Reading Time: 4 minutes
കൊച്ചി :

കേരള ഹൈക്കോടതി ജഡ്ജിയായ ജസ്റ്റിസ് ചിദംബരേഷ് കൊച്ചി ഇടപ്പള്ളിയിലെ മാരിയറ്റ് ഹോട്ടലില്‍ നടന്ന തമിഴ് ബ്രാഹ്മണ സഭയുടെ ഗ്ലോബല്‍ മീറ്റിൽ നടത്തിയ ജാതി സംവരണ വിരുദ്ധ പ്രസംഗം വിവാദത്തിൽ. ഭരണഘടനാ പദവി വഹിക്കുന്ന ജസ്റ്റിസ് ആയ ഒരാൾ തന്നെ ഭരണഘടനയിലെ അടിസ്ഥാന വ്യവസ്ഥകളിലൊന്നായ ജാതി സംവരണത്തെ അംഗീകരിക്കുന്നില്ല എന്നതാണ് ഇതിലെ വിരോധാഭാസം.

അവകാശങ്ങൾ നേടിയെടുക്കാൻ ബ്രാഹ്മണ സമുദായം കൂട്ടായി ശബ്ദമുയർത്തേണ്ട സമയമായെന്നായിരുന്നു ജസ്റ്റിസ് വി. ചിദംബരേഷ് സമ്മേളനത്തിൽ പറഞ്ഞത്. “സാമ്പത്തിക സംവരണമാണ് വേണ്ടതെന്ന ചര്‍ച്ച മുന്നോട്ടുവയ്ക്കാനുള്ള സമയമായിരിക്കുന്നു. ജാതി സംവരണം ബ്രാഹ്മണ സമുദായത്തോട് ചെയ്യുന്ന അനീതിയാണ്. ഒരു ബ്രാഹ്മണ പാചകക്കാരന്റെ മകന്‍ നോണ്‍ ക്രീമിലെയര്‍ സോണില്‍ പെട്ടാലും സംവരണം ലഭിക്കില്ല. അതേ സമയം പിന്നോക്ക സമുദായത്തില്‍പ്പെട്ട ഒരു തടി കച്ചവടക്കാരന്റെ മകന് നോണ്‍ ക്രീമിലേയര്‍ സോണില്‍ ആയാലും സംവരണം ലഭിക്കും എന്നത് ഇത്തരം അനീതിക്ക് ഉദാഹരണമാണെന്നും” അദ്ദേഹം പറയുന്നു.

മാത്രമല്ല ബ്രാഹ്മണന്‍ പൂര്‍വജന്മ സുകൃതം മൂലം രണ്ട് തവണ ജനിച്ചവനാണ് എന്ന് ചിദംബരേഷ് അഭിപ്രായപ്പെടുന്നു. സസ്യാഹാരം മാത്രം കഴിക്കല്‍, വൃത്തി, കര്‍ണാടക സംഗീതം ആസ്വദിക്കല്‍ ഇതെല്ലാം ബ്രാഹ്മണരുടെ പ്രത്യേകതകളാണെന്നൊക്കെയുള്ള സവർണ്ണ ബോധ്യങ്ങളും വീരവാദങ്ങളുമായിരുന്നു ജസ്റ്റിസിന്റെ പ്രസംഗത്തിന്റെ കാതൽ.

ഭരണഘടനാ വിരുദ്ധമായി ഇത്രയൊക്കെ വ്യക്തമായി പറഞ്ഞിട്ടും “ഭരണഘടനാപദവി വഹിക്കുന്നതിനാല്‍ ഞാന്‍ ഇതേക്കുറിച്ച് അഭിപ്രായം പറയുകയല്ല” എന്ന മുൻകൂർ ജാമ്യമെടുക്കാനും ജസ്റ്റിസ് മറക്കുന്നില്ല.

