Fri. Nov 22nd, 2024
തിരുവനന്തപുരം:

ദേശീയപാത വികസനത്തിനു കേരളത്തിന്റെ വിഹിതം കിഫ്ബിയില്‍ നിന്നു നല്‍കാന്‍ ധാരണ. ദേശീയ പാത വികസനത്തിന് ഭൂമി ഏറ്റെടുക്കാന്‍ സംസ്ഥാനത്തോടു കേന്ദ്രം ആവശ്യപ്പെട്ട 5400 കോടി രൂപയാണ് കിഫ്ബിയില്‍ നിന്നു നല്‍കുന്നത്.ഇതു സംബന്ധിച്ച ഫയലില്‍ ധനമന്ത്രിയും മുഖ്യമന്ത്രിയും ഒപ്പിട്ടു. 20നു കിഫ്ബി യോഗം പണം അനുവദിക്കും. ആദ്യമായാണ് കേന്ദ്ര പദ്ധതിക്കായി കിഫ്ബിയില്‍ നിന്നു പണം ചെലവിടുന്നത്.

മലയോര ഹൈവേയ്ക്കായി മാറ്റിവച്ച ഫണ്ടില്‍നിന്നു വിഹിതമെടുത്തു ദേശീയപാതയ്ക്കു പണം നല്‍കുമെന്ന് മന്ത്രി ജി. സുധാകരന്‍ മുന്‍പ് പറഞ്ഞിരുന്നെങ്കിലും ആ തുക തൊടേണ്ടെന്നാണു പുതിയ തീരുമാനം. പകരം, കിഫ്ബിക്കു കീഴിലെ വിവിധ പദ്ധതികളുടെ ഭൂമി ഏറ്റെടുക്കലിനായി വേണ്ടിവരുമെന്നു കരുതിയിരുന്ന 13,000 കോടി രൂപയില്‍ നിന്നാണ് ദേശീയപാതയ്ക്ക് 5,400 കോടി നല്‍കുക. കിഫ്ബിയില്‍നിന്നു ചെലവിടുന്ന പണം ടോള്‍ പിരിച്ചും മറ്റും എങ്ങനെ തിരിച്ചു പിടിക്കാമെന്നു കേന്ദ്രവുമായി ചര്‍ച്ച നടത്തും.

ദേശീയപാതകള്‍ നിര്‍മിക്കുമ്പോള്‍ ദേശീയോദ്യാനങ്ങള്‍, വന്യജീവി സങ്കേതങ്ങള്‍, വന്യജീവി ഇടനാഴികള്‍ എന്നിവ പരമാവധി ഒഴിവാക്കണമെന്ന് കേന്ദ്ര ഗതാഗത, ദേശീയപാത വകുപ്പിന്റെ നിര്‍ദേശമുണ്ട്. ഇതിനായി കൂടുതല്‍ ദൂരം റോഡ് നിര്‍മിക്കേണ്ടി വന്നാല്‍ പോലും ഈ പ്രദേശങ്ങളെ ഒഴിവാക്കണമെന്നാണ് ഇതു സംബന്ധിച്ച സര്‍ക്കുലറില്‍ പറയുന്നത്. റോഡ് നിര്‍മാണത്തിന്റെ പ്രാരംഭഘട്ട ആസൂത്രണത്തില്‍ തന്നെ ഇക്കാര്യം ശ്രദ്ധിക്കണം. വന്യജീവി മേഖലകള്‍ ഒഴിവാക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ വന്യജീവി സംരക്ഷണ നിയമം, വനസംരക്ഷണ നിയമം, പരിസ്ഥിതി സംരക്ഷണ നിയമം എന്നിവ അനുശാസിക്കുന്ന എല്ലാ അനുമതികളും ലഭ്യമാക്കിയ ശേഷമേ പണി തുടങ്ങാവൂ.

ഈ പ്രദേശങ്ങളിലൂടെ നിര്‍മിക്കുന്ന ദേശീയ പാതകള്‍ക്കു 30 മീറ്ററില്‍ കൂടുതല്‍ വീതി പാടില്ല.ദേശീയപാത അടക്കമുള്ള അടിസ്ഥാന സൗകര്യവികസന പദ്ധതികള്‍ നടപ്പാക്കുമ്ബോള്‍ വന്യജീവികളുടെ സംരക്ഷണം ഉറപ്പാക്കാന്‍ സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍ സംബന്ധിച്ചു ഡെറാഡൂണിലെ വൈല്‍ഡ് ലൈഫ് ഇന്‍സ്റ്റിറ്റ്യൂട്ട് തയാറാക്കിയ കരടു വ്യവസ്ഥകള്‍ നിര്‍മാണത്തിന്റെ ആദ്യഘട്ടം മുതലേ പാലിക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്

 

Leave a Reply

Your email address will not be published. Required fields are marked *