മിര്‍സാപുര്‍:
ഒടുവിൽ പ്രിയങ്കയ്ക്ക് മുന്നിൽ ഉത്തർപ്രദേശ് മുഖ്യമന്ത്രി ആദിത്യനാഥ് മുട്ടുമടക്കി. 24 മണിക്കൂർ നീണ്ട കുത്തിരിപ്പിനൊടുവിൽ എ.ഐ.സി.സി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി സോൻഭദ്രയിൽ ഭൂമി തർക്കത്തെ തുടർന്നുണ്ടായ വെടിവയ്പ്പിൽ കൊല്ലപ്പെട്ടവരുടെ ബന്ധുക്കളെ കണ്ടു. അതേസമയം, ബന്ധുക്കൾക്ക് പ്രിയങ്കയെ കാണാൻ അധികനേരം അനുവദിച്ചില്ലെന്നും ആരോപണമുണ്ട്. കൊല്ലപ്പെട്ടവരുടെ ബന്ധുക്കൾ ഗസ്റ്റ് ഹൗസിലെത്തിയാണ് പ്രിയങ്കയെ കണ്ടത്. ഇവരോട് പ്രിയങ്ക കാര്യങ്ങൾ ചോദിച്ചറിയുകയും ചെയ്തു. എന്നാൽ കൊല്ലപ്പെട്ടവരുടെ ചില ബന്ധുക്കൾ മാത്രമാണ് തന്നെ സന്ദർശിച്ചതെന്നും എല്ലാ ബന്ധുക്കളെയും കടത്തിവിട്ടില്ലെന്നും പ്രിയങ്ക ആരോപിച്ചു.
സോന്‍ഭദ്രയില്‍ സ്ത്രീകളുള്‍പ്പടെ 10 ആദിവാസികളെ ഗ്രാമത്തലവനും കൂട്ടാളികളും കഴിഞ്ഞ ബുധനാഴ്ചയാണ് വെടിവെച്ചുക്കൊന്നത്. 24 പേര് ഗുരുതര പരിക്കുകളോടെ ചികിത്സയിലാണ്. മരിച്ച പത്ത് പേരുടെയും കുടുംബാംഗങ്ങളെ സന്ദർശിക്കാനായിരുന്നു പ്രിയങ്ക എത്തിയത്. എന്നാല്‍, നിരോധനാജ്ഞ നിലനില്‍ക്കുന്ന സോന്‍ഭദ്രയില്‍ പ്രിയങ്കക്ക് പ്രവേശനം അനുവദിക്കില്ലെന്ന് യോഗി സര്‍ക്കാര്‍ തീരുമാനിക്കുകയായിരുന്നു.
തുടർന്നു സ്ഥലത്ത് സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് മിര്‍സാപുര്‍ പൊലീസ് പ്രിയങ്കയെ തടഞ്ഞ് കരുതല്‍ കസ്റ്റഡിയിലെടുത്തു. മിർസാപുർ ഗസ്റ്റ് ഹൗസിലാണ് വെള്ളിയാഴ്ച രാത്രിയിൽ പ്രിയങ്ക തങ്ങിയത്. ഗസ്റ്റ്ഹൗസിലെ വൈദ്യുതിബന്ധം അധികൃതർ വിഛേദിക്കുകയും ചെയ്തു. ഇതോടെ പ്രിയങ്ക രാത്രി മുഴുവൻ കഴിച്ചുകൂട്ടിയത് കോൺഗ്രസ് പ്രവർത്തകർ നൽകിയ മെഴുകുതിരിവെട്ടത്തിലാണ്. രാത്രി മൊബൈൽ ഫോൺ ലൈറ്റിന്റെ വെട്ടത്തിൽ പ്രവർത്തകരുമായി സംവദിക്കാനും പ്രിയങ്ക സമയം കണ്ടെത്തി. കൊല്ലപ്പെട്ടവരുടെ ബന്ധുക്കളെ കാണാതെ മടങ്ങില്ലെന്ന നിലപാടിൽ പ്രിയങ്ക ഉറച്ചുനിന്നതോടെയാണ് അധികൃതർ വിട്ടുവീഴ്ചയ്ക്കു തയാറായത്.