Fri. Apr 19th, 2024
#ദിനസരികള്‍ 824

രണ്ടോ മൂന്നോ ദിവസമായി ഡോ. കെ.എന്‍. ആനന്ദന്‍ എഴുതിയ ‘ഭാഷാ ശാസ്ത്രത്തിലെ ചോംസ്കിയന്‍ വിപ്ലവം’ എന്ന പുസ്തകവുമായി മല്ലിടുകയാണ്. ചോംസ്കിയെപ്പറ്റി ഇത്ര വിപുലവും ആധികാരികവുമായ മറ്റൊരു പുസ്തകം മലയാളത്തില്‍ ഞാന്‍ കണ്ടിട്ടില്ല. എണ്ണൂറ്റി ഇരുപത്തഞ്ച് പേജോളം വരുന്ന ഈ പുസ്തകം ചോംസ്കിയന്‍ സൈദ്ധാന്തികതയെ സമഗ്രമായി വിലയിരുത്തുന്നു. അതുകൊണ്ടുതന്നെ സമയമെടുത്ത് മനസ്സിലാക്കി വായിച്ചുപോകുക എന്നൊരു സമീപനമാണ് ഞാന്‍ സ്വീകരിച്ചിരിക്കുന്നത്. മാത്രവുമല്ല എനിക്ക് അത്രയേറെ ബന്ധമില്ലാത്ത മേഖലയായതുകൊണ്ടുതന്നെ ഡോ.ആനന്ദന്‍ പറഞ്ഞുപോകുന്ന സാങ്കേതിക പദങ്ങളുടെ പിന്നാലെ പോയി അവയുടെ പ്രയോഗം കൊണ്ട് ഉദ്ദേശിക്കുന്നത് എന്താണെന്ന് മനസ്സിലാക്കി വീണ്ടും പുസ്തകത്തിലേക്ക് വന്ന് ഒന്നുകൂടി പ്രസ്തുത ഭാഗം വായിച്ച് കാര്യങ്ങള്‍ ഏകദേശമെങ്കിലും ഗ്രഹിച്ചുവെന്നുറപ്പാക്കിയൊക്കെയാണ് ഓരോ പേജിലൂടെയും കടന്നു പോകുന്നത്. ഇത്തരത്തിലുള്ള വിലപ്പെട്ട ഗ്രന്ഥങ്ങള്‍ വായിക്കുമ്പോഴാണ് വായന ശരിക്കുമൊരു അധ്വാനമാകുന്നത്.

അധ്വാനത്തിന് ഇടവേളകള്‍ വേണമല്ലോ! അത്തരം ഇടവേളകള്‍ ആനന്ദപ്രദമാക്കുവാന്‍ ഞാന്‍ കൂടെ കൂട്ടിയിരിക്കുന്നത് മോഹന്‍ ലാല്‍ ശേഖരിച്ച ഓഷോ ഫലിതങ്ങളെയാണ്. (കൂട്ടത്തില്‍ പറയട്ടെ ഞാനൊരു ഓഷോ ആരാധകനൊന്നുമല്ല, എനിക്ക് അദ്ദേഹത്തോടു തോന്നിയ ഒരേയൊരിഷ്ടം യാഥാസ്ഥിതികരെ ഞെട്ടിക്കാന്‍ കാണിച്ച സാമര്‍ത്ഥ്യമാണ്. വെറുതെ നിഷേധിച്ചു കൊണ്ട് ഞെട്ടിക്കുയായിരുന്നില്ല അദ്ദേഹം ചെയ്തത്. എന്തുകൊണ്ട് നിഷേധിക്കണമെന്നും എന്തുകൊണ്ട് താനുന്നയിക്കുന്ന ആശയത്തിന്റെ മേഖലകളെ അനുധാവനം ചെയ്യണമെന്നും അദ്ദേഹം കാര്യകാരണ സഹിതം വ്യക്തമാക്കുന്നുമുണ്ട്. ആശയപരമായി അദ്ദേഹം ഉന്നയിച്ച എതിര്‍പ്പുകളെ മനസ്സിലാക്കാതെ അദ്ദേഹത്തെ ഫ്രീസെക്സിന്റെ അപോസ്തലനാക്കി മാത്രം മാറ്റിക്കൊണ്ട് യാഥാസ്ഥിതി കര്‍ തിരിച്ചടിച്ചതെന്നതുകൂടി ഓര്‍മിക്കുക) തന്റെ പ്രഭാഷണങ്ങളുടെ സന്ദര്‍ഭത്തിനൊത്ത് ഫലിതം പ്രയോഗിക്കുക എന്നത് ഓഷോയുടെ രീതിയായിരുന്നു.അങ്ങനെ വിവിധങ്ങളായ സന്ദര്‍ഭത്തില്‍ ഓഷോ പറഞ്ഞ ഫലിതങ്ങളാണ് ഇവിടെ സമാഹരിച്ചിരിക്കുന്നത്. ആ പുസ്തകത്തിലൂടെ കടന്നുപോകുമ്പോള്‍ ഓഷോയോടൊപ്പം ചിരിക്കുക എന്നതുമൊരു ബൌദ്ധിക വ്യാപാരമാണെന്ന് നാം മനസ്സിലാക്കും.

