കര്‍ണ്ണാടക:
കോണ്‍ഗ്രസ് നേതാക്കളില്‍ നിന്ന് ഭീഷണിയുണ്ടെന്ന് വ്യക്തമാക്കി പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് വിമത എം.എല്‍.എമാര്‍. മുംബൈ പൊലീസിനോടാണ് ഹോട്ടലില്‍ കഴിയുന്ന 14 വിമത എം.എല്‍.എമാര്‍ സംരക്ഷണം ആവശ്യപ്പെട്ടിരിക്കുന്നത്. കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി മല്ലികാര്‍ജുന ഖാര്‍ഗെ, കര്‍ണാടക ഉപമുഖ്യമന്ത്രി ജി. പരമേശ്വര എന്നിവര്‍ വിമത എം.എല്‍.എമാരെ കാണാന്‍ വരാനിരിക്കവേയാണ് എം.എല്‍.എമാരുടെ അപ്രതീക്ഷിത നീക്കം.
13 കോണ്‍ഗ്രസ് എം.എല്‍.എമാരും മൂന്ന് ജെ.ഡി.എസ്. എംഎല്‍എമാരുമാണ് നിലവില്‍ രാജിവെച്ചത്. എന്നാല്‍ കര്‍ണാടക സ്പീക്കര്‍ രാജി സ്വീകരിച്ചിട്ടില്ല. 16 പേര്‍ രാജിക്കത്ത് നല്‍കിയതോടെ കോണ്‍ഗ്രസ്- ജെ.ഡി.എസ്. സഖ്യസര്‍ക്കാരിന് സഭയില്‍ ഭൂരിപക്ഷം നഷ്ടമായിരിക്കുകയാണ്. സ്പീക്കര്‍ തങ്ങളുടെ രാജി സ്വീകരിക്കുന്നില്ലെന്ന് കാട്ടി വിമത എം.എല്‍.എമാര്‍ നല്‍കിയ ഹര്‍ജി ഇപ്പോള്‍ സുപ്രീംകോടതിയുടെ പരിഗണനയിലാണ്.
കഴിഞ്ഞ ദിസവം കര്‍ണ്ണാടകയില്‍ ചൊവ്വാഴ്ച വരെ തല്‍സ്ഥിതി തുടരാന്‍ സുപ്രീംകോടതി നിര്‍ദ്ദേശിച്ചിരുന്നു. സുപ്രീംകോടതി ഇടപെടലിലൂടെ കിട്ടിയ സമയം പ്രയോജനപ്പെടുത്തി വിമതരെ അനുനയിപ്പിക്കാമെന്ന ആത്മവിശ്വാസത്തിലാണ് മുഖ്യമന്ത്രി കുമാരസ്വാമി. അതിന്റെ അടിസ്ഥാനത്തിലാണ് വിശ്വാസ വോട്ടെടുപ്പിന് തയ്യാറായത്. അതിനിടെയാണ് വിമത എം.എല്‍.എമാര്‍ പോലീയ് സംരക്ഷണം ആവശ്യപ്പെട്ടത്.
ഇന്ന് രാവിലെ യശ്വന്ത്പുരയിലെ താജ് വിവാന്റെ ഹോട്ടലില്‍ കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗം ചേരുകയാണ്.
അതേസമയം കോണ്‍ഗ്രസ് നേതാക്കളില്‍ നിന്ന് സമ്മര്‍ദ്ദം ഒഴിവാക്കാന്‍ വിമത എം.എല്‍.എമാര്‍ സുപ്രീംകോടതിയെ സമീപിച്ചേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.