ന്യൂഡൽഹി:
ആൾക്കൂട്ട കൊലപാതകത്തെക്കുറിച്ച്, വിവിധ മേഖലയിൽ പ്രവർത്തിക്കുന്ന, നാല്പത്തൊമ്പതോളം പ്രമുഖവ്യക്തികൾ പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്കു തുറന്ന കത്തെഴുതി. ഗായിക ശുഭ മുദ്‌ഗൽ, അഭിനേത്രിയായ കൊങ്കണ സെൻ, സിനിമാസംവിധായകരായ അനുരാഗ് കശ്യപ്, മണി രത്നം, ശ്യാം ബെനഗൽ എന്നിവരും ഉൾപ്പെട്ട ഒരു കൂട്ടം ആളുകളാണ് കത്തെഴുതിയതെന്ന് എ.എൻ.ഐ. റിപ്പോർട്ടു ചെയ്തു.
ഇത്തരം കേസുകളിൽ മാതൃകാപരമായ ശിക്ഷ, വേഗത്തിലും, ഉറപ്പായും നടത്തണമെന്ന് ജൂലൈ 23 ന് എഴുതിയ കത്തിൽ ആവശ്യപ്പെടുന്നു.
“മുസ്ലീങ്ങളേയും, ദളിതരേയും, മറ്റു ന്യൂനപക്ഷവിഭാഗക്കാരേയും കൊല്ലുന്നത് ഉടനെ നിർത്തലാക്കണം. 2016 ൽ ദളിതർക്കുനേരെ 840 അക്രമസംഭവങ്ങളെങ്കിലും ഉണ്ടായെന്ന് നാഷണൽ ക്രൈം റെക്കോഡ്സ് ബ്യൂറോയുടെ റിപ്പോർട്ടുകളിൽ നിന്ന് അറിഞ്ഞിട്ട് ഞങ്ങൾക്ക് ഞെട്ടലുണ്ടായി. അതിനെതിരെ വളരെക്കുറവുമാത്രമാണ് നടപടിയെടുത്തിട്ടുള്ളതും.” കത്തിൽ പറയുന്നു.
“കൂടാതെ ഒരാളുടെ മതപരമായ വ്യക്തിത്വം കണക്കാക്കിയുള്ള 254 വിദ്വേഷ കുറ്റകൃത്യങ്ങൾ 2009 ജനുവരി ഒന്നിനും, 2018 ഒക്ടോബർ 29 നു മദ്ധ്യേ റിപ്പോർട്ടുചെയ്യപ്പെട്ടിട്ടുണ്ട്. അതിൽ 91 ആളുകൾ കൊല്ലപ്പെടുകയും, 579 ആളുകൾക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. 90 ശതമാനം ആക്രമണങ്ങളും മെയ് 2014 നു ശേഷമാണ് നടന്നിട്ടുളത്. താങ്കളുടെ സർക്കാർ അധികാരത്തിൽ വന്നതിനുശേഷം.” കത്തിൽ പറയുന്നു.
പാർലമെന്റിൽ പ്രധാനമന്ത്രി ആക്രമണസംഭവങ്ങളെ വിമർശിച്ചുവെങ്കിലും അതുപോരെന്നാണ് കത്തിൽ പറയുന്നത്.
“കുറ്റവാളികൾക്കെതിരെ എന്തു നടപടിയാണ് എടുത്തിട്ടുള്ളത്? ഇത്തരം അക്രമങ്ങൾ ജാമ്യം ലഭിക്കാത്തതായിരിക്കുമെന്നു പ്രസ്താവിയ്ക്കണം. വേഗത്തിലും ഉറപ്പായും ഉള്ള മാതൃകാപരമായ ശിക്ഷയും നടപ്പിലാക്കണം. പരോൾ നൽകാത്ത ജീവപര്യന്തം തട്വുശിക്ഷ, കൊലപാതകക്കേസുകളിൽ നൽകാമെങ്കിൽ അതിനേക്കാളും ഹീനമായ ആൾക്കൂട്ട ആക്രമണത്തിന്റെ കാര്യത്തിലും നൽകിക്കൂട? ഒരു പൌരനും, സ്വന്തം രാജ്യത്ത് ഭീതിയോടെ ജീവിയ്ക്കാനിടയാകരുത്.” കത്ത് ഇങ്ങനെ തുടരുന്നു.
സാമൂഹിക പ്രവർത്തകയായ അദിതി ബസു, സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ, എഴുത്തുകാരൻ അമിത് ചൌധരി, സംവിധായകൻ അഞ്ജൻ ദത്ത്, ഗായകൻ അനുപം റോയ്, സാമൂഹിക പ്രവർത്തക അനുരാധ കപൂർ, സംവിധായിക അപർണ്ണ സെൻ, ആഷ ആച്ചി ജോസഫ്, സോഷ്യോളജിസ്റ്റ് ആശിഷ് നന്ദി, എന്നിവരും മറ്റു വിവിധമേഖലകളിൽ നിന്നുമായി, ബൈശാഖി ഖോഷ്, ബിനായക് സെൻ, ചിത്ര സിർക്കാർ, ബോലൻ ഗംഗോപാദ്ധ്യായ, ബോനാനി കക്കർ, ദേബൽ സെൻ, ഗൌതം ഘോഷ്, ജയശ്രീ ബർമ്മൻ, ഇഫ്തേക്കർ എഹ്സാൻ, ദർശൻ സിങ്, ജയ മിത്ര, കനി കുസൃതി, കൌശിക് സെൻ, കേതൻ മേത്ത, മുദർ പാത്രേയ, നാരായൺ സിൻഹ, നവീൻ കിഷോർ, എന്നിവരും കത്തെഴുതിയവരിൽ ഉൾപ്പെടുന്നു.
[…] പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്കു തുറന്ന കത്തെഴുതിയിരുന്നു. ഗായിക ശുഭ മുദ്‌ഗൽ, അഭിനേത്രിയായ […]