കൊൽക്കത്ത:
ആൾക്കൂട്ട ആക്രമണത്തെക്കുറിച്ചും, ജയ് ശ്രീരാം എന്നു വിളിക്കാൻ നിർബ്ബന്ധിതരാക്കി ഭീഷണി മുഴക്കുന്നതിനെക്കുറിച്ചും നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രി മോദിയ്ക്കു കത്തെഴുതിയ 49 പ്രമുഖവ്യക്തികളിൽ ഒരാളായ, അഭിനേതാവായ, കൌശിക് സെന്നിന്ന് വധഭീഷണിയുണ്ടായതായി പരാതി.
“ഇന്നലെ എനിക്ക് ഒരു അജ്ഞാതനമ്പറിൽ നിന്നും കോൾ വന്നു. ആൾക്കൂട്ട ആക്രമണത്തിനും, അസഹിഷ്ണുതയ്ക്കും എതിരെ ശബ്ദമുയർത്തുന്നതു ഞാൻ നിർത്തിയില്ലെങ്കിൽ, ഗുരുതരമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്നു ഭീഷണിപ്പെടുത്തി. എന്റെ നടപടികൾ ശരിയായ വഴിക്കല്ലെങ്കിൽ, എന്നെ കൊന്നുകളയുമെന്നു പറഞ്ഞു,” കൌശിക് സെൻ പറഞ്ഞതായി പി.ടി.ഐ. റിപ്പോർട്ടു ചെയ്തു.
ഭീഷണിയെക്കുറിച്ച് അന്വേഷിക്കുമെന്ന് മുതിർന്ന ഒരു പോലീസുദ്യോഗസ്ഥൻ പറഞ്ഞു.
ആൾക്കൂട്ട കൊലപാതകത്തെക്കുറിച്ച്, വിവിധ മേഖലയിൽ പ്രവർത്തിക്കുന്ന, നാല്പത്തൊമ്പതോളം പ്രമുഖവ്യക്തികൾ പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്കു തുറന്ന കത്തെഴുതിയിരുന്നു. ഗായിക ശുഭ മുദ്‌ഗൽ, അഭിനേത്രിയായ കൊങ്കണ സെൻ, സിനിമാസംവിധായകരായ അനുരാഗ് കശ്യപ്, മണി രത്നം, ശ്യാം ബെനഗൽ എന്നിവരും ഉൾപ്പെട്ട ഒരു കൂട്ടം ആളുകളാണ് കത്തെഴുതിയത്.