Fri. Apr 26th, 2024
#ദിനസരികള്‍ 825

 

രാമചന്ദ്ര ഗുഹ എന്ന വിഖ്യാതനായ ചരിത്രകാരന്‍ രാഹുല്‍ ഗാന്ധിയെക്കുറിച്ച് മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ (ലക്കം 16, ജൂലായ് 7) എഴുതിയ അഭിപ്രായങ്ങളെ വളരെ ഗൌരവപൂര്‍വ്വമാണ് ഞാന്‍ സമീപിച്ചത്. ആ ലേഖനത്തില്‍ വര്‍ത്തമാനകാല ഭാരതം നേരിടുന്ന പ്രതിസന്ധികളെ നേരിടാനാകാതെ രാഹുല്‍ പരാജയപ്പെട്ടതെങ്ങനെയെന്നും അതിജീവിക്കാനുള്ള പോംവഴികളെന്തെന്നുമുള്ള ചോദ്യത്തിനെ ഗുഹ നേരിടുമെന്ന് ഞാന്‍ കരുതി. ഭാരതത്തിന്റെ ചരിത്രത്തെ അതിപ്രശസ്തമായ രീതിയില്‍ അടയാളപ്പെടുത്തിയ ഗുഹ, പക്ഷേ തനിക്കു ചേരാത്ത വിധത്തില്‍ കേവലമൊരു മൂന്നാംകിട കൂലിയെഴുത്തുകാരനെപ്പോലെ രാഹുല്‍ ഗാന്ധിയെ വ്യക്തിപരമായി ആക്ഷേപിക്കുന്നതാണ് കണ്ടത്. എ.ഐ.സി.സിയുടെ പ്രസിഡന്റ് എന്ന നിലയില്‍ പരാജയത്തിന്റെ പരിപൂര്‍ണമായ ഉത്തരവാദിത്തം രാഹുലിനുണ്ടെന്ന് നമുക്ക് വാദിക്കാമെങ്കിലും അത് ഒരു വ്യക്തിയെന്ന് നിലയില്‍ അയാളെ ഇകഴ്ത്തിക്കൊണ്ടാകരുത് എന്നാണ് ഞാന്‍ കരുതുന്നത്. ഗുഹയുടെ നിഗമനങ്ങള്‍ ആ വഴിക്കായിപ്പോയി എന്നത് നിര്‍ഭാഗ്യം തന്നെയാണ്.

ഈ കുറിപ്പ് എഴുതുന്നയാള്‍ രാഹുലിന്റെ ആരാധകനോ അയാളുടെ ആശയങ്ങളോട് ഐക്യപ്പെടുന്നവനോ അല്ലെന്നിരിക്കിലും 2019 ലെ തിരഞ്ഞെടുപ്പു പരാജയത്തിന്റെ പൂര്‍ണ ഉത്തരവാദിത്തം കേവലമൊരു വ്യക്തിയിലേക്ക് മാത്രമായി ഒതുക്കി നിറുത്തണമെന്ന് ചിന്തിക്കുന്നയാളല്ല. അടല്‍ ബിഹാരി വാജ് പേയിയും നരേന്ദ്രമോദിയും ഇന്ത്യ ഭരിക്കാനുള്ള സഹചര്യം സൃഷ്ടിക്കപ്പെട്ടതും മതഫാസിസത്തിന്റെ വഴിയെ നടക്കാന്‍ പഠിപ്പിച്ചതും രാഹുല്‍ എന്ന ഒരൊറ്റ വ്യക്തിയുടെ കാലംമുതലല്ലെന്ന് മറ്റാരെയുംകാള്‍ ഗുഹയ്ക്ക് അറിയാം. നെഹ്റുവിനോളം, ചിലപ്പോഴെങ്കിലും അതിനു പിന്നോട്ടും അതിനു വേരുകളുണ്ട്. അന്നു മുതല്‍ മതങ്ങളോട് വിട്ടു വീഴ്ച ചെയ്തും പ്രീണിപ്പിച്ചും നടത്തി വന്ന അഴകൊഴമ്പന്‍ അവസരവാദ നിലപാടുകളുടെ ഫലമാണ് ഇന്ന് കോണ്‍ഗ്രസ് നേരിടുന്ന പ്രതിസന്ധിയുടെ അടിസ്ഥാന കാരണം. ആ കിരീടം എന്നാല്‍ രാഹുല്‍ ഗാന്ധിയുടെ ശിരസ്സിലേക്ക് മാത്രമായി അണിയിച്ചെടുക്കാനുള്ള തിടുക്കം പക്ഷേ ചരിത്ര ബോധമില്ലാത്തതാണെന്ന് പറയേണ്ടിവരും.

