Mon. Dec 23rd, 2024
#ദിനസരികള്‍ 828

 
എതിര്‍ശബ്ദങ്ങളെ ‘നിയമപരമായിത്തന്നെ’ ഇല്ലായ്മ ചെയ്യുന്നതിനു വേണ്ടി അമിത് ഷാ വളരെ തന്ത്രപൂര്‍വ്വം അരങ്ങൊരുക്കുകയാണ്. എന്‍. ഐ.എ. ഭേദഗതി ബില്ലും യു.എ.പി.എയുടെ പരിഷ്കരണവുമൊക്കെ ജനാധിപത്യ അവകാശങ്ങളിലേക്ക് കടന്നു കയറിക്കൊണ്ട് അത്തരമൊരു അന്തരീക്ഷമുണ്ടാക്കിയെടുക്കാനുള്ള ശ്രമങ്ങളാണ്. ഇപ്പോള്‍ത്തന്നെ ഏതൊരു പൌരന്റേയും അവകാശങ്ങളേയും ലംഘിച്ചുകൊണ്ട് സംസ്ഥാന സര്‍ക്കാറിന്റെ അറിവോ അനുമതിയോ കൂടാതെ കേന്ദ്ര കുറ്റാന്വേഷണ ഏജന്‍സികള്‍ക്ക് കടന്നു കയറി ഇടപെടാനുള്ള അവസരങ്ങള്‍ സൃഷ്ടിക്കുന്നതിന് ആവശ്യമായ ഭേദഗതികള്‍ നടന്നു കഴിഞ്ഞു. ഇനിയും എന്തൊക്കെയാണ് അണിയറയില്‍ ഒരുങ്ങുന്നതെന്നത് അപ്രവചനീയമാണ്. രാജ്യത്തിന്റെ ഫെഡറല്‍ സ്വഭാവത്തെ അട്ടിമറിച്ചുകൊണ്ട് അധികാരം കേന്ദ്രസര്‍ക്കാറിന് കീഴിലേക്ക് മാറ്റിയെടുക്കുകയാണ് അമിത് ഷാ ചെയ്യുന്നത്. ഇത് ഉണ്ടാക്കാന്‍ പോകുന്ന പ്രത്യാഘാതം നാം കാണാതിരുന്നുകൂട.

യു.എ.പി.എയില്‍ വന്ന മാറ്റം സംഘടനകളെ മാത്രമല്ല, ഭീകരപ്രവര്‍ത്തനവുമായി ബന്ധപ്പെട്ടുവെന്ന് എന്‍.ഐ.എ. സംശയിക്കുന്ന ആരേയും ഭീകരന്മാരായി പ്രഖ്യാപിക്കുവാന്‍ അന്വേഷണ ഏജന്‍സിക്ക് അധികാരം നല്കുന്നുവെന്നതാണ്. മുസ്ലിം വിദ്വേഷത്തിന്റെ വഴികളിലൂടെ അധികാരത്തിലേക്ക് നടന്നു കയറിയ വര്‍ഗ്ഗീയ വാദികളുടെ കൈയ്യില്‍ ഈ നിയമം എത്രമാത്രം സ്വതന്ത്രമായി പ്രവര്‍ത്തിക്കുമെന്നത് പ്രധാനപ്പെട്ട ചോദ്യമാണ്. മാത്രവുമല്ല എന്‍.ഐ.എയുടെ ഡയറക്ടര്‍ ജനറല്‍ മാത്രം തീരുമാനിച്ചാല്‍ ഏതൊരു വ്യക്തിയുടേയും സ്വത്തുക്കള്‍ കണ്ടുകെട്ടാനുള്ള അധികാരം അന്വേഷണ ഏജന്‍സികള്‍ക്ക് ലഭിക്കുന്ന സ്ഥിതിവിശേഷം നിലവില്‍ വന്നു. ഫലത്തില്‍ എന്‍.ഐ.എ. ഭേദഗതിയും യു.എ.പി.എയുടെ പരിഷ്കരണവും കൂടിയായപ്പോള്‍ സമാന്തരമായ ഒരു ഭരണ വ്യവസ്ഥ തന്നെയാണ് നടപ്പിലാകുന്നത്. അതിനു നേതൃത്വം കൊടുക്കുന്നത് കുടിലബുദ്ധിക്കാരനായ അമിത് ഷായും കൂട്ടരുമാണെന്നത് വലിയ തലവേദന സൃഷ്ടിക്കുന്ന ഒന്നാണ്.

