Sat. Apr 20th, 2024
തിരുവനന്തപുരം :

ജയ് ശ്രീറാം വിളി പ്രകോപനപരമായി മാറുന്നതില്‍ ആശങ്ക രേഖപ്പെടുത്തി പ്രധാനമന്ത്രിക്ക് കത്തയച്ച അടൂര്‍ ഗോപാലകൃഷ്ണനെ കടന്നാക്രമിച്ച് ബിജെപി നേതാവ് അഡ്വ. ബി ഗോപാലകൃഷ്ണന്‍. ‘ജയ് ശ്രീറാം’ വിളി സഹിക്കാനാവുന്നില്ലെങ്കില്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ പേര് മാറ്റി അന്യഗ്രഹങ്ങളില്‍ ജീവിക്കാന്‍ പോകുന്നതാണ് നല്ലതെന്ന് ബി ഗോപാലകൃഷ്ണന്‍ പറഞ്ഞു. ഗോപാലകൃഷ്ണന്‍ ഫെയ്‌സ് ബുക്കിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

ഇന്ത്യയില്‍ ജയ്ശ്രീറാം മുഴക്കാന്‍ തന്നെയാണ് ജനങ്ങള്‍ വോട്ട് ചെയ്തത്. ഇനിയും മുഴക്കും. വേണ്ടിവന്നാല്‍ അടൂരിന്റെ വീടിന്റെ മുന്നിലും വിളിക്കും. അത് ജനാധിപത്യ അവകാശമാണെന്നും ബി. ഗോപാലകൃഷ്ണന്‍ ഫെയ്‌സ്ബുക്ക് കുറിപ്പില്‍ പറഞ്ഞു.

ജയ്ശ്രീറാം വിളിപ്പിച്ചുള്ള ആള്‍ക്കൂട്ട ആക്രമണമടക്കം സമീപകാലത്ത് രാജ്യത്ത് നടക്കുന്ന ദാരുണസംഭവങ്ങളില്‍ ശ്രദ്ധപതിയണമെന്ന് ആവശ്യപ്പെട്ട് ചലച്ചിത്ര സാംസ്‌കാരിക പ്രവര്‍ത്തകരായ 49 പേര്‍ കഴിഞ്ഞദിവസം പ്രധാനമന്ത്രിക്ക് കത്ത് നല്‍കിയിരുന്നു. രാമചന്ദ്ര ഗുഹ, അടൂര്‍ ഗോപാലകൃഷ്ണന്‍, മണിരത്‌നം, രേവതി, അപര്‍ണാസെന്‍ തുടങ്ങിയവരാണ് കത്തില്‍ ഒപ്പിട്ടിരുന്നത്.

ബി ഗോപാലകൃഷ്ണന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

ജയ് ശ്രീരാം വിളി സഹിക്കുന്നില്ലങ്കില്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ പേര് മാറ്റി അന്യഗ്രഹങ്ങളില്‍ ജീവിക്കാന്‍ പോകുന്നതാണ് നല്ലത്. കൃഷ്ണനും രാമനും ഒന്നാണ്, പര്യായ പദങ്ങളാണ്, ഇത് രാമായണ മാസമാണ്. ഇന്‍ഡ്യയിലും അയല്‍ രാജ്യങ്ങളിലും ജയ് ശ്രീരാംവിളി എന്നും ഉയരും. എപ്പോഴും ഉയരും കേള്‍ക്കാന്‍ പറ്റില്ലങ്കില്‍ ശ്രീഹരി കോട്ടയില്‍ പേര് രജിസ്ട്രര്‍ ചെയ്ത് ചന്ദ്രനിലേക്ക് പോകാം.

ഇന്‍ഡ്യയില്‍ ജയ് ശ്രീരാം മുഴക്കാന്‍ തന്നെയാണ് ജനങ്ങള്‍ വോട്ട് ചെയ്തത്. ഇനിയും മുഴക്കും. വേണ്ടി വന്നാല്‍ അടൂരിന്റെ വീടിന്റെ മുന്നിലും വിളിക്കും. അത് ജനാധിപത്യ അവകാശമാണ്. ഇന്‍ഡ്യയില്‍വിളിച്ചില്ലങ്കില്‍ പിന്നെ എവിടെ വിളിക്കും. ഗാന്ധിജി ഇന്ന് ഉണ്ടായിരുന്നങ്കില്‍ അടൂരിന്റെ വീട്ട് പടിക്കല്‍ ഉപവാസം കിടന്നേനെ.

സര്‍ ,അങ്ങ് ആദരിക്കപ്പെടേണ്ട സിനിമ സംവിധായകനാണ് പക്ഷെ രാജ്യത്തിന്റെ സംസ്‌കാരത്തെ അപലപിക്കരുത്. ജയ് ശ്രീരാംവിളിച്ചതിന് മമത ഹിന്ദുക്കളെ തടവറയിലിട്ടപ്പോളും. ശരണം വിളിച്ചതിന് പിണറായി 144 പ്രഖ്യാപിച്ച് കേസ്സ് എടുത്തപ്പോളും. സ്വന്തം സഹപാഠിയുടെ നെഞ്ചില്‍ കത്തി ഇറക്കിപ്പോളും താങ്കള്‍ പ്രതികരിച്ചില്ലല്ലൊ ? മൗനവൃതത്തിലായിരുന്നൊ?

ഇപ്പോള്‍ ജയ് ശ്രീരാംവിളിക്കെതിരെ പ്രതികരിക്കുന്നത് കിട്ടാത്ത മുന്തിരിയുടെ കയ്പ് കൊണ്ടാണന്ന് അറിയാം. കേന്ദ്ര സര്‍ക്കാരില്‍ നിന്ന് ഒന്നും കിട്ടാത്തതിനൊ അതൊ കിട്ടാനൊ? പരമപുഛത്തോടെ?

 

Leave a Reply

Your email address will not be published. Required fields are marked *