രാഹുല്‍ ഗാന്ധിയെ കഴിവുകെട്ടവനാണെന്ന് സ്ഥാപിച്ചെടുക്കാന്‍ പതിനാലാം നൂറ്റാണ്ടില്‍ ജീവിച്ചിരിക്കുന്ന ഇബ്നു ഖല്‍ദൂനെ കൂട്ടുപിടിച്ചുകൊണ്ട് ഗുഹ എഴുതുന്നു – “കൂടുംബവാഴ്ചയെ കോണ്‍‌ഗ്രസ് വലിച്ചെറിയണം എന്ന എന്റെ ട്വീറ്റ് കണ്ട് സുഹൃത്തും യു. പിയില്‍ നിന്നുള്ള എഴുത്തുകാരനുമായ എന്റെ സുഹൃത്ത് അനില്‍ സരസ്വതി അറബ് പണ്ഡിതന്‍ ഇബ്നു ഖല്‍ദൂന്റെ കൃതികളില്‍ നിന്ന് കുറച്ചു ഭാഗം എനിക്ക് അയച്ചു തന്നു. കുടുംബവാഴ്ചയില്‍ അധിഷ്ടിതമായ രാഷ്ട്രീയ നേതൃത്വങ്ങള്‍ക്ക് മൂന്നു തലമുറകള്‍ക്കപ്പുറം സ്വാധീനം നിലനിറുത്താനാകില്ലെന്ന് 14 ാം നൂറ്റാണ്ടില്‍ ഖല്‍ദൂന്‍ എഴുതി വെച്ചിരിക്കുന്നു. – ഒരു വംശത്തെ മഹിമയിലെത്തിക്കുന്ന ആള്‍ക്ക് അതിനായി താന്‍ സഹിച്ച കഷ്ടപ്പാടുകള്‍. അതിനാല്‍ ആ മഹിമ അവസാനം വരെ നിലനിറുത്തുവാന്‍ വേണ്ടതൊക്കെ അദ്ദേഹം ചെയ്യും. ഇതൊക്കെ കണ്ടു വളരുന്ന അദ്ദേഹത്തിന്റെ മകനാകട്ടെ ഈ ഗുണങ്ങളൊക്കെ പഠിച്ചെടുക്കും. എന്നാലും അച്ഛനുമായി താരതമ്യം ചെയ്യുമ്പോള്‍ അയാള്‍ പുറകിലാണ്. ഒരാള്‍ കാര്യങ്ങള്‍ സ്വയം ചെയ്യുന്നതും അതു കണ്ടുപഠിക്കുന്നതിലും വ്യത്യാസമുള്ളതുകൊണ്ടാണ്.”

ഈ കാഴ്ചപ്പാടില്‍ നിന്നുകൊണ്ടാണ് നെഹ്രുവില്‍ നിന്ന് ഇന്ദിരയിലേക്കും ഇന്ദിരയില്‍ നിന്ന് രാജീവിലേക്കും എത്തിയ അധികാരവഴികള്‍ രാജീവിന്റെ മകനായ രാഹുലിലേക്ക് എത്തുമ്പോഴേക്കും വളരെയേറെ കെട്ടു പോയിരിക്കുന്നുവെന്ന് രാമചന്ദ്ര ഗുഹ സ്ഥാപിക്കാന്‍ ശ്രമിക്കുന്നത്. അതിനു വേണ്ടി അദ്ദേഹം നരേന്ദ്രമോദിയേയും കൂട്ടുപിടിക്കുന്നു. മോദി ആക്ഷേപിക്കുന്നതുപോലെ കേവലം നാംധാര്‍ മാത്രമാണ് മാത്രമാണ് രാഹുലെന്ന് വിധിക്കുന്നു. ജഗനും നവീനും ജയിച്ചപ്പോള്‍ രാഹുല്‍ മാത്രം തോറ്റതെങ്ങനെ എന്ന ചോദ്യത്തിന് ഇബ്നു ഖല്‍ദൂന്‍ പറഞ്ഞ കാര്യമാണ് ശരിയായ ഉത്തരമെന്നാണ് ഗുഹ പറയുന്നത്.

