ന്യൂഡൽഹി:
ആസ്സാമിലും ബീഹാറിലും കനത്ത മഴയും വെള്ളപ്പൊക്കവും കാരണം ആളുകൾ വളരെ ദുരിതത്തിലാണ്. അവിടങ്ങളിലെ മരണസംഖ്യ 94 ആയി. ബീഹറിൽ ഏകദേശം 12 ജില്ലകളിലായി 46 ശതമാനത്തിലധികം ആളുകളെ പ്രളയം ബാധിച്ചിട്ടുണ്ട്. 67 പേർ ഇതിനകം മരണമടഞ്ഞു. ഇതിൽത്തന്നെ സീതാമഡിയിൽ 17 ഉം മധുബനിയിൽ 11 ഉം പേർ മരിച്ചിട്ടുണ്ട്. ആസ്സാമിൽ 29 ജില്ലയിലെ 57 ലക്ഷം ജനങ്ങൾ പ്രളയത്തിന്റെ പിടിയിലാണ്. അവിടെ 27 പേർ ഇതിനകം മരിച്ചിട്ടുണ്ട്.
ആസ്സാമിൽ, റോഡുകളും പാലങ്ങളും തകർന്നുപോയതിനാൽ പല ഗ്രാമങ്ങളും ഒറ്റപ്പെട്ടുപോയിട്ടുണ്ട്. 427 ദുരിതാശ്വാസക്യാമ്പുകളിലും, ആവശ്യത്തിനുള്ള വെള്ളവും ഭക്ഷണവും ഇല്ല. മാത്രമല്ല, പനിയും മറ്റ് അസുഖങ്ങളും റിപ്പോർട്ടു ചെയ്യപ്പെട്ടിട്ടുണ്ട്.
ആസ്സാമിലെ ദുബ്‌രിയിലെ ജയിലിൽ വെള്ളം കേറിയതിനാൽ ജയിലിലെ 409 തടവുകാരേയും വനിതാകോളേജിലേക്കു മാറ്റിപ്പാർപ്പിച്ചു.
ആസ്സാമിലെ ഒന്നര ലക്ഷം പേർക്കെങ്കിലും വീടു നഷ്ടമായിട്ടുണ്ട്. 427 ദുരിതാശ്വാസക്യാമ്പുകൾക്കു പുറമെ, ദുരിതാശ്വാസസാമഗ്രികൾ വിതരണം ചെയ്യാനായി 392 കേന്ദ്രങ്ങളും ആരംഭിച്ചിട്ടുണ്ട്.