ഡല്‍ഹി:
കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പ് ഉടനുണ്ടാകുമെന്ന് സൂചനകള്‍. വിദേശത്തായിരുന്ന രാഹുല്‍ ഗാന്ധിയും ബംഗളൂരുവിലായിരുന്ന മുതിര്‍ന്ന നേതാക്കളും ഡല്‍ഹിയില്‍ തിരിച്ചെത്തിയിട്ടുണ്ട്.കര്‍ണാടക പ്രതിസന്ധി തീര്‍ന്നതിനാല്‍ ഉടന്‍ കോണ്‍ഗ്രസ്സ് പ്രവര്‍ത്തക സമിതി ചേര്‍ന്നേക്കും. പ്രവര്‍ത്തക സമിതി വിളിച്ച് അധ്യക്ഷനെ തെരഞ്ഞെടുപ്പക്കണമെന്ന ആവശ്യവും ശക്തമാണ്.
കോണ്‍ഗ്രസ് അധ്യക്ഷപദം സംബന്ധിച്ച് അഹമ്മദ് പട്ടേലിന്റെ നേതൃത്വത്തില്‍ പല തവണ ചര്‍ച്ച നടത്തിയിട്ടും ഒറ്റ പേരിലേക്ക് ഇതുവരെ എത്തിച്ചേരാനായിട്ടില്ല. നേതാക്കളില്‍ ഒരു വിഭാഗം പ്രിയങ്ക ഗാന്ധിയുടെ പേര് ഉയര്‍ത്തിയെങ്കിലും പ്രിയങ്ക തയ്യാറായില്ല. ഗാന്ധി കുടുംബത്തിന് പുറത്തുനിന്ന് അധ്യക്ഷന്‍ വരട്ടെ എന്ന രാഹുല്‍ ഗാന്ധിയുടെ നിലപാടാണ് പ്രിയങ്കക്കും.
നിലവില്‍ ഏഴ് പേരുകളാണ് പരിഗണനയിലുള്ളത്.കേരളത്തിന്റെ ചുമതലയുള്ള ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്നിക്കിന്റെ പേരിനാണ് മുന്‍തൂക്കം.യുവാക്കള്‍ക്കും മുതിര്‍ന്നവര്‍ക്കും സ്വീകാര്യന്‍, താഴെ തട്ടില്‍നിന്നും ഉയര്‍ന്നു വന്ന നേതാവ്, ഗാന്ധി കുടുംബത്തിന്റെ വിശ്വസ്തന്‍ എന്നിവയാണ് അനുകൂല ഘടകങ്ങള്‍. മുന്‍ കേന്ദ്ര ആഭ്യന്തരമന്ത്രിയും മുതിര്‍ന്ന ദളിത് നേതാവുമായ സുശീല്‍ കുമാര്‍ ഷിന്‍ഡെയും പരിഗണന പട്ടികയിലുണ്ട്. പ്രായമാണ് ഷിന്‍ഡെക്ക് തടസം. നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന മഹാരാഷ്ട്രയില്‍ നിന്നുള്ള നേതാക്കളാണ് ഇരുവരും.
മല്ലികാര്‍ജുന്‍ ഖാര്‍ഗെ, ദിഗ്വിജയ് സിങ്, കുമാരി ഷെല്‍ജ, സച്ചിന്‍ പൈലറ്റ്, ജോതിരാദിത്യ സിന്ധ്യ എന്നിവരാണ് പട്ടികയില്‍ ശേഷിക്കുന്നവര്‍.