ഗുഹയെപ്പോലെയുള്ള ഒരാളില്‍ നിന്നും ഇത്രയും ആഴം കുറഞ്ഞ നിരീക്ഷണങ്ങള്‍ ഉണ്ടാകാന്‍ പാടില്ലാത്തതായിരുന്നു. ഇന്ത്യയിലെ മതനിരപേക്ഷ കക്ഷികള്‍ അമ്പേ തോറ്റമ്പിയ ഒരു സാഹചര്യത്തില്‍ മതത്തേയും വിശ്വാസത്തേയും മുന്‍നിറുത്തി ഉണ്ടാക്കിയെടുത്ത തെറ്റായ രീതികളില്‍ സാധാരണക്കാരനെ വലിയ തോതില്‍ ആകര്‍ഷിച്ചുവെന്നതും ‘ശത്രു രാജ്യ’മായ പാകിസ്താനെ മുന്‍നിറുത്തി യുദ്ധസദൃശ്യമായ ഒരന്തരീക്ഷമുണ്ടാക്കി ദേശീയതയുടേയും സുരക്ഷയുടേയും പേരില്‍ വോട്ടു സൃഷ്ടിച്ചെടുത്തതുമടക്കം ബി.ജെ.പി. നേടിയ വിജയത്തിന് പല ഘടകങ്ങളുമുണ്ട്. ഒരു പക്ഷേ സാക്ഷാല്‍ നെഹ്റുതന്നെ വന്നു നിന്നെതിര്‍ത്താലും വിജയം അസന്ദിഗ്ദ്ധ മാകുമായിരുന്ന ഒരു തിരഞ്ഞെടുപ്പാണ് കഴിഞ്ഞു പോയത്. ബി.ജെ.പിയുടേയോ സംഘപരിവാരത്തിന്റെ ഗുണമല്ല മറിച്ച്, കാലങ്ങളായി തുടര്‍ന്നു പോന്ന നയപരിപാടികളുടെ ഫലമായി മതവും ദേശീയതയും അതിന്റെ ബിംബങ്ങളുമൊക്കെ അത്ര ആഴത്തില്‍ ജനമനസ്സുകളിലേക്ക് കുടിയേറിക്കഴിഞ്ഞിരിക്കുന്നുവെന്നതുകൊണ്ടാണ്.

രാഹുല്‍ സര്‍ക്കസ് കൂടാരത്തിലേക്ക് എത്തുമ്പോഴേക്കും അത് അമ്പേ തകര്‍ന്നു കഴിഞ്ഞിരുന്നു. പരസ്പരം ഒരു ധാരണയുമില്ലാതെ തോന്നിയപോലെ ആടി രസിക്കുന്ന കളിക്കാര്‍. പാതിവഴിക്കെത്തുമ്പോള്‍ പിടിവിട്ട് വേറെ കമ്പു തേടി പോകുന്നവര്‍. താഴെ തള്ളിയിടാന്‍ അവസരം കാത്തിരിക്കുന്നവര്‍. ദ്രവിച്ചതും തുരുമ്പെടുത്തതുമായ പിടികള്‍, ഇരിപ്പിടങ്ങള്‍, മേലാപ്പുകള്‍- അങ്ങനെയുള്ള ഒരു കൂടാരത്തിലെ അവസാന കളിക്കാരനായി വന്നു നിന്ന രാഹുലിന് പക്ഷേ കിട്ടിയ പൊട്ടും പൊടിയിലുമൊന്നം കാഴ്ചക്കാരായ പൊതുജനങ്ങള്‍ക്ക് വേണ്ടത്ര വിശ്വാസമില്ലായിരുന്നു. അതുകൊണ്ടുതന്നെ ആ പരാജയത്തിന് രാഹുലും ഒരു കാരണമായി എന്നല്ലാതെ രാഹുല്‍ തന്നെ ഒരു പരാജയമാണ് എന്ന വിലയിരിത്തുന്നത് നീതിയല്ല എന്ന് ഞാന്‍ കരുതുന്നു.

ഗുഹ എഴുതുന്നു -“രാഷ്ട്രീയ വാഴ്ചയിലെ മൂന്നാമത് നാലാമത് തലമുറകള്‍ക്ക് സംഭവിക്കുന്ന പ്രശ്നമെന്താണെന്ന് വളരെ കൃത്യമായി ഇബ്നു ഖല്‍ദൂന്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. ആളുകള്‍ തന്നോട് വളരെ ബഹുമാനപൂര്‍വ്വം പെരുമാറുന്നത് അയാള്‍ കാണും. എന്നാല്‍ എങ്ങനെയാണ് ഈ ബഹുമാനമുണ്ടായതെന്നും അതിന്റെ പിന്നിലെ കാരണങ്ങളെന്തെന്നും അയാള്‍ മനസ്സിലാക്കില്ല. തന്റെ പാരമ്പര്യം കൊണ്ടാണ് ആളുകള്‍ തന്നെ ബഹുമാനിക്കുന്നതെന്ന് കരുതും. ആളുകള്‍ എല്ലാക്കാലത്തും തന്നെ അനുസരിച്ച് കഴിഞ്ഞുകൊള്ളുമെന്ന് അയാള്‍ വിശ്വസിക്കും.” അത്തരത്തിലുള്ള ഒരാളായിരുന്നു രാഹുല്‍ ഗാന്ധിയെങ്കില്‍ രണ്ടാം യു.പി.എ. സര്‍ക്കാറില്‍ അദ്ദേഹം പ്രധാനമന്ത്രിയായിരിക്കുമായിരുന്നുവെന്ന കാര്യം ഗുഹ മറന്നുപോയത് ഖേദകരം തന്നെയാണ്.