“ചിരി പലതരത്തിലുണ്ട്. ശരീരംകൊണ്ട് ഗോഷ്ഠികാണിച്ച് ചിലര്‍ ചിരിപ്പിക്കുന്നു. മറ്റു ചിലര്‍ അനുകരണങ്ങളിലൂടേയും സംസാര ശൈകളിലൂടെയും ചിരിപ്പിക്കുന്നു. ഇനിയും ചിലരുണ്ട്, സൂക്ഷ്മമായ വാക്കും അഗാധമായ ഉള്‍ക്കാഴ്ചയും തത്വചിന്തയും ചേര്‍ത്ത് ചിരിയുണര്‍ത്തുന്നവര്‍. സംസ്കൃതമായ ഫലിതമാണത്. ചിരിയിലൂടെ പല സത്യങ്ങളും ജീവിതത്തിന്റെ നിസ്സാരതകളും വെളിവാക്കിത്തരികയാണ് അവര്‍ ചെയ്യുന്നത്” എന്ന് മോഹന്‍ ലാല്‍ ഓഷോഫലിതങ്ങളെക്കുറിച്ച് എഴുതുന്നു.

ചില ഓഷോ ഫലിതങ്ങള്‍ വായിക്കുക

മിസ്റ്റര്‍ ബെന്‍ച്ലി ഒരു മൂലയിലിരുന്ന് സാവധാനം തന്റെ മാള്‍ട്ടിനി നുണയുകയായിരുന്നു. അപ്പോഴൊരു സ്ത്രീ അയാളെ സമീപിച്ച് പറഞ്ഞു ‘നിങ്ങള്‍ക്ക് അറിയാമോ നിങ്ങള്‍ കുടിക്കുന്ന ഈ സാധനം സാവധാനം പ്രവര്‍ത്തിക്കുന്നൊരു വിഷമാണെന്ന്?” ”അത് ശരിയാണ്,” അയാള്‍ മറുപടി പറഞ്ഞു “എനിക്കൊട്ടും തന്നെ ധൃതിയില്ല.”

രണ്ട് – മുല്ലയുടെ ഭാര്യ അയാളോട് വഴക്കടിച്ചുകൊണ്ടിരിക്കുകയായിരുന്നു. “എന്തെങ്കിലുമൊന്ന് ചെയ്യണം. നിങ്ങള്‍ അമ്മക്ക് ഇന്നുതന്നെ എഴുതണം. അവരെന്നോട് ക്രൂരമായും മോശമായുമാണ് പെരുമാറുന്നതെന്ന്.”
മുല്ല പറഞ്ഞു. “ആയിരക്കണക്കിന് മൈലുകളകലെയാണ് അമ്മയിപ്പോള്‍. പിന്നെങ്ങനെയാണവര്‍ നിന്നോട് ക്രൂരമായി പെരുമാറുന്നത്”
“എന്നെ വിശ്വാസമില്ലെങ്കില്‍ ഈ കത്തുവായിക്കൂ” ഭാര്യ ഒരു കത്തെടുത്ത് നീട്ടി
നസ്രുദ്ദീനുള്ള കത്തായിരുന്നു. അതില്‍ ചെറിയൊരടിക്കുറിപ്പുണ്ടായിരുന്നു. അടിക്കുറിപ്പ് ഭാര്യക്കുള്ളതായിരുന്നു.”ദയവായി നിങ്ങള്‍ വായിച്ചതിനു ശേഷം ഈ കത്ത് എന്റെ മകന് കൊടുക്കുക.”

മൂന്ന് – മൂന്നാം ലോക മഹായുദ്ധം അവസാനിച്ചു. ഒരു കുരങ്ങന്‍ പാറമേലിരുന്ന് വെയിലുകായുകയാണ്. ഒരു പെണ്‍കുരങ്ങ് വന്ന് ഒരാപ്പിള്‍ അവന് നല്കി. അപ്പോള്‍ ആണ്‍കുരങ്ങ് പറയുകയാണ് “എന്റെ ദൈവമേ, ഇതെല്ലാം ഞങ്ങളായിട്ട് വീണ്ടും തുടങ്ങണോ?”

കൂടുതല്‍ ഫലിതങ്ങള്‍ എടുത്തെഴുതുന്നില്ല. മതപുരോഹിതന്മാരേയും രാഷ്ട്രീയ നേതാക്കാന്മാരേയുമടക്കം സമൂഹത്തിന്റെ വിവിധ തുറകളില്‍ പ്രവര്‍ത്തിക്കുന്ന ആളുകളെ തന്റെ അസാധാരണമായ സര്‍ഗ്ഗാത്മകതകൊണ്ട് സൃഷ്ടിക്കപ്പെട്ട ഫലിതങ്ങളാല്‍ കുരിശില്‍ തറച്ചു നിറുത്തുന്നുണ്ട്, ഓഷോ. ആ ഫലിതങ്ങളില്‍ കമ്യൂണിസ്റ്റുകാര്‍ അദ്ദേഹത്തിന് പ്രത്യേകമായ ഒരു ലക്ഷ്യമായിരുന്നു. ഓഷോയെക്കുറിച്ച് ഞാനാദ്യമായി വായിച്ച ഒരു കുഞ്ഞു പുസ്തകത്തിലും കമ്യൂണിസ്റ്റുകാരനെ കളിയാക്കുന്ന ഒരു ഫലിതമുണ്ടായിരുന്നുവെന്നാണ് ഓര്‍മ്മ. ചിരി ഇഷ്ടപ്പെടുന്നവര്‍ക്ക് ഈ പുസ്തകം കൈവശം വെയ്ക്കുന്നത് നല്ലതുതന്നെ.

മനോജ് പട്ടേട്ട്, വയനാട്ടിലെ മാനന്തവാടി സ്വദേശി.

അഭിപ്രായങ്ങൾ ലേഖകന്റേതു മാത്രം.

Leave a Reply

Your email address will not be published. Required fields are marked *