ഭരണഘടനയെ ഉപയോഗിച്ചുകൊണ്ട് ഭരണഘടനാവിരുദ്ധമായ ചട്ടങ്ങളെ നടപ്പിലാക്കുകയാണ് മോദിയുടെ ഗവണ്‍മെന്റ് ചെയ്തുകൊണ്ടിരിക്കുന്നത്. ഫലത്തില്‍ നമ്മുടെ ഭരണ ഘടന വെറും നോക്കുകുത്തിയായി അട്ടിമറിക്കപ്പെടുന്നു. നിയമപരമായി വ്യവസ്ഥപ്പെടുത്തിയ പൌരാവകാശങ്ങളെ ഏതു സമയത്തും ലംഘിക്കാന്‍ കഴിയുന്ന അധികാരമാണ് ഏജന്‍സികള്‍ക്ക് ലഭ്യമാക്കിയിരിക്കുന്നത്. അല്ലെങ്കില്‍ത്തന്നെ നിലവിലുള്ള നിയമങ്ങളെ ദുരുപയോഗം ചെയ്തുകൊണ്ട് ജനാധിപത്യവിരുദ്ധമായ എന്തൊക്കെ നടപ്പിലാക്കാം എന്നതിന് ഐ.പി.എസ്. ഓഫീസറായിരുന്ന സഞ്ജീവ് ഭട്ട് ഉദാഹരണമാണ്. ബി.ജെ.പിയുടെ ഇംഗിതങ്ങള്‍ക്ക് വഴങ്ങിയില്ല എന്ന ഒരൊറ്റ കാരണം കൊണ്ട് അദ്ദേഹം വളരെ ക്രൂരമായി ശിക്ഷിക്കപ്പെട്ടു. നിലവിലുള്ള സാഹചര്യം തന്നെ ഇങ്ങനെയാണെങ്കില്‍ ‘പരിഷ്കരിക്കപ്പെട്ട’ നിയമങ്ങളുണ്ടാക്കുന്ന അപകടങ്ങള്‍ എത്ര വലുതായിരിക്കുമെന്ന് ചിന്തിച്ചു നോക്കുക

കോണ്‍ഗ്രസു തന്നെയാണ് യു.എ.പി.എയും കൊണ്ടുവന്നതെന്നത് നാം കാണാതിരുന്നുകൂടാ. അന്നുതന്നെ ഈ നിയമമുപയോഗിച്ചുകൊണ്ട് കടുത്ത മനുഷ്യാവകാശ ലംഘനങ്ങള്‍ നടക്കാനുള്ള സാധ്യതകള്‍ പലരും വിലയിരുത്തിയതാണ്. എന്നാല്‍ അതൊന്നും തന്നെ മുഖവിലക്കെടുക്കാതെ യു.പി.എ. സര്‍ക്കാര്‍ അവഗണിച്ചു. ഇപ്പോള്‍ അമിത് ഷായും കോണ്‍ഗ്രസ് കൊണ്ടുവന്ന നിയമമാണ് എന്നാണ് വാദിക്കുന്നത്. താനതില്‍ ചെറിയ തിരുത്തലുകളേ വരുത്തിയിട്ടുള്ളുവെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി കൂട്ടിച്ചേര്‍ക്കുന്നു.

സംസ്ഥാനങ്ങള്‍ ഈ പരിഷ്കരണങ്ങളിലൊക്കെ വേണ്ടത്ര ശ്രദ്ധിക്കുന്നുണ്ടോയെന്നതാണ് മറ്റൊരു പ്രശ്നം. അവരുടെ അവകാശങ്ങളും അധികാരങ്ങളുമാണ് അമിത് ഷാ കവര്‍ന്നുകൊണ്ടു പോകുന്നത്. മോട്ടോര്‍ വെഹിക്കിള്‍ നിയമ ഭേദഗതിയടക്കമുള്ളവ അങ്ങനെ ആവിഷ്കരിക്കപ്പെട്ടവയാണ്. ഇതിനെതിരെ ശക്തമായ പ്രതിഷേധങ്ങള്‍ ഉയരേണ്ടതാണ്. എന്നാല്‍ പൊതുവേ പ്രതികരണങ്ങളൊന്നുമില്ലാതെ ശാന്തമായിരിക്കുന്ന നമ്മുടെ രാഷ്ട്രീയാന്തരീക്ഷം സ്വതന്ത്ര ചിന്താഗതിക്കാരെ ഭയപ്പെടുത്തുന്നതാണ്.

എന്തായാലും, അമിത് ഷാ നടത്തുന്ന പരിഷ്കരണങ്ങള്‍ തുറന്ന മനസ്സോടെയല്ലെന്ന കാര്യം വ്യക്തമാണ്. അത് ഏറെ താമസിയാതെ ഇന്ത്യയെ പൂര്‍ണമായും മതഫാസിസത്തിലേക്ക് നയിക്കുമെന്നതാണ് പേടിപ്പെടുത്തുന്ന വസ്തുത. അതുകൊണ്ടുതന്നെ ഇത്തരത്തിലുള്ള നിയമ ഭേദഗതികള്‍‌ക്കെതിരെ ശക്തമായ പ്രതിഷേധങ്ങള്‍ ഉയരുക തന്നെ ചെയ്യണം.

മനോജ് പട്ടേട്ട്, വയനാട്ടിലെ മാനന്തവാടി സ്വദേശി.

അഭിപ്രായങ്ങൾ ലേഖകന്റേതു മാത്രം.

Leave a Reply

Your email address will not be published. Required fields are marked *