രാഹുലിനെ ഭര്‍ത്സിക്കാനുള്ള അമിതമായ വ്യഗ്രതയില്‍ ഇന്ദിരയെ ഗുഹ തലോടിപ്പോകുന്ന സാഹചര്യത്തെ ഒരു ചിരിയോടെയാണ് ഞാന്‍ വായിച്ചു തീര്‍ത്തത്. ഇരുപതാം നൂറ്റാണ്ടില്‍ ഈ ലോകത്തുണ്ടായ ഒരേയൊരു വനിതാ സ്വേച്ഛാധിപതി ഇന്ദിരയാണ് എന്നെഴുതിയ ഗുഹയാണ് അവരെ തലോടുന്നതെന്നത് നാം മറക്കരുത്. ഗുഹ ഉദ്ധരിച്ച ഖല്‍ദൂനെ പിന്‍പറ്റി പറയുകയാണെങ്കില്‍ ഇന്ദിര അങ്ങനെയാകാന്‍ യാതൊരു വഴിയുമില്ലായിരുന്നു. നെഹ്റുവിന്റെ എന്തു ഗുണമാണ് ഇന്ദിരക്ക് കിട്ടിയത്? എന്നുമാത്രവുമല്ല ഇന്ത്യയില്‍ അടിയന്തിരാവസ്ഥ ഉണ്ടാകാനും പാടില്ലായിരുന്നു. സഞ്ജയ് ഗാന്ധിയുടെ തോക്കിന്‍ മുനയെ പേടിച്ച് നാട്ടിലാകെ ചുവന്ന ബക്കറ്റ് വിതരണം ചെയ്യേണ്ടി വന്ന ഗതികേട് ഇന്ദിരക്ക് ഉണ്ടാകാന്‍ പാടില്ലായിരുന്നു. താന്‍ തന്നെ രാഷ്ട്രീയ ലാഭത്തിനു വേണ്ടി ലാളിച്ച് പോറ്റി വളര്‍ത്തി വലുതാക്കിയ തീവ്രവാദികളെ നേരിടാന്‍ സുവര്‍ണ ക്ഷേത്രത്തില്‍ പട്ടാളക്കാരെ കയറ്റേണ്ടി വരില്ലായിരുന്നു. അവരുടെ അനുയായികളുടെ വെടിയേറ്റ് ചോര ചിതറി മരിക്കേണ്ടി വരില്ലായിരുന്നു. കോണ്‍ഗ്രസ് അന്ന് നിര്‍ണായക ശക്തിയായിരുന്നു, ആ സംഘടന ജീവനോടെ നിലവിലുണ്ടായിരുന്നു എന്നതുമാത്രമായിരുന്നു ഇന്ദിരക്ക് ഗുണമായി ഭവിച്ചത്.

രാഹുല്‍ മിടുക്കനാണെന്നോ അയാളാണ് നാളെയുടെ പ്രതീക്ഷയെന്നോ ഉള്ള കൈയ്യടികളും കീജെയ്കളും എല്ലാവരും മുഴക്കണമെന്നല്ല, മറിച്ച് വ്യക്തിപരമായി താഴ്ത്തിക്കെട്ടിക്കൊണ്ട് ചരിത്ര വസ്തുതകളെ വിസ്മരിക്കരുതെന്ന് മാത്രമാണ് ഈ കുറിപ്പ് അര്‍ത്ഥമാക്കുന്നത്.
വിജയികളുടെ കൂടെ എല്ലാവരുമുണ്ടാകും. ആഹ്‌ളാദങ്ങളും ആര്‍പ്പുവിളികളും അവനുള്ളതാണ്. എന്നാല്‍ പരാജയപ്പെട്ടവന്‍ ഒറ്റപ്പെടുന്നു. കല്ലെറിയലുകളും ഇരുള്‍ മറകളും അവനുള്ളതാണ്. ഇതു ശരിയാണെന്ന് ഗുഹയുടെ ഈ ലേഖനം സാക്ഷ്യപ്പെടുത്തുന്നു.

മനോജ് പട്ടേട്ട്, വയനാട്ടിലെ മാനന്തവാടി സ്വദേശി.

അഭിപ്രായങ്ങൾ ലേഖകന്റേതു മാത്രം.

Leave a Reply

Your email address will not be published. Required fields are marked *