Wed. Jan 22nd, 2025
കാഠ്മണ്ഡു :

നേപ്പാളിൽ ഒരാഴ്ചയായി പെയ്തുകൊണ്ടിരിക്കുന്ന കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും മരണം 88 കവിഞ്ഞു. ഇതുവരെ 32 പേരെ കാണാതായി. പ്രളയത്തില്‍നിന്ന് രക്ഷപ്പെടാൻ മറ്റു രാജ്യങ്ങളുടെയും, അന്താരാഷ്ട്ര സംഘടനകളുടെയും സഹായം ആവശ്യപ്പെട്ടു.

മഴയുടെ ശക്തി കുറഞ്ഞെങ്കിലും രാജ്യത്തിന്റെ മധ്യകിഴക്കന്‍ മേഖലകളിലെ ആളുകൾ വെള്ളപ്പൊക്കത്തില്‍നിന്ന് മോചിതരായിട്ടില്ല. ഔദ്യോഗിക കണക്കുകൾ പ്രകാരം 16,520 വീടുകളില്‍ വെള്ളം കയറിയിട്ടുണ്ട്. ബാരാ ജില്ലയില്‍ നാലുദിവസമായി 400 മില്ലീമീറ്ററിലധികം മഴയാണ് പെയ്തത്. കാഠ്മണ്ഡുവിലെ കലങ്കി, കുപോന്ദോലെ, കുലേശ്വര്‍, ബല്‍ഖു എന്നീ ഭാഗങ്ങള്‍ വെള്ളിയാഴ്ചമുതല്‍ പൂര്‍ണമായും വെള്ളത്തില്‍ മുങ്ങിക്കിടക്കുകയാണ്. കാഠ്മണ്ഡ‍ു, ലളിത്പുര്‍, ധാദിങ്, റൗതാഹത്, ചിതാവന്‍, സിരാഹ തുടങ്ങിയ പ്രദേശങ്ങളില്‍നിന്നായി 2500-ലധികം പേരെ രക്ഷപ്പെടുത്തിയതായി പോലീസ് പറഞ്ഞു. രക്ഷാപ്രവര്‍ത്തനത്തിന് സൈന്യത്തെയും അര്‍ധസൈനിക വിഭാഗത്തെയും നിയോഗിച്ചു.

കാഠ്മണ്ഡുവില്‍ അധികൃതര്‍ അടിയന്തരയോഗം ചേര്‍ന്ന് നാശനഷ്ടങ്ങള്‍ വിലയിരുത്തി. ഈ യോഗത്തിൽ ലോകാരോഗ്യസംഘടനയുടെ നേപ്പാള്‍ ഓഫീസിലെയും യുനിസെഫ്, യുണൈറ്റ‍ഡ് നാഷന്‍സ് പോപ്പുലേഷന്‍ ഫണ്ട് തുടങ്ങിയ അന്താരാഷ്ട്ര ഏജന്‍സികളുടെയും പ്രതിനിധികള്‍ പങ്കെടുത്തു. വിവിധയിടങ്ങളില്‍ പ്രത്യേക ആരോഗ്യകേന്ദ്രങ്ങള്‍ തുറന്നതായി അധികൃതര്‍ പറഞ്ഞു.

പകര്‍ച്ചവ്യാധികള്‍ പടരുന്നത് തടയാന്‍ മുന്‍കരുതലെടുക്കാനും നിര്‍ദേശം നല്‍കി. ആശുപത്രികളോടും മെഡിക്കല്‍ കോളേജുകളോടും പ്രത്യേക ഡോക്ടര്‍മാരടങ്ങുന്ന അടിയന്തര ചികിത്സാസംഘത്തെ രൂപവത്‌കരിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. പ്രളയബാധിതര്‍ക്ക് പ്രവിശ്യസര്‍ക്കാരുകള്‍ അടിയന്തരസഹായം പ്രഖ്യാപിച്ചു.

മിക്ക ജലാശയങ്ങളും പ്രളയജലത്തില്‍ മലിനമായതിനാൽ തരായി മേഖലയില്‍ അതിസാരം, ടൈഫോയ്ഡ്, മഞ്ഞപ്പിത്തം തുടങ്ങിയവ പടരാന്‍ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പുണ്ട്. ഇവിടെ. തിങ്കളാഴ്ചമുതല്‍ നദികളില്‍ ജലനിരപ്പ് താഴാന്‍ തുടങ്ങി. എന്നാല്‍, തുടര്‍ച്ചയായി പെയ്ത മഴയില്‍ മണ്ണിടിച്ചിലിന് സാധ്യതയുണ്ടെന്നും കരുതിയിരിക്കണമെന്നും കാലാവസ്ഥാവകുപ്പ് മുന്നറിയിപ്പ് നല്‍കി.

By Ishika

Leave a Reply

Your email address will not be published. Required fields are marked *