ലണ്ടന്‍:
ബ്രിട്ടീഷ് പ്രധാനമന്ത്രിയായും കണ്‍സര്‍വേറ്റീവ് പാര്‍ട്ടി നേതാവായും ബോറിസ് ജോൺസണെ തെരഞ്ഞെടുത്തു.ജോണ്സണ് നാളെ സ്ഥാനമേൽക്കും. വിദേശകാര്യ സെക്രട്ടറി ജെറമി ഹണ്ടിനെയാണ് ജോണ്സണ് തോൽപ്പിച്ചത്. 45,497 (66 ശതമാനം) വോട്ടുകൾക്കാണ് ബോറിസ് ജോണ്‍സന്റെ ജയം. വോട്ടെടുപ്പിൽ 1,60,000 കൺസർവേറ്റീവ് പാർട്ടി അംഗങ്ങൾ പങ്കെടുത്തു. കരാറുകളില്ലാതെ ബ്രക്സിറ്റ് നടപ്പാക്കുമെന്നും ബ്രക്സിറ്റ് അനുകൂലികളെ ഒരുമിപ്പിക്കുമെന്നും ജോണ്സണ് നേരത്തെ വ്യക്തമാക്കിയിരുന്നു.
നേതൃതെരഞ്ഞെടുപ്പിലെ വിജയിയായി ജോൺസണെ പ്രഖ്യാപിച്ചാലുടൻ തെരേസാ മേ പ്രധാനമന്ത്രിപദം രാജിവയ്ക്കും. ബുധനാഴ്ച തന്നെ അവർ രാജ്ഞിയെ സന്ദർശിച്ച് രാജിക്കത്ത് സമർപ്പിക്കും. ബ്രെക്സിറ്റ് നയത്തെ അനുകൂലിക്കുന്ന ആളാണ് ജോൺസൺ. ഒക്ടോബർ 31ന് കരാറില്ലാതെയാണെങ്കിലും യൂറോപ്യൻ യൂണിയൻ വിടണമെന്ന നിലപാടാണു ജോൺസനുള്ളത്.
പാര്‍ലമെന്റില്‍ ചെറിയ ഭൂരിപക്ഷം മാത്രമുള്ള കണ്‍സര്‍വേറ്റീവ് പാര്‍ട്ടിക്കുള്ളില്‍ ആഭ്യന്ത്രര അഭിപ്രായ വ്യത്യാസങ്ങള്‍ രൂക്ഷമാണ്. ബ്രെക്സിറ്റ് നയത്തിൽ ജോൺസനോട് എതിർപ്പുള്ള വിദേശകാര്യ മന്ത്രി അലൻ ഡങ്കൻ കഴിഞ്ഞ ദിവസം രാജിവച്ചിരുന്നു. ജോൺസന്റെ നയത്തെ എതിർക്കുന്ന ധനമന്ത്രി (ചാൻസലർ) ഫിലിപ്പ് ഹാമണ്ടും ജോൺസൺ പ്രധാനമന്ത്രിയായാൽ രാജിവയ്ക്കുമെന്നു നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്.
സാംസ്കാരിക മന്ത്രി മാർഗോട്ട് ജെയിംസ് കഴിഞ്ഞയാഴ്ച രാജിവച്ചിരുന്നു. ബ്രെക്സിറ്റ് നയത്തിൽ ജോൺസനോട് എതിർപ്പുള്ള കൂടുതൽ മന്ത്രിമാർ രാജിവച്ചേക്കുമെന്ന് അഭ്യൂഹം പരന്നിട്ടുണ്ട്. ഇതു തന്നെയാകും അധികാരം ഏറ്റെടുത്താൽ ജോൺസൺ നേരിടുന്ന ആദ്യത്തെ പ്രധാനവെല്ലുവിളി.