ഡല്‍ഹി :
മോദി സര്‍ക്കാരിനെ അനുകൂലിച്ച് 62 പ്രമുഖ കലാകാരന്മാര്‍ ഒപ്പിട്ട കത്ത്. ബോളിവുഡ് നടി കങ്കണാ റണാവത്തിന്റെ നേതൃത്വത്തിലാണ് കത്തെഴുതിയത്. മുദ്രാവാക്യങ്ങള്‍ മുഴക്കിയുള്ള ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ വ്യാപകമാകുന്നതിനെതിരെ, 49 കലാകാരന്മാര്‍ പ്രധാനമന്ത്രിക്ക് കത്തെഴുതിയിരുന്നു. അതിനെതിരെയാണ് ഈ കത്ത് ഇപ്പോള്‍ രംഗത്ത് വന്നത്. നേരത്തെ രാഷ്ട്രീയപ്രേരിതമായാണ് അത്തരമൊരു കത്തെഴുതപ്പെട്ടതെന്നും തെറ്റായ ധാരണകള്‍ പരത്തുകയാണ് അവരുടെ ലക്ഷ്യമെന്നും ആരോപിച്ച് 62 പേര്‍ ഒപ്പിട്ട കത്താണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.
കേന്ദ്ര സെന്‍സര്‍ ബോര്‍ഡ് അധ്യക്ഷന്‍ പ്രസൂണ്‍ ജോഷി, സംവിധായകരായ മധുര്‍ ഭണ്ഡാര്‍കര്‍, വിവേക് അഗ്‌നഹോത്രി, നര്‍ത്തകിയും രാജ്യസഭാ എംപിയുമായ സോണാല്‍ മാന്‍സിങ് എന്നിവരടക്കമുള്ള പ്രമുഖര്‍ കത്തില്‍ ഒപ്പിട്ടിട്ടുണ്ട്. മുന്‍പെങ്ങുമില്ലാത്ത വിധത്തിലുള്ള സ്വാതന്ത്ര്യം മോദിയുടെ ഭരണകാലത്തുണ്ട്. വിയോജിപ്പുകള്‍ പ്രകടിപ്പിക്കാനും സര്‍ക്കാരിനെ വിമര്‍ശിക്കാനും അധിക്ഷേപിക്കാന്‍ പോലും സ്വാതന്ത്ര്യം രാജ്യത്തുണ്ടെന്നും കത്തില്‍ പറയുന്നു.
ജൂലായ് 23ന് പുറത്തുവിട്ട ഒരു തുറന്ന കത്ത് ഞങ്ങളെ അത്ഭുതപ്പെടുത്തിയിരിക്കുകയാണ്. രാജ്യത്തിന്റെ സ്വയംപ്രഖ്യാപിത സംരക്ഷകരും മനഃസാക്ഷി സൂക്ഷിപ്പുകാരുമായ 49 പേര്‍ അവരുടെ പക്ഷപാതപരമായ താല്‍പര്യങ്ങളും രാഷ്ട്രീയമായ പക്ഷപാതിത്വങ്ങളും പ്രകടിപ്പിച്ചുകൊണ്ടാണ് എഴുതിയിരിക്കുന്നത്.
മൂന്ന് ദിവസം മുമ്പ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് എഴുതിയ കത്താണ് ഇത്തരമൊരു മറുപടി എഴുതുന്നതിന് തങ്ങളെ പ്രേരിപ്പിച്ചിരിക്കുന്നത്. രാഷ്ട്രത്തിന്റെ സംരക്ഷകരെന്ന് സ്വയം വിശ്വാസിക്കുന്ന ചിലര്‍ കൃത്യമായ രാഷ്ട്രീയ, സ്ഥാപിത താത്പര്യത്തോടെയാണ് ഇത്തരമൊരു കത്തെഴുതിയിരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് വേണ്ടി ചെയ്യുന്ന കാര്യങ്ങള്‍ വിലകുറച്ച് കാണാന്‍ വേണ്ടി മാത്രമാണ് ഇത്തരമൊരു കത്തെഴുതിയിരിക്കുന്നതെന്ന് വ്യക്തമാണ്. ആദിവാസികളും പാര്‍ശ്വവത്കരിക്കപ്പെട്ടവരും മാവോവാദികളുടെ ആക്രമണത്തിന് ഇരയായപ്പോള്‍ ഇവര്‍ എവിടെയായിരുന്നു. കശ്മീരിലെ വിദ്യാലയങ്ങള്‍ ചുട്ടെരിക്കാന്‍ ആഹ്വാനം ചെയ്തപ്പോഴും ഇന്ത്യയെ വിഭജിക്കാനുള്ള ആവശ്യമുയര്‍ന്നപ്പോഴുമെല്ലാം ഇവര്‍ നിശബ്ദത പാലിക്കുകയായിരുന്നെന്നും കത്തില്‍ ആരോപിക്കുന്നു.
ശ്രീരാമന്റെ പേര് രാജ്യത്ത് കൊലകള്‍ നടത്താനുള്ള പോര്‍വിളിയായി മാറിയിരിക്കുകയാണെന്നും, ഇത് തടയണമെന്നും ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണനും, നടി രേവതിയുമുള്‍പ്പെടെ 49 സിനിമാ പ്രവര്‍ത്തകര്‍ കത്തെഴുതിയിരുന്നു. രേവതിയ്ക്കും അടൂരിനും പുറമെ, ശ്യാം ബെനഗല്‍, ബോളിവുഡ് സംവിധായകന്‍ അനുരാഗ് കശ്യപ്, സംവിധായിക അപര്‍ണ സെന്‍, നടി കൊങ്കണ സെന്‍ ശര്‍മ്മ, സൗമിത്രോ ചാറ്റര്‍ജി എന്നിവരും കത്തില്‍ ഒപ്പുവച്ചിരുന്നു.