Wed. Nov 6th, 2024
#ദിനസരികള്‍ 824

 

അഭയാര്‍ത്ഥികള്‍. മണ്ണിനെ തൊട്ടു നിന്ന വേരുകളെ മുറിച്ചു മാറ്റപ്പെട്ടവര്‍. എണ്ണത്തില്‍ ഏകദേശം എഴുപത് മില്യനോളം വരുന്ന അവര്‍ ഭൂമിക്കും ആകാശത്തിനും ഇടയില്‍ പൊങ്ങുതടികള്‍ പോലെ സ്വന്തം ജീവനും കൈയ്യിലെടുത്തുപിടിച്ച് അഭയം തേടി ഉഴറി നടക്കുന്നു. ചരിത്രം മാത്രമുള്ള ജനത. അവര്‍ക്ക് വര്‍ത്തമാനങ്ങളോ ഭാവിയോ ഇല്ല. ഒരിക്കല്‍ സ്വന്തമായുണ്ടായിരുന്ന നാടിനേയും സ്വപ്നങ്ങളേയും പിന്നിലുപേക്ഷിച്ച് ജീവിക്കുവാന്‍ അനുവദിക്കണമെന്ന അപേക്ഷയോടെ, ചവിട്ടി നില്ക്കാന്‍ ഇത്തിരി മണ്ണോ തല ചായ്ക്കാന്‍ ഒരിലത്തണലോ തേടി അവര്‍ ഓടിക്കൊണ്ടേയിരിക്കുന്നു.

ആരാണ് അഭയാര്‍ത്ഥികള്‍?

 

ഐക്യരാഷ്ട്ര സഭയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന UNHCR ന്റെ നിര്‍വചനമനുസരിച്ച് അഭയാര്‍ത്ഥികളെന്നാല്‍ മതത്തിന്റേയോ വര്‍ഗ്ഗത്തിന്റേയോ ദേശത്തിന്റെയോ ഭാഷയുടേയോ മറ്റെന്തെങ്കിലും സവിശേഷമായ ആശയങ്ങളുടേയോ പേരില്‍ ആക്രമിക്കപ്പെടുകയും സ്വന്തം രാജ്യത്തു ജീവിക്കാന്‍ കഴിയാതെ മറ്റിടങ്ങളിലേക്ക് അഭയം തേടി അലയേണ്ടിവരുന്ന സ്വന്തം ഇടങ്ങളില്‍ നിന്നും നിഷ്കാസനം ചെയ്യപ്പെട്ടിരിക്കുന്ന ജനതയാണ്. (A refugee is someone who has been forced to flee his or her country because of persecution, war or violence. A refugee has a well-founded fear of persecution for reasons of race, religion, nationality, political opinion or membership in a particular social group.)

Refugees on a boat crossing the Mediterranean sea, heading from Turkish coast to the northeastern Greek island of Lesbos, 29 January 2016.

യുദ്ധമോ കലാപമോ മറ്റ് സംഘര്‍ഷങ്ങളോ അവരുടെ ജീവനുകളെ ഭയപ്പെടുത്തുന്നു. എവിടേക്കെന്നില്ലാതെ ഓടി രക്ഷപ്പെടാന്‍ പ്രേരിപ്പിക്കുന്നു. കടലാസുകപ്പലില്‍ വന്‍കടല്‍ കടക്കാനുദ്യമിക്കുന്ന അതിസാഹസികരായ സഞ്ചാരികളെപ്പോലെ അവര്‍ പ്രയാണം ആരംഭിക്കുന്നു. ഏതു സമയത്തും മുങ്ങിപ്പോകാമെന്ന ബോധ്യം അവര്‍ക്കുണ്ട്. എന്നാലും രക്ഷപ്പെടാമെന്ന പ്രതീക്ഷയുടെ അവസാനത്തെ തിരിനാളത്തേയും അവര്‍ മുറുകെ പിടിക്കുന്നു. ആ പ്രയാണത്തില്‍ പലരും പാതിവഴിയില്‍ വീണു പോകുന്നു. വളരെ കുറച്ചാളുകള്‍ തണലു കണ്ടെത്തന്നു. ജീവിതം കരുപ്പിടിപ്പിക്കാന്‍ ശ്രമിക്കുന്നു.

Foreign men from Malawi queue to board buses from a camp for those affected by anti-immigrant violence in Chatsworth north of Durban, April 18, 2015.

