തിരുവനന്തപുരം:
യൂണിവേഴ്സിറ്റി കോളേജിൽ വിദ്യാർത്ഥിയെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതി ശിവരഞ്ജിത്തിന്റെ വീട്ടിൽ നിന്നും കണ്ടെത്തിയ ഉത്തരകടലാസുകളെല്ലാം പരീക്ഷ സമയത്തു നൽകിയതെന്ന് പോലീസ്. കോളേജിലെ വിദ്യാർത്ഥിയും എസ്.എഫ്.ഐ. പ്രവർത്തകനുമായ പ്രണവിന്റെ ഉത്തര കടലാസ് ഇതിലുണ്ടായിരുന്നതായി കോളേജ് അറിയിച്ചു. ബാക്കിയുള്ളവ ആരുടെതെന്ന് കണ്ടെത്താനായിട്ടില്ല.
പി.എസ്.സി. യുടെ പോലീസ് റാങ്ക് പട്ടികയിൽ പ്രധാന പ്രതികൾക്കൊപ്പം പേരുള്ളയാളാണ് പ്രണവ്. പോലീസ് ലിസ്റ്റിലെ രണ്ടാം റാങ്കുകാരനാണ് ഇദ്ദേഹം. എന്നാൽ കോളേജിന്റെ നാക് അക്രഡിഷൻ സമയത്തു ഉപേക്ഷിക്കപ്പെട്ട ഉത്തര കടലാസുകളാണ് തന്റെ വീട്ടിൽ നിന്നും കണ്ടെത്തിയതെന്നാണ് പ്രതി മൊഴിനൽകിയിട്ടുള്ളത്.
ശിവരഞ്ജിത്തിന്റെ വീട്ടിൽ നിന്നും പിടിച്ചെടുത്ത ഫിസിക്കൽ എഡ്യൂക്കേഷൻ ഡയറക്ടറുടെ വ്യാജസീൽ കള്ള ഹാജർ സംഘടിപ്പിക്കാനാണു പ്രതികൾ ഉപയോഗിച്ചിരുന്നതെന്നു പോലീസ് കണ്ടെത്തി.
ഇതിനിടെ സിറ്റി പോലീസ് കമ്മീഷണറുടെ റിപ്പോർട്ട് ഇതുവരെ ലഭിക്കാത്തകാരണത്തിനാൽ വിദ്യാർത്ഥിയുടെ വീട്ടിൽ നിന്നും ഉത്തരകടലാസു കണ്ടെത്തിയ കേസിൽ ഡി.ജി.പി. പ്രഖ്യാപിച്ച ക്രൈം ബ്രാഞ്ച് അന്വേഷണം തുടങ്ങാൻ താമസം നേരിട്ടുകൊണ്ടിരിക്കുകയാണ്.