ആലത്തൂര്‍:
ആലത്തൂര്‍ എംപി രമ്യ ഹരിദാസിന് കാറ് വാങ്ങി നല്‍കാന്‍ പിരിവുമായി യൂത്ത് കോണ്‍ഗ്രസ്. അനില്‍ അക്കര എംഎല്‍എ ഉള്‍പ്പെടെയുളളവരുടെ പിന്തുണയും തീരുമാനത്തിന് പിന്നിലുണ്ട്.ഓഗസ്റ്റ് 9 ന് വടക്കഞ്ചേരി മന്ദം മൈതാനിയില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കാറിന്റെ താക്കോല്‍ രമ്യയ്ക്ക് കൈമാറും.
ആലത്തൂര്‍ പാര്‍ലമെന്റ് യൂത്ത് കോണ്‍ഗ്രസ് കമ്മിറ്റിയാണ് ഇതിനായി സംഭാവന കൂപ്പണ്‍ ഇറക്കിയിരിക്കുന്നത്. ആയിരം രൂപയാണ് ഒരു സംഭാവന രസീതിന്റെ ചാര്‍ജ്. ബൂത്ത് കമ്മിറ്റികളിലൂടെയാണ് പിരിവ് നടത്തുന്നതെന്ന് യൂത്ത് കോണ്‍ഗ്രസ് അറിയിച്ചു. പൊതുജനങ്ങളില്‍ നിന്ന് പിരിക്കാതെ യൂത്തു കോണ്‍ഗ്രസില്‍ നിന്ന് മാത്രം പിരിവു നടത്തി സുതാര്യത ഉറപ്പാക്കണമെന്നാണ് നിര്‍ദേശം.ബൂത്ത് കമ്മിറ്റികളിലൂടെ രണ്ട് ലക്ഷം രൂപ വീതം പിരിക്കുകയാണ് ലക്ഷ്യം. 1,400 ലീഫുകളാണ് ആകെ അച്ചടിച്ചിട്ടുള്ളതെന്നാണ് യൂത്ത് കോണ്‍ഗ്രസ് ഭാരവാഹികള്‍ അറിയിക്കുന്നത്. 14 ലക്ഷത്തോളം രൂപ പിരിച്ച് എംപിക്ക് വാഹനം വാങ്ങി നല്‍കാനാണ് യൂത്ത് കോണ്‍ഗ്രസ് തീരുമാനം. എന്നാല്‍, യൂത്ത് കോണ്‍ഗ്രസിനുള്ളില്‍ തന്നെ ഇതുമായി ബന്ധപ്പെട്ട് ഒരു വിഭാഗം വിമര്‍ശനം ഉന്നയിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.
സര്‍പ്രൈസ് ഗിഫ്റ്റായിട്ടാണ് കാര്‍ നല്‍കുന്നതെന്ന് യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞിരുന്നു.എന്നാല്‍, വാഹനം സമ്മാനിക്കുന്ന കാര്യം താന്‍ മുന്‍പേ പലരും വഴി അറിഞ്ഞിട്ടുണ്ടെന്നാണ് രമ്യ ഹരിദാസ് പറയുന്നത്. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ചെയ്യുന്നതില്‍ എന്താണ് തെറ്റ് എന്നും രമ്യ ചോദിക്കുന്നു. യൂത്ത് കോണ്‍ഗ്രസ് യൂത്ത് കോണ്‍ഗ്രസുകാരിയായ തങ്ങളുടെ എംപിക്കാണ് വാഹനം വാങ്ങി നല്‍കുന്നത്. അതില്‍ യാതൊരു തെറ്റുമില്ല. അഭിമാനം കൊള്ളുകയാണ് താന്‍ ചെയ്യുന്നതെന്നും രമ്യ പറഞ്ഞു.
രമ്യ ഹരിദാസ് ഒരു സാധാരണക്കാരിയാണ്. തിരഞ്ഞെടുപ്പില്‍ അപ്രതീക്ഷ സ്ഥാനാര്‍ഥിയായ വ്യക്തിയാണ്. അത് എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണ്. ആലത്തൂര്‍ക്കാര്‍ക്ക് കൂടുതല്‍ സേവനം ലഭിക്കാനായാണ് തങ്ങളുടെ എംപിക്ക് വാഹനം വാങ്ങി നല്‍കുന്നതെന്നാണ് യൂത്ത് കോണ്‍ഗ്രസ് പറയുന്നത്. അതില്‍ അഭിമാനം തോന്നുന്നുണ്ടെന്നും ഒന്‍പതാം തീയതിയെ പരിപാടിയില്‍ പങ്കെടുക്കുമെന്നും രമ്യ പറഞ്ഞു. യൂത്ത് കോണ്‍ഗ്രസുകാര്‍ സമ്മാനമായി നല്‍കുന്ന വാഹനം താന്‍ വാങ്ങിക്കുമെന്നും രമ്യ കൂട്ടിച്ചേര്‍ത്തു.
സംഭാവന രസീത് സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ചതോടെ വിവാദവും പൊട്ടിപുറപ്പെട്ടു. ഒരു എംപി എന്ന നിലയില്‍ ശമ്പളവും മറ്റ് സര്‍ക്കാര്‍ ആനുകൂല്യങ്ങളും ലഭിക്കുന്ന എംപിക്ക് എന്തിനാണ് വാഹനം വാങ്ങി നല്‍കുന്നതെന്ന് പ്രതിപക്ഷം ചോദിക്കുന്നു. ശമ്പളവും മറ്റ് അലവന്‍സും അടക്കം മാസം രണ്ട് ലക്ഷത്തോളം രൂപ എംപിക്ക് ലഭിക്കുന്നുണ്ട്. എംപിക്ക് വാഹനം വാങ്ങാന്‍ പലിശ രഹിത വായ്പ അടക്കം ലഭ്യമാണ്. ഈ സാഹചര്യത്തിലാണ് വിമര്‍ശനങ്ങള്‍.