കണക്കുകളനുസരിച്ച് ലോകത്താകമാനം രണ്ടു സെക്കന്റില്‍ ഒരാളെന്ന നിരക്കില്‍ അഭയാര്‍ത്ഥികളുണ്ടായിക്കൊണ്ടിരിക്കുന്നുവെന്നറിയുമ്പോഴാണ് ഈ പ്രശ്നത്തിന്റെ ആഴം നമുക്ക് മനസ്സിലാകുക. ഇവിടെ കുടിയേറ്റങ്ങളെ കണക്കിലെടുക്കുന്നില്ലെന്നത് പ്രത്യേകം ശ്രദ്ധിക്കണം. കാരണം അഭയാര്‍ത്ഥികള്‍ നേരിടുന്ന വെല്ലുവിളികളല്ല കുടിയേറ്റക്കാര്‍ക്കുള്ളത്. അവര്‍ കൂടുതല്‍ മനോഹരമായി ജീവിക്കാനുള്ള സാധ്യതകളെ തേടിയിറങ്ങിയ ഭാഗ്യാന്വേഷികളാണ്. അവര്‍ സ്വന്തം ഇഷ്ടപ്രകാരമാണ് നാടുപേക്ഷിക്കുന്നത്. അവരുടെ മുന്നില്‍ അഥവാ സ്വപ്നങ്ങളില്‍ കൂടുതല്‍ നിറങ്ങളുള്ള ഒരു ഭാവി എന്ന പ്രതീക്ഷയുണ്ട്.

എന്നാല്‍ അഭയാര്‍ത്ഥികളുടെ തൊട്ടുമുന്നില്‍ മരണം മാത്രമാണ്. അവിടെ സ്വപ്നങ്ങളോ പ്രതീക്ഷകളോ ഇല്ല. എങ്ങനെ മരണത്തില്‍ നിന്നും രക്ഷപ്പെടാമെന്ന വിഹ്വലതകള്‍ മാത്രമേയുള്ളു. അവര്‍ തങ്ങളുടെ ഇടങ്ങളെയോ രാജ്യത്തേയോ വിട്ടു പോകുന്നതിനെക്കുറിച്ച് ആലോചിക്കുന്നതുപോലും ജീവിക്കുവാന്‍ വേണ്ടി മാത്രമാണ്. ഇഷ്ടമില്ലാതിരുന്നിട്ടും നാടുപേക്ഷിക്കാന്‍ നിര്‍ബന്ധിക്കപ്പെടുന്നു, കുടിയേറ്റക്കാരാകട്ടെ സ്വന്തം ഇഷ്ടപ്രകാരം നാടുപേക്ഷിച്ചു കൂടുതല്‍ നല്ല സാധ്യതകളെ അന്വേഷിക്കുന്നു അതുകൊണ്ടാണ് അഭയാര്‍ത്ഥികളേയും കുടിയറ്റക്കാരേയും യു.എന്‍. രണ്ടായി കണ്ടുകൊണ്ട് നടപടികള്‍ സ്വീകരിച്ചു വരുന്നത്.

 

അഭയാര്‍ത്ഥികള്‍ ഉണ്ടാകുന്നത്

 

ഓരോ വര്‍ഷവും അഭയാര്‍ത്ഥികളുടെ എണ്ണത്തില്‍ ഭയാനകമായ വര്‍ദ്ധനവാണ് ഉണ്ടാകുന്നത്. രണ്ടു സെക്കന്റില്‍ ഒരാള്‍ എന്നതാണ് അഭയാര്‍ത്ഥികള്‍ സൃഷ്ടിക്കപ്പെടുന്ന നിരക്ക് എന്ന് നാം കണ്ടതാണല്ലോ. സാഹചര്യങ്ങള്‍ വെറുതെ ഉണ്ടാകുന്നതല്ല.അന്യന്റെ ഇടങ്ങളിലേക്ക് അതിക്രമിച്ചു കയറി വെട്ടിപ്പിടിക്കാനുള്ള ത്വരയുടെ ഫലമാണത്. അങ്ങനെ കയറുന്നതിന് രാഷ്ട്രീയവും സാംസ്കാരികവും മതപരവുമായ കാരണങ്ങളെയൊക്കെ ചൂണ്ടിക്കാണിക്കാമെങ്കിലും ആയുധ വ്യാപാരം നടത്തുന്ന ലോകശക്തികളുടെ ബോധപൂര്‍വ്വമായ ഇടപെടലുകള്‍ നിര്‍ണായകമാകുന്നു. ഇരയ്ക്കും വേട്ടക്കാരനും ആയുധങ്ങള്‍ സമ്മാനിച്ചു കൊണ്ട് അവര്‍ നടത്തുന്ന നീക്കങ്ങള്‍ യുദ്ധത്തേയും കലാപങ്ങളേയും വിളിച്ചു വരുത്തുന്നു. ഒരു യുദ്ധമുണ്ടാകാന്‍ യാതൊരു കാരണവും ആവശ്യമില്ലെന്ന അമേരിക്ക സദ്ദാം ഹുസൈന്റെ ഇറാക്കിനോട് സ്വീകരിച്ച നയത്തില്‍ നാം കണ്ടതാണ്.