ജസ്റ്റിസ് ചിദംബരേഷിന്റെ പ്രസംഗത്തിന്റെ പൂർണ്ണ രൂപം:

“പൂര്‍വ്വജന്മ സുകൃതമുള്ളവരാണ് തമിഴ് ബ്രാഹ്മണരായി ജനിക്കുന്നത്. അവര്‍ക്ക് ചില പ്രത്യേകതകളുണ്ട്. വൃത്തിയുള്ള ശീലങ്ങള്‍, ഉയര്‍ന്ന ചിന്താശേഷി, മികച്ച സ്വഭാവഗുണം, മിക്കവാറും സസ്യാഹാരികള്‍, കര്‍ണാടക സംഗീതത്തെ ഇഷ്ടപ്പെടുന്നവര്‍. ഇങ്ങനെ എല്ലാ ഗുണങ്ങളും ഒന്നായി ചേര്‍ന്നതാണ് ഒരു ബ്രാഹ്മണന്‍. കേരളത്തില്‍ തമിഴ് ബ്രാഹ്മണര്‍ കേന്ദ്രീകരിച്ചിരിക്കുന്നത് നമുക്ക് കാണാം. അത് മുഖ്യമായും തിരുവനന്തപുരത്തും പാലക്കാടുമാണ്. തിരുവനന്തപുരത്തെ ബ്രാഹ്മണര്‍ തിരുനെല്‍വേലിയില്‍ നിന്നും പാലക്കാട്ടെ ബ്രാഹ്മണര്‍ തഞ്ചാവൂരുനിന്നും വന്നവരാണെന്ന് കരുതപ്പെടുന്നു.

കേരളത്തില്‍ സംരക്ഷിക്കപ്പെടേണ്ടതായി എണ്ണമറ്റ അഗ്രഹാരങ്ങളുണ്ട്. സമ്പന്നമായ സാംസ്‌കാരിക പൈതൃകമുള്ള അഗ്രഹാരങ്ങള്‍ സംരക്ഷിത മേഖലയായി പ്രഖ്യാപിക്കണം. അഗ്രഹാരങ്ങള്‍ക്കിടയില്‍ ഫ്‌ളാറ്റുകള്‍ നിര്‍മ്മിക്കാന്‍ അനുവദിക്കരുത്. ലോകത്തിന്റെ വിവിധയിടങ്ങളിലുള്ള തമിഴ് ബ്രാഹ്മണര്‍ക്ക് ആശയവിനിമയം നടത്താനും സംഘടിക്കാനും വേണ്ടിയാണ് ഈ സമ്മേളനം. നിലവില്‍ നിങ്ങളുടെ മുത്തശ്ശിമാരുടെ പാചകവിധികള്‍ പോസ്റ്റ് ചെയ്യാനായി ബ്രാഹ്മണരുടെ ഒരു ഫേസ്ബുക്ക് ഗ്രൂപ്പുണ്ട്. നമുക്ക് നഷ്ടമായെന്ന് കരുതുന്ന പല പാചകവിധികളും അതില്‍ നിന്ന് ലഭിക്കുന്നുണ്ട്. പാചകവിധികളില്‍ മാത്രമായി നമ്മുടെ താല്‍പര്യങ്ങള്‍ ചുരുക്കരുത്. തീര്‍ച്ചയായും ഒരു ബ്രാഹ്മണന്‍ ഭോജനപ്രിയനാണ്. നമുക്ക് പൊതുവായി താല്‍പര്യമുള്ള മറ്റെല്ലാ സംഗതികളും അതില്‍ പോസ്റ്റ് ചെയ്യണം.

കരിമ്പുഴ രാമന്‍  പറഞ്ഞതുപോലെ സംവരണം സമുദായത്തേയോ ജാതിയേയോ മാത്രം അടിസ്ഥാനപ്പെടുത്തിയാണോ നടപ്പിലാക്കേണ്ടതെന്ന് ആലോചിക്കാന്‍ സമയമായി. ഭരണഘടനാപരമായ ഒരു പദവിയുള്ളതിനാല്‍ ഞാന്‍ അതിനേക്കുറിച്ച് പറയുന്നത് ഉചിതമാകില്ല എന്നതിനാല്‍ എന്റെ അഭിപ്രായം പറയുന്നേ ഇല്ല. പക്ഷെ, ഞാന്‍ നിങ്ങളുടെ താല്‍പര്യങ്ങളെ ഉദ്ദീപിക്കുക മാത്രമാണ് ചെയ്യുന്നത് അല്ലെങ്കില്‍ ഓര്‍മ്മപ്പെടുത്തല്‍. ജാതീയപരമോ സമുദായികപരമോ ആയല്ലാതെ സംവരണം സാമ്പത്തികമായി മാത്രമായിരിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധിക്കാനും നിങ്ങളുടെ വിഷയങ്ങളേക്കുറിച്ച് ശബ്ദിക്കാനും ഒരു പ്ലാറ്റ്‌ഫോമുണ്ട്.

