Sat. Apr 27th, 2024
തിരുവനന്തപുരം: സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണനെ ചന്ദ്രനിലേക്ക് പൊയ്ക്കൊള്ളാൻ പറഞ്ഞ ബി.ജെ.പി. വക്താവിനോട് ടിക്കറ്റ്എടുത്ത തന്നാൽ പോവാമെന്ന് സംവിധായകന്റെ മറുപടി. ആള്‍ക്കൂട്ട ആക്രമണത്തിനെതിരെ കഴിഞ്ഞ ദിവസം അടൂരുൾപ്പെടെ 49 ചലച്ചിത്ര സാംസ്കാരിക പ്രവർത്തകർ പ്രധാനമന്ത്രിക്ക് കത്തയച്ചിരുന്നു, ജയ്ശ്രീറാം വിളിപ്പിച്ചുള്ള ആള്‍ക്കൂട്ട ആക്രമണമടക്കം സമീപകാലത്ത് രാജ്യത്ത് നടക്കുന്ന ദാരുണസംഭവങ്ങളില്‍ ശ്രദ്ധപതിയണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ളതായിരുന്നു കത്തിന്റെ സാരാംശം. ഇതിനു ശേഷമായിരുന്നു , ബിജെപി വക്താവ് അഡ്വ. ബി ഗോപാലകൃഷ്ണൻ , ജയ്ശ്രീറാം വിളി കേൾക്കാൻ ഇഷ്ടപെടുന്നില്ലെങ്കിൽ അടൂർ ചന്ദ്രനിലേക്ക് പോയ്കൊള്ളുവെന്ന് പറഞ്ഞിരുന്നത്. എന്നാൽ ഉടനെ തന്നെ അദ്ദേഹത്തിന് മറുപടിയും ലഭിക്കുകയായിരുന്നു.

ന്യൂനപക്ഷത്തിനുമേല്‍ അകാരണമായി നടക്കുന്ന ആക്രമണങ്ങളും അപമാനിക്കലും കൊലപ്പെടുത്തലും സ്വതന്ത്ര ജനാധിപത്യ രാജ്യത്തിന് ചേര്‍ന്നതല്ലാ, അടൂർ പറയുന്നു, മുമ്പ് പ്രതികരിക്കാതിരുന്നത് തങ്ങള്‍ പ്രതികരണ തൊഴിലാളികളല്ല എന്നതിനാലാണ്. പല രംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്നവരായ തങ്ങളാരും രാഷ്ട്രീയക്കാരല്ല. സ്വതന്ത്രമായി ജീവിക്കാനുള്ള അവസരം എല്ലാവർക്കുമുണ്ടാവണം. അതിന്റെ നിഷേധം തെറ്റാണ്.

ഇനിയെങ്കിലും സര്‍ക്കാര്‍ നടപടികൾ സ്വീകരിക്കുന്നില്ലെങ്കില്‍ വലിയ അരാജകത്വത്തിലേക്കും കലാപത്തിലേക്കും കാര്യങ്ങള്‍ പോകാനിടയുണ്ട്.ആര്‍ക്കും നിയന്ത്രിക്കാന്‍ കഴിയാതെയാവും വലിയ വില കൊടുക്കേണ്ടിവരും.

ആള്‍ക്കൂട്ട ആക്രമണങ്ങള്‍ നടത്തിയ ഒരുപാടുപേര്‍ യാതൊരു നടപടികള്‍ക്കും വിധേയരാവാതെ രക്ഷപ്പെടുന്നുണ്ട്. അത് പലര്‍ക്കും പ്രോത്സാഹനമാകുന്നു. ആള്‍ക്കൂട്ടമാകുമ്പോള്‍ ആരും ശിക്ഷിക്കപ്പെടില്ലന്ന് പലരും കരുതുന്നു.

കേന്ദ്രത്തില്‍നിന്ന് ഒന്നും കിട്ടാത്തതിനാലാണ് താൻ കത്തയച്ചതെന്ന് പറഞ്ഞ നേതാവിന് അറിയാത്ത ഒരു കാര്യമുണ്ട്. തനിക്ക് ഇനി അവാര്‍ഡുകളൊന്നും കിട്ടാനില്ല. സംവിധായകനെന്ന നിലയില്‍ കിട്ടാവുന്ന അവാര്‍ഡുകളെല്ലാം കിട്ടിക്കഴിഞ്ഞു. ഇനി എന്തെങ്കിലും ഭക്ഷണ സാധനങ്ങള്‍ പാഴ്‌സലായി അയയ്‌ക്കേണ്ടിവരും. ഭൂതകാലത്തില്‍ പലതും അങ്ങനെ നടന്നിട്ടുണ്ട്. അതൊന്നും ആവര്‍ത്തിക്കരുത്.

നേരിട്ട് ആരും വിളിച്ച് ഭീഷണിപ്പെടുത്തിയിട്ടില്ല, ഹിന്ദി ചാനലുകളില്‍നിന്ന് തന്നെ പലരും വിളിച്ചു. പലരും ക്ഷോഭിച്ചു. പലര്‍ക്കും ഭ്രാന്തായിട്ടുണ്ടെന്നാണ് ക്ഷോഭത്തില്‍നിന്ന് മനസിലാകുന്നത്. അവരോട് തനിക്കൊന്നും പറയാനില്ല. അവര്‍ പറയുന്ന ഓരോ അബദ്ധങ്ങള്‍ക്കും മറുപടി പറയേണ്ട ആവശ്യമില്ല, മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിനുള്ള മറുപടിയായി അദ്ദേഹം കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *