു. എന്നാൽ ആർക്കും ഇതൊന്നും തുറന്നു പറയാൻ ധൈര്യമില്ലെന്നും തരൂർ വ്യക്തമാക്കി.