തീര്‍ച്ചയായും സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് ഒരു 10 ശതമാനം സംവരണമുണ്ട്. ഒരു ബ്രാഹ്മണ പാചകക്കാരന്റെ മകന്‍ നോണ്‍ ക്രീമിലെയര്‍ സോണില്‍ പെട്ടാലും സംവരണം ലഭിക്കില്ല. അതേ സമയം പിന്നോക്ക സമുദായത്തില്‍പ്പെട്ട ഒരു തടി കച്ചവടക്കാരന്റെ മകന് നോണ്‍ ക്രീമിലേയര്‍ സോണില്‍ ആയാലും സംവരണം ലഭിക്കും. ഞാന്‍ ഒരു അഭിപ്രായവും പറയുന്നേ ഇല്ല. നിങ്ങളാണ് ആലോചിച്ച് നിങ്ങളുടെ ആശയങ്ങള്‍ മുന്നോട്ട് വെയ്‌ക്കേണ്ടത്. രാമന്‍ പറഞ്ഞതുപോലെ കരയുന്ന കുട്ടിക്കേ പാലുളളൂ. നമ്മളെ മാറ്റി നിര്‍ത്താന്‍ നാം അനുവദിക്കരുത്. നമ്മള്‍ എപ്പോഴും മുഖ്യധാരയിലുണ്ടാകണം. ഒറ്റയ്ക്ക് നില്‍ക്കുന്നതിന് പകരം സംഘം ചേര്‍ന്ന് പ്രവര്‍ത്തിക്കാനുള്ള സമയമായി. ഇവിടെ, ഈ സമ്മേളനത്തില്‍ എത്തിച്ചേരാന്‍ കഴിഞ്ഞതില്‍ അതിയായ സന്തോഷമുണ്ട്. ആദ്യമായാണ് എസ്. വി. ശേഖറിനെ കാണുന്നത്. കൂടുതല്‍ വേദപാഠശാലകള്‍ വേണം. ചുരുങ്ങിക്കൊണ്ടിരിക്കുന്ന വേദപാഠശാലകളെ പ്രോത്സാഹിപ്പിക്കണം. സമ്പന്നമായ സാംസ്‌കാരിക പൈതൃകം സംരക്ഷിക്കപ്പെടണം. ബ്രാഹ്മണന്‍ ഒരിക്കലും വര്‍ഗീയവാദിയല്ല. അവന്‍ എപ്പോഴും പരവികാരം മാനിക്കുന്നവനാണ്. അവന്‍ അഹിംസാ വാദിയാണ്. അവന്‍ മനുഷ്യ സ്‌നേഹിയും ഏത് സ്തുത്യര്‍ഹ ഉദ്ദേശ്യങ്ങള്‍ക്ക് വേണ്ടിയും ഉദാരമായി സംഭാവന ചെയ്യുന്നവനുമാണ്. അങ്ങനത്തെ ആളുകളാണ് കാര്യങ്ങളുടെ ചുക്കാന്‍ പിടിക്കേണ്ടത്. ഈ തമിഴ് ബ്രാഹ്മണ സമ്മേളനം അതിലേക്ക് ഒരു ചൂണ്ടിക്കാട്ടലാകും. ഞാന്‍ ഈ ചടങ്ങ് ഔപചാരികമായി ഉദ്ഘാടനം ചെയ്യുന്നു. നന്ദി.”

വിവാദ പരാമർശങ്ങൾക്കെതിരെ പരക്കെ വിമർശനങ്ങൾ :

ജാതി സംവരണങ്ങളെ എതിര്‍ത്തുകൊണ്ടുള്ള ജസ്റ്റിസ് ചിദംബരേഷിന്റെ പ്രസംഗത്തിനെതിരെ വിമര്‍ശനവുമായി വി.ടി ബല്‍റാം എം.എല്‍.എ രംഗത്തെത്തി. ഭരണഘടനാ പദവിയിലിരുന്നുകൊണ്ട് ഭരണഘടനയെ വെല്ലുവിളിക്കുകയാണ് ജാതി സംവരണത്തിനെതിരെ സംസാരിച്ചതിലൂടെ ജസ്റ്റിസ് ചിദംബരേഷ് ചെയ്തിരിക്കുന്നതെന്ന് വി.ടി ബല്‍റാം ഫേസ്ബുക്കില്‍ പോസ്റ്റില്‍ പറഞ്ഞു. ജാതി മേധാവിത്വത്തെ കുറിച്ചു ബ്രാഹ്മണ മാഹാത്മത്യത്തെ കുറിച്ചും അദ്ദേഹത്തിന്റെ വീക്ഷണങ്ങള്‍ ദയനീയമാണെന്നും വി.ടി ബല്‍റാം ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.

