Wed. Jan 22nd, 2025
ഡല്‍ഹി:

കേന്ദ്ര ബജറ്റിന് ശേഷമുള്ള ആദ്യ ജി.എസ്.ടി. കൗണ്‍സില്‍ യോഗം ഇന്ന്. വീഡിയോ കോണ്‍ഫറന്‍സ് വഴി നടക്കുന്ന യോഗത്തില്‍ ധനമന്ത്രി നിര്‍മല സീതാരാമന്‍ അധ്യക്ഷത വഹിക്കും. ഇലക്‌ട്രോണിക് വാഹനങ്ങളുടെ ജിഎസ്ടി നിരക്ക് കുറയ്ക്കുന്നതില്‍ തീരുമാനം ഉണ്ടാകും. ലോട്ടറി ജി.എസ്.ടി. ഏകീകരണത്തിന് കേന്ദ്രം ശ്രമിക്കുമെങ്കിലും കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ ശക്തമായി എതിര്‍ക്കും.

36-ാം ജി.എസ്.ടി. കൗണ്‍സിലാണ് ഇന്ന് ചേരുന്നത്. ഇലക്‌ട്രോണിക് വാഹനങ്ങള്‍ക്ക് കേന്ദ്ര ബജറ്റില്‍ നല്‍കിയ ഇളവുകളുടെ അടിസ്ഥാനത്തില്‍ തീരുമാനങ്ങള്‍ കൗണ്‍സിലിലും ഉണ്ടാകും.ജി.എസ്.ടി. നിരക്ക് 12 ല്‍ നിന്ന് 5 ശതമാനം ആക്കി കുറയ്ക്കാന്‍ ആണ് ആലോചന.സോളാര്‍ വൈദ്യുത പദ്ധതികളുടെ ജിഎസ്ടി ഘടനയും പുനഃപരിശോധിക്കും. ദില്ലി ഹൈകോടതി നിര്‍ദേശപ്രകാരമാണിത്. കേരളം നിരന്തരമായി എതിര്‍പ്പ് ഉന്നയിക്കുന്ന ലോട്ടറി നികുതി ഏകീകരണം വീണ്ടും ചര്‍ച്ചയാകും. നികുതി എകീകരണവുമായി ബന്ധപ്പെട്ട് അറ്റോണി ജനറലിനോട് നേരത്തെ ഉപദേശം തേടിയിരുന്നു.എജിയുടെ അഭിപ്രായത്തിന്റെ കൂടി അടിസ്ഥാനത്തിലാകും തുടര്‍നടപടികള്‍. സംസ്ഥാന ലോട്ടറിയുടെ നികുതി 12ല്‍ നിന്ന് 18 ശതമാനമോ 28 ശതമാനമോ ആയി ഉയര്‍ത്താന്‍ ആണ് ഇപ്പോഴത്തെ നീക്കം. ഇത് തുടക്കം മുതല്‍ കേരളം എതിര്‍ക്കുകയാണ്. ഈ നിലപാട് ഇന്നത്തെ യോഗത്തിലും തുടരും. ബിജെപി ഇതര സംസ്ഥാനങ്ങളിലെ ധനമന്ത്രിമാരും വിഷയത്തില്‍ കേരളത്തെ പിന്തുണയ്ക്കും.

Leave a Reply

Your email address will not be published. Required fields are marked *