ബെംഗളൂരു:
കര്‍ണാടക സ്പീക്കര്‍ കെ.ആര്‍. രമേശ് കുമാറിനെതിരെ ബി.ജെ.പി. അവിശ്വാസ പ്രമേയം കൊണ്ടുവന്നേക്കുമെന്ന് സൂചന. തിങ്കളാഴ്ച വിശ്വാസവോട്ടെടുപ്പ് തേടുമെന്ന് യെദ്യൂരപ്പ പ്രഖ്യാപിച്ചു. സ്പീക്കർ സ്വയം രാജിവെക്കാന്‍ തയ്യാറായില്ലെങ്കില്‍ അവിശ്വാസ പ്രമേയം കൊണ്ടുവരാനാണ് ബി.ജെ.പി. ശ്രമിക്കുന്നത്. ഇക്കാര്യം ഒരു ബി.ജെ.പി. എം.എല്‍എ. അറിയിച്ചതായി പി.ടി.ഐ. റിപ്പോര്‍ട്ട് ചെയ്തു.
നിയമസഭയിൽ ഭൂരിപക്ഷം തെളിയിക്കുക എന്നതായിരിക്കും ബി.ജെ.പി.യുടെ ആദ്യ ചുവടുവയ്പ്പ്. തുടര്‍ന്ന്, ധനബില്‍ പാസാക്കുകയും. ശേഷം, സ്പീക്കര്‍ രാജിവെക്കുമോ ഇല്ലയോ എന്ന് നോക്കി, അതിനുശേഷം ഭാവി നടപടികളിലേക്ക് പോകുമെന്നും ബി.ജെ.പി. എം.എല്‍.എ. പറയുന്നു. എന്നാല്‍, വിവരം നൽകിയ എം.എല്‍.എ. സ്വന്തം പേര് വെളിപ്പെടുത്താന്‍ തയ്യാറായിട്ടില്ല.
പ്രതിപക്ഷ പാര്‍ട്ടിയില്‍ പെട്ട ഒരംഗത്തെ സ്പീക്കറായി എങ്ങനെയാണ് നിലനിര്‍ത്താൻ കഴിയുകയെന്ന് അദ്ദേഹം ചോദിക്കുന്നു. സഭയില്‍ ഭൂരിപക്ഷം തെളിയിച്ചതിന് ശേഷം സ്പീക്കറിനെതിരെ അവിശ്വാസം കൊണ്ടുവരുന്നത് പരിഗണിക്കും എന്ന് എം.എല്‍.എ. വ്യക്തമാക്കി.
16 ഭരണപക്ഷ എം.എല്‍.എ.മാര്‍ സര്‍ക്കാരിനെതിരെ തിരിഞ്ഞാണ് കര്‍ണാടകയിൽ സഖ്യസര്‍ക്കാര്‍ താഴെവീഴാൻ കാരണമായത്. സഖ്യസര്‍ക്കാരിന്റെ പതനത്തിന് പിന്നാലെ വെള്ളിയാഴ്ച അപ്രതീക്ഷിതമായി യെദ്യൂരപ്പ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുകയായിരുന്നു. ഏകദേശം, 13 മാസത്തോളമാണ് കോണ്‍ഗ്രസ്- ജെ.ഡി.എസ്. സഖ്യസർക്കാർ ഭരണത്തിലുണ്ടായിരുന്നത്.