സംവരണത്തിനെതിരെ പരാമര്‍ശം നടത്തിയ ഹൈക്കോടതി ജസ്റ്റിസ് വി. ചിദംബരേഷ് സ്ഥാനം ഒഴിയണമെന്ന് സാമൂഹ്യനിരീക്ഷകനും, ചിന്തകനുമായ സണ്ണി എം. കപിക്കാട് ആവശ്യപ്പെട്ടു. ഭരണഘടനാപരമായ സംവരണത്തോടും അവകാശങ്ങളോടും മറ്റും അഭിപ്രായ വ്യത്യാസമുണ്ടെങ്കില്‍ ജഡ്ജി പദവി രാജി വയ്ക്കുന്നതാണ് അന്തസ്സെന്നു സണ്ണി എം. കപിക്കാട് പറഞ്ഞു. സംവരണത്തിനെതിരായ പ്രസംഗം എന്നതിനേക്കാള്‍ ഇതിനെ വംശീയവാദ പ്രസംഗം എന്നാണ് വിളിക്കേണ്ടത് എന്നും അദ്ദേഹം പറഞ്ഞു.

ജസ്റ്റിസ് ചിദംബരേഷിന്റെ പ്രസംഗങ്ങൾക്കെതിരെ കെ.പി.സി.സി. ഒ.ബി.സി. സംസ്ഥാന ചെയർമാൻ സുമേഷ് അച്യുതനും രംഗത്ത് വന്നു. ജസ്റ്റിസ് ചിദംബരേഷിന്റെ മാനസിക നില പരിശോധിക്കണമെന്നു അഭിപ്രായപ്പെട്ട സുമേഷ് ഭരണഘടന പഠിച്ചു തന്നെയാണോ ചിദംബരേഷ് നിയമബിരുദം നേടിയത് എന്നും ചോദിച്ചു.

ജൂലൈ 19 മുതല്‍ 21 വരെ ഇടപ്പള്ളി മാരിയറ്റ് ഹോട്ടലില്‍ നടന്ന സമ്മേളനത്തിൽ ‘ചാതുര്‍വര്‍ണ്യത്തിന്റെ പ്രസക്തിയേക്കുറിച്ചുള്ള’ സെമിനാർ പോലും ഉള്‍പ്പെടുത്തിയിരുന്നു. ഇന്‍ഫോസിസ് സ്ഥാപകനും വ്യവസായിയുമായ ക്രിസ് ഗോപാലകൃഷ്ണന്‍, കല്യാണ്‍ സില്‍ക്‌സ് സി.എം.ഡി ടി. എസ്. പട്ടാഭിരാമന്‍, തമിഴ് നടന്‍ എസ്. വി. ശേഖര്‍ തുടങ്ങിയവരെ സമ്മേളനത്തിലേക്ക് ക്ഷണിച്ചിരുന്നു.

ഇന്ത്യന്‍ ഭരണഘടനയ്ക്ക് അനുസൃതമായി പ്രവര്‍ത്തിച്ചുകൊള്ളാമെന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കുന്നവരാണ് നമ്മുടെ ന്യായാധിപന്മാർ. ആ ന്യായാധിപന്മാർ തന്നെ തങ്ങളുടെ ബ്രാഹ്മണ്യ ബോധ്യത്തിൽ ഊന്നിക്കൊണ്ട് ഭരണഘടനയിലെ അടിസ്ഥാന വ്യവസ്ഥകളിലൊന്നായ സംവരണത്തെ എതിർത്താൽ എന്തായിരിക്കും സ്ഥിതി? മഹത്തായ ഇന്ത്യൻ ഭരണഘടന ഉറപ്പു നൽകുന്ന ദുർബല വിഭാഗങ്ങൾക്കുള്ള സംവരണത്തിനെതിരെ നീതി നിർവഹണം നടത്തുന്നവർ തന്നെ രംഗത്തു വന്നിരിക്കുന്ന സാഹചര്യത്തിൽ നീതിക്കു വേണ്ടി ഇവരെ സമീപിക്കുന്ന അവർണ്ണരോട് എന്ത് സമീപനമായിരിക്കും ഇക്കൂട്ടർ സ്വീകരിക്കുക?

Advertisement

Leave a Reply

avatar
  Subscribe  
Notify of