Thu. Apr 18th, 2024

കുറഞ്ഞ നിരക്കില്‍ ഇന്ത്യയിലെ ഉപയോക്താക്കള്‍ക്ക് സേവനം ലഭ്യമാക്കി നെറ്റ്ഫ്‌ലിക്‌സ്. പ്രതിമാസം വെറും 199 രൂപ നിരക്കിലുളള പ്ലാനാണ് നെറ്റ്ഫ്‌ലിക്‌സ് പ്രഖ്യാപിച്ചത്. മൊബൈല്‍, ടാബ്‌ലെറ്റ് എന്നിവ മാത്രം ഉപയോഗിക്കുന്ന ഉപയോക്താക്കള്‍ക്കാണ് ഈ ഓഫര്‍ ലഭ്യമാകുക. മൊബൈല്‍ മാത്രം ഉപയോഗിച്ച് നെറ്റ്ഫ്‌ലിക്‌സില്‍ എത്തുന്നവര്‍ക്കുളള പ്ലാന്‍ ഏറെ നാളായി തങ്ങളുടെ പരിഗണനയിലായിരുന്നെന്ന് നെറ്റ്ഫ്‌ലിക്‌സ് വ്യക്തമാക്കി. ഇന്ത്യയില്‍ മാത്രമായിട്ടാണ് ഇത്തരത്തിലൊരു 199 രൂപ പ്ലാന്‍ അവതരിപ്പിക്കുന്നത്.

മൊബൈല്‍ മാത്രം ഉപയോഗിച്ചുളള പ്ലാന്‍ അപ്‌ഗ്രേഡ് ചെയ്യാനുളള ഓപ്ഷന്‍ ഇനി നെറ്റ്ഫ്‌ലിക്‌സില്‍ പ്രത്യക്ഷപ്പെടും. ഈ പ്ലാനില്‍ ഓഫ്‌ലൈന്‍ ഡൗണ്‍ലോഡ് സൗകര്യവും ഉണ്ടായിരിക്കുമെന്നും കമ്ബനി അറിയിച്ചിട്ടുണ്ട്. 250 രൂപയ്ക്കാണ് ഈ പ്ലാന്‍ അവതരിപ്പിക്കുക എന്നായിരുന്നു നേരത്തേ പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍.

കംപ്യൂട്ടറിലോ ടിവിയിലോ ഈ പ്ലാന്‍ ഉപയോഗിക്കാന്‍ കഴിയാത്തത് കൊണ്ട് തന്നെ 480p റെസല്യൂഷനോട് കൂടിയുളള വീഡിയോ മാത്രമാണ് ലഭിക്കുക. എച്ച്ഡിയോ 720pയോ അതിന് മുകളിലുളള വീഡിയോകളോ ലഭിക്കില്ല.

ഉപയോക്താക്കളുടെ എണ്ണം വര്‍ധിപ്പിക്കാനാണ് പുതിയ ഓഫറുമായി കമ്പനി രംഗത്തു വന്നിരിക്കുന്നത്. മറ്റു രാജ്യങ്ങളിലെ വിപണികളില്‍ കൊണ്ടു വന്നതിനു സമാനമായ പ്ലാനുകള്‍ ഇന്ത്യന്‍ വിപണിയിലും പരീക്ഷിക്കുമെന്ന് നേരത്തെ നെറ്റ്ഫ്‌ലിക്‌സ് കമ്പനി വ്യക്തമാക്കിയിരുന്നു. ഈ വര്‍ഷം ആദ്യം തിരഞ്ഞെടുക്കപ്പെട്ട ഉപയോക്താക്കള്‍ക്കായി 65 രൂപ മുതലുള്ള പ്രതിവാര മൊബൈല്‍ പ്ലാനുകളും നെറ്റ്ഫ്‌ലിക്‌സ് പുറത്തിറക്കിയിരുന്നു. ഹോട്സ്റ്റാര്‍, ആമസോണ്‍ പ്രൈം വീഡിയോ എന്നിവ കുറഞ്ഞ നിരക്കില്‍ ഓഫറുകള്‍ നല്‍കുന്നത്. നെറ്റ്ഫ്‌ലിക്‌സ് ഉപയോഗത്തില്‍ കുറവുണ്ടാക്കിയിരുന്നു. ഇതേ തുടര്‍ന്നാണ് കുറഞ്ഞ നിരക്കില്‍ സേവനം ലഭ്യമാക്കി കൊണ്ടുള്ള പ്ലാനുകള്‍ നെറ്റ്ഫ്‌ലിക്‌സ്‌നില്‍ കൊണ്ടുവരുന്നത്.

നിലവില്‍ 500രൂപ മുതലാണ് നെറ്റ്ഫ്‌ലിക്‌സ് പ്ലാനുകള്‍ ആരംഭിക്കുന്നത്. 800രൂപ വരെ പ്രീമീയം സര്‍വീസുകള്‍ക്ക് ഓരോ മാസവും ഈടാക്കുന്നുണ്ട്. എന്നാല്‍ 999 രൂപയ്ക്ക് ഒരു വര്‍ഷത്തേക്ക് ഹോട്സ്റ്റാര്‍ പ്രീമിയം സബ്‌സ്‌ക്രിപ്ഷന്‍, ആമസോണ്‍ പ്രൈം വീഡിയോ, സീ5 എന്നിവ ലഭ്യമാണ്. 499 രൂപയാണ് സോണിലൈവ് ഒരു വര്‍ഷത്തേക്ക് ഈടാക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *