Mon. Dec 23rd, 2024
#ദിനസരികള്‍ 823

 

യാത്രകള്‍ക്കിടയില്‍ നല്ല ഭക്ഷണം ലഭിക്കുക എന്നതൊരു ഭാഗ്യമാണ്. എന്നാല്‍ പലപ്പോഴും നിര്‍ഭാഗ്യമാണ് കടാക്ഷിക്കാറുള്ളതെന്നതാണ് അനുഭവം. ഇന്നലേയും അത്തരത്തിലൊരു സംഭവമുണ്ടായി. ഒരു തിരക്കു പിടിച്ച ഓട്ടത്തിനിടയില്‍ നാടന്‍ ഉച്ച ഭക്ഷണം എന്ന് ചുവപ്പില്‍ വലിയ അക്ഷരത്തില്‍ എഴുതി വെച്ച ഒരു കടയിലേക്ക് ചെന്നു കയറുമ്പോള്‍ മനസ്സിലുണ്ടായിരുന്ന ഒരേയൊരു സമാധാനം നാടന്‍ എന്ന വിശേഷണമായിരുന്നു. എന്നാല്‍ പല പല തട്ടുകളിലായി കൊണ്ടു വന്ന് ഇലയുടെ വിവിധ ഭാഗങ്ങളില്‍ വിളമ്പിവെച്ച നാടന്‍ കറികളെന്ന് അവകാശപ്പെടുന്ന കൂട്ടുകളെ രുചിച്ചു നോക്കിയപ്പോള്‍ തന്നെ മനസ്സിലായി നാടന്‍ എന്നത് ബോര്‍ഡിലേ ഉള്ളുവെന്ന്. മാര്‍ക്കറ്റില്‍ നിന്നും വാങ്ങിക്കൊണ്ടു വന്ന കാരറ്റും ബീറ്റ്‌റൂട്ടും ഉരുളക്കിഴങ്ങുമൊക്കെ പല തരത്തില്‍ അരിഞ്ഞു കൂട്ടി വേവിച്ചെടുത്ത അവയ്ക്കാകട്ടെ സത്യത്തില്‍ ഒരു രുചിയുമില്ലായിരുന്നു. ചോറിനു മുകളിലൊഴിച്ച പച്ചക്കറിയും മീന്‍കറിയും മറ്റൊരു അബദ്ധമായിരുന്നു. എന്തായാലും വിശപ്പ് അനുവദിക്കാത്തതുകൊണ്ട് പാവയ്ക്കാത്തോരന്‍ കൂട്ടി കുറച്ച് ചോറു വാരിക്കഴിച്ച് എഴുന്നേറ്റു.

നാടന്‍ എന്നുള്ളതു ആളുകളെ ആകര്‍ഷിക്കുന്ന ഒരു പ്രയോഗമാണെന്ന് ഹോട്ടലുകാര്‍ക്കറിയാം. ആവശ്യക്കാരനാകട്ടെ, എന്തായാലും നാടന്‍ ഭക്ഷണമാണല്ലോ ചിലപ്പോള്‍ നന്നായേക്കാം എന്ന ധാരണയിലാണ് അവിടേക്ക് ചെന്നു കയറുന്നത്. പിന്നീടാണല്ലോ മസാലക്കൂട്ടുകളുടെ കടുത്ത രസത്തില്‍ പാകപ്പെടുത്തിയെടുത്ത “വിദേശ” ഭക്ഷണമാണ് അവിടെ വിളമ്പുന്നതെന്ന് മനസ്സിലാകുക. അപ്പോഴേക്കും നാം പെട്ടു പോയിട്ടുമുണ്ടാകും. അതുകൊണ്ട് നാടന്‍ എന്നു പറഞ്ഞാല്‍ എന്താണുദ്ദേശിക്കുന്നതെന്നും ചില നാടന്‍ കറികളെക്കുറിച്ചും വ്യക്തമാക്കേണ്ടതുണ്ടെന്ന് തോന്നുന്നു.

നാടന്‍ കറികളെന്ന് പറയുന്നത് കഴിയുന്നത്ര മസാലക്കൂട്ടുകള്‍ കുറച്ച്, നമ്മുടെയൊക്കെ വീടിനു ചുറ്റിനും നിന്ന് ലഭിക്കുന്ന സാധനസാമഗ്രികള്‍ ഉപയോഗിച്ചുകൊണ്ട് തയ്യാറാക്കുന്ന ലളിതവും എന്നാല്‍ രുചിയുള്ളതുമായ വിഭവങ്ങളാണ്. ഒരനുഭവം പറയട്ടെ എന്റെ കുട്ടിക്കാലത്ത് ഏകദേശം പത്തുമുപ്പത്തഞ്ചു കൊല്ലം മുമ്പ് രാവിലെ ഒരു പതിനൊന്നു മണിയാകുമ്പോള്‍ അടുക്കളപ്പുറത്തു നിന്നും മിക്ക ദിവസങ്ങളിലും അമ്മയുടെ ഉച്ചത്തിലൊരു ചോദ്യം കേള്‍ക്കാം. ഇന്നിപ്പോ എന്താണ് കറിവെയ്ക്കുക എന്നാണ് ചോദ്യം. ആരോടെങ്കിലുമായി ചോദിക്കുന്നതല്ല. ആത്മഗതം ഉച്ചത്തലായിപ്പോകുന്നെന്ന് മാത്രം. ചോദ്യത്തോടൊപ്പം ഒരു ചെറിയ അരിവാളും കൈയ്യിലെടുത്ത് അമ്മ പുറത്തേക്ക് പോകുന്നത് കാണാം. എന്തായാലും ഉച്ചക്ക് കഴിക്കാനിരിക്കുമ്പോള്‍ രുചികരമായ ഒരു രസക്കൂട്ട് ഉറപ്പാണ്. കടയില്‍ നിന്നും വാങ്ങിക്കൊണ്ടുവരുന്നവ അക്കൂട്ടത്തില്‍ വളരെ കുറവായിരിക്കും. പറമ്പിലൊന്ന് ഇറങ്ങി നടന്നാല്‍ കൈയ്യില്‍ കിട്ടുന്നവയായിരിക്കും കൂടുതലും. എന്നു പറയുമ്പോള്‍ അക്കൂട്ടത്തില്‍ താളുണ്ട്, തകരയുണ്ട്, തഴുതാമയുണ്ട്, ചീരയുണ്ട്, മത്തനുണ്ട്, മുരിങ്ങയുണ്ട് – അങ്ങനെ എന്തെല്ലാം? കറിവെയ്ക്കാനറിയുന്ന ഒരമ്മയ്ക്ക് എന്തും കറിയാകുമെന്നു പറഞ്ഞാല്‍ മതി. ആശാരിക്ക് വൃക്ഷങ്ങളൊക്കെ ഉരുപ്പടികളാണെന്ന് പറയുന്നതുപോലെ.

അത്തരത്തിലുള്ള കറികളില്‍ എനിക്ക് ഏറെ ഇഷ്ടമായിരുന്നത് താളുകറിയാണ്. പിന്നെ ചുവന്ന ചീരയും ചക്കക്കുരുവും രസകരമായ ഒരു കൂട്ടാണ്. ചക്കയുടെ കാലമായാല്‍ കുരു ഈ കറികളിലെയൊക്കെ ഒരു പ്രധാന ചേരുവയാണ്. മാങ്ങയും ചക്കക്കുരുവും കൂടി കറി വെച്ചാല്‍ ഒരു നാഴിയരിയുടെ ചോറുണ്ണുമെന്ന് പറയുന്നത് വെറുതെയല്ല. ഏതിലയുടെ കൂടെ വേണമെങ്കിലും ചക്കക്കുരുവിനെ ചേര്‍ക്കാം, രുചിക്കുറവെന്ന പ്രശ്നമേയുണ്ടാവില്ലെന്ന് ഞാന്‍ സാക്ഷി.

വാഴക്കൂമ്പും ഇലകളുമൊക്കെ കൂടുതലായും തോരനായിട്ടാണ് ഉപയോഗിക്കുന്നത്. ഇവയിലൊക്കെ ആകെ ഉപയോഗിക്കുന്ന ചേരുവകള്‍ വറ്റല്‍ മുളകും ലേശം കടുകും എണ്ണയും ഉപ്പും മാത്രമാണ്. തീയലുകളുണ്ടാക്കുമ്പോഴാണ് അരപ്പ് കൂടുതലായി ചേര്‍ക്കുന്നത്. ഉള്ളി, പാവയ്ക്ക മുതലായ തീയലുകളാണ് സാധാരണയായി അക്കാലങ്ങളില്‍ ഉണ്ടാക്കിയെടുക്കാറുള്ളത്. അതൊക്കെ മൂന്നു നാലു ദിവസം വരെ ഒരു കേടും കൂടാതെ ഇരിയ്ക്കും. പക്ഷേ വളരെ വൃത്തിയോടെ ഭദ്രമായി കൈകാര്യം ചെയ്യണമെന്ന് മാത്രം.

ഓലന്‍, കാളന്‍, എരിശ്ശേരി, പുളിശേരി, പച്ചടി, കിച്ചടി എന്നിങ്ങനെ രുചികളുടെ ഒരു മേളം തന്നെ നാടന്‍ സദ്യകളിലുണ്ട്. മത്തനും വന്‍പയറും ചേര്‍ത്തുള്ള എരിശ്ശേരി വീടുകളിലെ സാധാരണ വിഭവമാണെങ്കിലും – വേണമെങ്കില്‍ കാളനേയും കൂട്ടാം – ബാക്കിയെല്ലാം വല്ലപ്പോഴുമെത്തുന്ന വിരുന്നുകാരാണ്.

ഈ തരത്തിലുള്ള വിഭവങ്ങളൊന്നും നാടന്‍ ഉച്ചഭക്ഷണം എന്നെഴുതി വെച്ച കടകളെ കാണുമ്പോള്‍ പ്രതീക്ഷിക്കുന്നില്ലെങ്കിലും അവയോട് നീതി പുലര്‍ത്തുന്ന ചിലതെങ്കിലുമുണ്ടാകണമെന്ന് ആഗ്രഹിക്കുന്നത് തെറ്റാകില്ലല്ലോ. അത്തരത്തിലുള്ള പ്രതീക്ഷകളെ ചൂഷണം ചെയ്യുകയാണ് ഓരോ കടക്കാരനും നടത്തുന്നത്. അതുകൊണ്ട് അധികം വിഭവങ്ങളൊന്നും വേണ്ട, ഉള്ളത് മനുഷ്യന് കഴിക്കാന്‍ പറ്റുന്ന വിധത്തിലാക്കിത്തരണമെന്ന അപേക്ഷ മാത്രമേ മുന്നോട്ടു വെയ്ക്കാനുള്ളു.

മനോജ് പട്ടേട്ട്, വയനാട്ടിലെ മാനന്തവാടി സ്വദേശി.

അഭിപ്രായങ്ങൾ ലേഖകന്റേതു മാത്രം.

Leave a Reply

Your email address will not be published. Required fields are marked *