Fri. Nov 22nd, 2024
കോട്ടയം:

കോട്ടയം ജില്ലാ പഞ്ചായത്ത്പ്രസിഡന്റായി സെബാസ്റ്റ്യന്‍ കുളത്തിങ്കലിനെ തെരഞ്ഞെടുത്തു.കേരള കോണ്‍ഗ്രസ്സ് എം ജോസ് കെ മാണി വിഭാഗത്തിനാണ് ആദ്യ ടേമില്‍ ഭരിക്കാന്‍ അവസരം കിട്ടിയത് . ഇനി ജില്ലാ പഞ്ചായത്തിന് ഭരണത്തില്‍ ഒന്നരവര്‍ഷം കൂടിയെ ഉളളൂ. ഇതില്‍ 8 മാസം സെബാസ്റ്റ്യന്‍ പ്രസിഡന്റായി തുടരും. പിന്നീട് ജോസഫ് വിഭാഗത്തിന്റെ അജിത് മുതിരമലയാണ് പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് വരുന്നത്.

കേരള കോണ്‍ഗ്രസ്സിലെ പ്രശ്‌നങ്ങള്‍ മുന്‍നിര്‍ത്തി ഇന്നലെ നടക്കേണ്ടിയിരുന്ന തെരഞ്ഞെടുപ്പില്‍ നിന്ന് യുഡിഎഫ് അംഗങ്ങള്‍ വിട്ടുനിന്നിരുന്നു. ഇതേ തുടര്‍ന്ന് രമേശ് ചെന്നിത്തല, ഉമ്മന്‍ ചാണ്ടി, മുല്ലപ്പള്ളി രാമചന്ദ്രന്‍ എന്നിവരുടെ സാന്നിധ്യത്തില്‍ നടന്ന ചര്‍ച്ചയിലാണ് ഇരുവിഭാഗങ്ങളും പ്രസിഡന്റ് സ്ഥാനം പങ്കിടാമെന്ന ധാരണയിലെത്തിയത്.

സമവായത്തില്‍ എത്തിയില്ലെങ്കില്‍ പഞ്ചായത്ത് പ്രസിഡന്റ് പദവി കോണ്‍ഗ്രസ് ഏറ്റെടുക്കുമെന്ന് നേതാക്കള്‍ ഇരുവിഭാഗങ്ങള്‍ക്കും മുന്നറിയിപ്പ് നല്‍കിയതാണ് നിര്‍ണായകമായ തീരുമാനത്തിലേക്ക് എത്തിയത്. വൈകിട്ട് ആറ് മണിക്ക് തുടങ്ങിയ ചര്‍ച്ച പുലര്‍ച്ചെ 2.30ഓടെയാണ് അവസാനിച്ചത്. വൈകിട്ട് ആറ് മണി വരെ പിജെ ജോസഫുമായി ചര്‍ച്ച നടത്തിയ നേതാക്കള്‍ രാത്രി 11 മണിയോടെ ജോസ് കെ മാണിയുമായി കൂടിക്കാഴ്ച നടത്തി. എന്നാല്‍ ഇരുവിഭാഗവും തങ്ങളുടെ നിലപാടില്‍ ഉറച്ചുനിന്നതോടെ പ്രസിഡന്റ് സ്ഥാനം പങ്കിടാമെന്ന നിര്‍ദേശം ഉമ്മന്‍ ചാണ്ടി മുന്നോട്ടുവെക്കുകയായിരുന്നു. ഭരണത്തിന്റെ അവസാനവര്‍ഷം പ്രസിഡന്റ് സ്ഥാനം കേരള കോണ്‍ഗ്രസിനു നല്‍കാന്‍ കോണ്‍ഗ്രസ് പ്രതിനിധി സണ്ണി പാമ്പാടി സ്ഥാനമെഴിഞ്ഞതിനെ തുടര്‍ന്നാണ് പ്രസിഡന്റ് തെരഞ്ഞെടുപ്പിനു കളമൊരുങ്ങിയത്.

Leave a Reply

Your email address will not be published. Required fields are marked *