ന്യൂഡല്‍ഹി: ഒറ്റയടിക്ക് മൂന്നു തലാഖ് ചൊല്ലി വിവാഹബന്ധം വേര്‍പെടുത്തുന്നത് ക്രിമിനല്‍ കുറ്റമാക്കുന്ന മുത്തലാഖ് ബിൽ ലോക്‌സഭയിൽ പാസാക്കി. 78നെതിരെ 302വോട്ടുകളുടെ ഭൂരിപക്ഷത്തിലായിരുന്നു ബില്‍ പാസായത്.
മൂന്നുവര്‍ഷം വരെ തടവ് മുത്തലാഖ് ചൊല്ലുന്ന പുരുഷന് ലഭിക്കാൻ ബില്ലില്‍ വ്യവസ്ഥയുണ്ട്. കഴിഞ്ഞവര്‍ഷം ഓഗസ്റ്റില്‍ മുത്തലാഖ് നിരോധിച്ചു സുപ്രീം കോടതി പുറപ്പെടുവിച്ച ഉത്തരവിനോടനുബന്ധിച്ചാണ് സര്‍ക്കാര്‍ ബില്‍ കൊണ്ടുവന്നിരുന്നത്.
വിവിധ പ്രതിപക്ഷ കക്ഷികള്‍ ബില്‍ പാസാക്കുന്നതിനെതിരെ രംഗത്തെത്തിയിരുന്നു. ബില്‍ സെലക്ട് കമ്മിറ്റിക്കു വിടണമെന്നും കൂടുതൽ സൂഷ്മനിരീക്ഷണത്തിനായി അതിനെ വിധേയമാക്കണമെന്നും ഇത് അംഗീകരിക്കാനാവാത്തതാണെന്നും പ്രതിപക്ഷം അറിയിച്ചു.
ബില്‍ സഭയില്‍ അവതരിപ്പിച്ചത് കേന്ദ്ര നിയമമന്ത്രി രവിശങ്കര്‍ പ്രസാദാണ്. ലിംഗനീതിക്കു വേണ്ടിയുള്ള ബില്ലാണിതെന്ന് എന്ന് അദ്ദേഹം അവതരണവേളയില്‍ പറഞ്ഞു. പാകിസ്താനും മലേഷ്യയും ഉള്‍പ്പെടെ ലോകത്തെ ഇരുപത് മുസ്‌ലിം രാജ്യങ്ങളില്‍ മുത്തലാഖ് നിരോധിച്ചിട്ടുണ്ട്. പിന്നെന്തുകൊണ്ട് മതേതര രാജ്യമായ ഇന്ത്യയില്‍ മുത്തലാഖ് നിരോധിച്ചു കൂടായെന്നും രവിശങ്കര്‍ പ്രസാദ് ചോദിച്ചു.
കോണ്‍ഗ്രസ്, തൃണമൂല്‍ കോണ്‍ഗ്രസ്, ജനതാദള്‍ യുണൈറ്റഡ് എം.പി.മാര്‍ ബില്ലിനെതിരെ പ്രതിഷേധിച്ചു സഭയില്‍നിന്ന് ഇറങ്ങിപ്പോയി. ബില്ലിനെ രാജ്യസഭയില്‍ എതിര്‍ക്കുമെന്ന് ബിജു ജനതാദളും യൈ.എസ്.ആര്‍. കോണ്‍ഗ്രസും മുൻപ് വ്യക്തമാക്കിയിരുന്നു. നിയമമാകുന്നതിന്, രാഷ്ട്രപതിയുടെ അംഗീകാരം ലഭിക്കുകയും രാജ്യസഭയിലും ബിൽ പാസാക്കുകയും വേണം.