മനുഷ്യന്റെ ആര്‍ത്തിയാണ് – അത് മതത്തിന്റെ പേരിലായാലും ശരി, രാജ്യത്തിന്റെ പേരിലായാലും ശരി മറ്റെന്തിന്റെ പേരിലായാലും ശരി – അസമാധാനങ്ങള്‍ സൃഷ്ടിക്കുന്നത്, മറ്റുള്ളവരുടെ ജീവിക്കുവാനുള്ള അവകാശങ്ങളിലേക്ക് ഇടിച്ചു കയറുന്നതെന്നത് വസ്തുതയാണ് താഴെ കൊടുക്കുന്ന പട്ടിക ലോകത്താകമാനമായി സൃഷ്ടിക്കപ്പെട്ടിരിക്കുന്ന അഭയാര്‍ത്ഥികളെക്കുറിച്ച് ഒരു ധാരണയുണ്ടാക്കുന്നതാണ്.

(അവലംബം – വിക്കിപ്പീഡിയ – ലേഖനം Refugee )

 

ക്യാമ്പുകള്‍ – ഇടമില്ലാത്തവരുടെ ഇടങ്ങള്‍

 

തിരിഞ്ഞു നോക്കാന്‍ പോലും കഴിയാതെ രാജ്യം വിട്ടോടിപ്പോരുന്ന ഈ ജനതയോട് മനുഷ്യത്വപരമായി ഇടപെടുകയെന്നത് ലോകം നേരിടുന്ന വലിയ വെല്ലുവിളികളാണ്. തങ്ങളാരെന്നോ എന്താണെന്നോ രാജ്യമേതാണെന്നോ തെളിയിക്കാനുള്ള ഒരു രേഖയും കൈവശമില്ലാത്ത അക്കൂട്ടരെ അതിര്‍ത്തികള്‍ തുറന്നിട്ടുകൊടുത്തും ക്യാമ്പുകള്‍ സംഘടിപ്പിച്ചും ലോകരാജ്യങ്ങളും സന്നദ്ധ സംഘടനകളും സ്വീകരിച്ച് ആശ്വസിപ്പിക്കുന്നു. എന്നാല്‍‌പ്പോലും എല്ലാ പരിധികളേയും ലംഘിക്കുന്ന ഒഴുക്കാണ് പലയിടങ്ങളിലും നടക്കുന്നത്. അത് രാജ്യങ്ങളെ സമ്മര്‍ദ്ദത്തിലാക്കുന്നു. അവരുടെ ഭൌതിക സാഹചര്യങ്ങളുടെ സാധ്യതകളെ വെല്ലുവിളിക്കുന്ന ആ ഒഴുക്കിനു മുന്നില്‍ മുഖം തിരിക്കുന്നവരുണ്ട്. അതോടൊപ്പംതന്നെ അഭയാര്‍ത്ഥികളെ സ്വീകരിക്കാന്‍ മതപരമായ കാരണങ്ങളാലും ചില രാജ്യങ്ങള്‍ സങ്കോചം പ്രകടിപ്പിക്കുന്നു. അഭയാര്‍ത്ഥികളെ പസഫികിലെ നോറുവെന്ന ചെറുദ്വീപിലെ ജയിലിലടച്ച് അവരോട് ക്രൂരമായി ക്രൂരമായി പെരുമാറിയ ആസ്ട്രേലിയ ഒരുദാഹരണമാണ്.

അവസാനം?

 

ഈ നീല ഗോളത്തില്‍ എല്ലാവര്‍ക്കും ഇടമുണ്ട്, അത് പരസ്പരം അനുവദിച്ചുകൊടുക്കുക എന്നതാണ് നാം ആദ്യമായി ചെയ്യാനുള്ളത്. അതൊരു സംസ്കാരമായി നമുക്ക് വരും തലമുറകളിലേക്ക് കൈമാറാന്‍ കഴിയണം. മനുഷ്യനെന്ന മഹത്തായ മൂല്യങ്ങള്‍ക്കു പകരം വെയ്ക്കാന്‍ മറ്റെന്തെങ്കിലും കണ്ടെത്തുന്ന നിമിഷം തന്നെ അവിടെ സംഘര്‍ഷം ഉണ്ടാകുന്നു. അതുകൊണ്ട് ആത്യന്തികമായ മൂല്യം മനുഷ്യനാണെന്ന ബോധ്യമുണ്ടാകുന്നതുവരെ അഭയാര്‍ത്ഥികള്‍ സൃഷ്ടിക്കപ്പെട്ടുകൊണ്ടേയിരിക്കും.

മനോജ് പട്ടേട്ട്, വയനാട്ടിലെ മാനന്തവാടി സ്വദേശി.

അഭിപ്രായങ്ങൾ ലേഖകന്റേതു മാത്രം.

Leave a Reply

Your email address will not be published. Required fields are marked *