Thu. Jan 23rd, 2025
യു.എ.ഇ :

ഇറാന്‍ സമുദ്രാതിര്‍ത്തിയില്‍ എണ്ണ ടാങ്കര്‍ കാണാതായെന്ന് റിപ്പോര്‍ട്ട്. പനാമ പതാകയുള്ള യു.എ.ഇ കേന്ദ്രമായ ചെറിയ എണ്ണ ടാങ്കറാണ് കഴിഞ്ഞ ദിവസം മുതല്‍ കാണാതായത്. യു.എ.ഇ സമുദ്രാതിര്‍ത്തി പിന്നിട്ട് ഇറാന്‍ ഭാഗത്ത് പ്രവേശിച്ചത് മുതല്‍ ടാങ്കറുമായുള്ള ബന്ധം നഷ്ടപ്പെടുകയായിരുന്നു. റിയ എന്നു പേരുള്ള എണ്ണ ടാങ്കറിന് എന്തു സംഭവിച്ചുവെന്ന് കണ്ടെത്താന്‍ തിരച്ചില്‍ തുടരുകയാണ്. ഏതേസമയം നഷ്ടപ്പെട്ട ടാങ്കര്‍ യു.എ.ഇയുടെ ഉടമസ്ഥതയിലുള്ളതോ രാജ്യത്ത് ഓപറേറ്റ് ചെയ്യുന്നതോ അല്ലെന്ന് യു.എ.ഇ അധികൃതര്‍ വെളിപ്പെടുത്തി.

എണ്ണ ടാങ്കര്‍ ഇറാന്‍ പിടിച്ചെടുത്തതാകാന്‍ സാദ്ധ്യതയുണ്ടെന്നാണ് അമേരിക്ക വ്യക്തമാക്കുന്നത്. കിഷം ദ്വപിനോട് ചേര്‍ന്ന സമുദ്രാതിര്‍ത്തിയില്‍ ഇറാനിയന്‍ സൈന്യം ടാങ്കര്‍ പിടിച്ചെടുത്തുവെന്നാണ്് യു.എസ് പ്രതിരോധ വൃത്തങ്ങള്‍ ദേശീയ മാദ്ധ്യമങ്ങളോട് പറഞ്ഞത്.

എന്നാല്‍, ടാങ്കര്‍ കടലില്‍ തകരാനുള്ള സാദ്ധ്യതയും തള്ളിക്കളയാനാവില്ല. സഖ്യരാജ്യങ്ങളുമായി ചേര്‍ന്ന് എണ്ണ ടാങ്കറിന് എന്തു സംഭവിച്ചു എന്നു കണ്ടെത്താനുള്ള നീക്കം തുടരുകയാണെന്ന് യു.എ.ഇ അന്താരാഷ്ട്ര സുരക്ഷാ സഹകരണ വകുപ്പ് ഡയറക്ടര്‍ സാലിം അല്‍സാബി അറിയിച്ചു. രണ്ടായിരം ടണ്‍ സംഭരണ പ്രാപ്തി മാത്രമാണ് ടാങ്കറിനുള്ളത്.

ഇതു കൂടാതെ സംഘര്‍ഷഭരിതമായ പേര്‍ഷ്യന്‍ ഉള്‍ക്കടലില്‍ ഹോര്‍മുസ് കടലിടുക്ക് കടക്കുബോള്‍ ബ്രിട്ടീഷ് എണ്ണക്കപ്പല്‍ പിടിച്ചെടുക്കാന്‍ ഇറാന്‍ ശ്രമം നടത്തിയതായി അമേരിക്ക നേരത്തെ ആരോപിച്ചിരുന്നു. ഇറാന്‍ റെവല്യൂഷണറി ഗാര്‍ഡിന്റെ അഞ്ച് സായുധ ബോട്ടുകള്‍ ഉപയോഗിച്ച് ബ്രിട്ടീഷ് ഹെറിട്ടേജ് ടാങ്കര്‍ പിടിച്ചെടുക്കാനായിരുന്നു ശ്രമം. എണ്ണക്കപ്പല്‍ ഗതിമാറ്റി ഇറാന്റെ സമുദ്രാതിര്‍ത്തിയില്‍ നിറുത്താന്‍ ആവശ്യപ്പെട്ടു. എണ്ണക്കപ്പലിന് അകമ്പടി സേവിച്ചിരുന്ന ബ്രിട്ടീഷ് നാവികസേനയുടെ എച്ച്.എം.എസ് മോണ്‍ട്രോസ്, ഇറാന്‍ ബോട്ടുകള്‍ക്ക് നേരെ തോക്കുകള്‍ ചൂണ്ടിയതോടെ ബോട്ടുകള്‍ പിന്മാറുകയായിരുന്നുവെന്നും അമേരിക്ക അറിയിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *