ന്യൂഡല്‍ഹി:
ഭാര്യ നൽകിയ കേസിനെ തുടർന്ന്, യു.എസ്.വിസ നിഷേധിക്കപ്പെട്ട ഇന്ത്യന്‍ പേസ് ബൗളര്‍ മുഹമ്മദ് ഷമിയ്ക്ക്, ഇനി തടസങ്ങളൊന്നുമില്ല. ബി.സി.സി.ഐ. ഇടപെട്ട് പ്രശ്നത്തിന് പരിഹാരം കണ്ടെത്തിയതിനെത്തുടര്‍ന്ന് ഷമിയ്ക്ക് വിസ അനുവദിച്ചു.
ഷമിയ്ക്കെതിരെ ഗാര്‍ഹിക പീഡനവും പരസ്ത്രീ ബന്ധവുമുള്‍പ്പെടെയുള്ള കേസുകളായിരുന്നു ഉണ്ടായിരുന്നത്. അതിനാലാണ്, താരത്തിന് വിസ നിഷേധിച്ചത്. എന്നാൽ, ഇന്ത്യൻ ദേശീയ ക്രിക്കറ്റ് ബോർഡായ ബി.സി.സി.ഐയുടെ ഇടപെടല്‍ ഇതിനെ തുടർന്ന് ഉണ്ടാവുകയായിരുന്നു. ബി.സി.സി.ഐ., സി.ഇ.ഒ. ആയ രാഹുല്‍ ജോഹ്രി, ഷമിയുടെ ലോകകപ്പ് പങ്കാളിത്തത്തിനൊപ്പം കേസിന്റെ വിശദവിവരങ്ങളും ഉള്‍പ്പെടുത്തി യു.എസ്. എംബസിക്ക് കത്തയച്ചു, അങ്ങനെ, താരത്തിന് വിസ അനുവദിച്ചു കിട്ടുകയായിരുന്നു.
താരത്തിന്റെ പോലീസ് വെരിഫിക്കേഷന്‍ റെക്കോഡിലെ പ്രശ്‌നങ്ങൾ കാരണം, ഷമി ആദ്യം നല്‍കിയ അപേക്ഷ യു.എസ്. എംബസി തള്ളുകയായിരുന്നു. ഇപ്പോൾ, അന്താരാഷ്ട്ര കായിക താരങ്ങള്‍ക്കുള്ള വിസയാണ് ഷമിക്ക് ലഭിച്ചിട്ടുള്ളത്.
പരസ്ത്രീ ബന്ധം, ഗാര്‍ഹിക പീഡനം, ഒത്തുകളി എന്നിവയുൾപ്പെടെയുള്ള ആരോപണങ്ങൾ ഉന്നയിച്ചു ഷമിയുടെ ഭാര്യ ഹസിന്‍ ജഹാൻ കേസ് കൊടുത്തിരുന്നു. എന്നാൽ, ഈ വിഷയത്തില്‍ അന്വേഷണം നടത്തിയ ബി.സി.സി.ഐ. താരത്തിന് ക്ലീന്‍ ചിറ്റ് നല്‍കി ടീമിൽ തിരികെയെടുത്തിരുന്നു. കഴിഞ്ഞ വേൾഡ് കപ്പിൽ മികച്ച പ്രകടനമായിരുന്നു ഷമിയുടേത്. അദ്ദേഹത്തിനെതിരെ കേസ് ഇപ്പോഴും നിലവിലുണ്ട്.