Wed. Nov 6th, 2024

സോഷ്യല്‍ മീഡിയ വഴിയുള്ള കളിയാക്കലുകളും അതിന് പിന്നാലെയുണ്ടാവുന്ന അപമാനങ്ങളുമൂലം ആളുകള്‍ ആത്മഹത്യ ചെയ്ത സംഭവങ്ങള്‍ വരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. സോഷ്യല്‍ മീഡിയ വ്യക്തിഹത്യ ചെയ്യലിനായി ഉപയോഗിക്കുന്നത് തടയുന്നതിനായുള്ള നീക്കങ്ങളുടെ ഭാഗമായി പുതിയ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സംവിധാനം ഏര്‍പ്പെടുത്തിയിരിക്കുകയാണ് ഇന്‍സ്റ്റാഗ്രാം.
ഒരാള്‍ ഇന്‍സ്റ്റാഗ്രാം പോസ്റ്റുകള്‍ക്ക് കീഴില്‍ മോശം കമന്റുകള്‍ പോസ്റ്റ് ചെയ്യാന്‍ തുടങ്ങുമ്ബോള്‍ ‘ഇത് പോസ്റ്റ് ചെയ്യാന്‍ നിങ്ങള്‍ തീര്‍ച്ചയായും ആഗ്രഹിക്കുന്നുണ്ടോ ?’ എന്ന് ഇന്‍സ്റ്റാഗ്രാം ചോദിക്കും.
എന്നാല്‍ ഈ സംവിധാനം നെഗറ്റീവ് കമന്റുകള്‍ പോസ്റ്റ് ചെയ്യുന്നത് വിലക്കുകയില്ല. എന്നാല്‍ മോശം കമന്റ് ചെയ്യുന്നതില്‍ നിന്നും ആളുകളെ പിന്തിരിയാനുള്ള അവസരം ഒരുക്കുകയാണ് ചെയ്യുന്നത്

പ്യൂ റിസര്‍ച്ച്‌ സെന്ററിന്റെ കണക്കനുസരിച്ച്‌ അമേരിക്കയിലെ 59 ശതമാനം കൗമാരക്കാരും ഓണ്‍ലൈനില്‍ കളിയാക്കലുകള്‍ക്കും പരിഹാസങ്ങള്‍ക്കും മാനസിക പീഡനങ്ങള്‍ക്കും വിധേയരാകുന്നുണ്ട്. ബ്രിട്ടനില്‍ ഡിച്ച്‌ ദി ലേബല്‍ നടത്തിയ പഠനത്തില്‍ 12 നും 20 നും ഇടയില്‍ പ്രായമുള്ള 42 ശതമാനം ആളുകളും ഓണ്‍ലൈനില്‍ ഭീഷണികളും, കളിയാക്കലുകളും, പീഡനങ്ങളും നേരിടുന്നുണ്ട്.

ഈ പുതിയ ഫീച്ചര്‍ വിജയകരമാണെന്ന് ഇതിനോടകം തെളിയിക്കപ്പെട്ടുവെന്ന് ഇന്‍സ്റ്റാഗ്രാം അവകാശപ്പെടുന്നു. പരീക്ഷണാടിസ്ഥാനത്തില്‍ ഈ ഫീച്ചര്‍ അവതരിപ്പിച്ചപ്പോള്‍ നിരവധിയാളുകളെ മോശം കമന്റുകള്‍ ഇടുന്നതില്‍ നിന്നും പിന്‍തിരിപ്പിക്കാന്‍ സാധിച്ചുവെന്നും ഇന്‍സ്റ്റാഗ്രാം പറഞ്ഞു.

ഇംഗ്ലീഷ് കമന്റുകള്‍ക്ക് മാത്രമേ ആദ്യം ഈ ഫീച്ചര്‍ ലഭ്യമാവുകയുള്ളൂ. വൈകാതെ ആഗോളതലത്തില്‍ ഈ സംവിധാനം ലഭ്യമാക്കുമെന്നാണ് വിവരം.

തങ്ങളുടെ പ്രൊഫൈലില്‍ വരുന്ന കമന്റുകള്‍ നിയന്ത്രിക്കാന്‍ ഉപയോക്താക്കളെ സഹായിക്കുന്ന ‘റെസ്ട്രിക്റ്റ്’ എന്ന മറ്റൊരു ഫീച്ചറും ഇന്‍സ്റ്റാഗ്രാം വൈകാതെ അവതരിപ്പിച്ചേക്കും.

പ്രശ്‌നം ഗുരുതരമാക്കുമെന്ന ഭയം മൂലം ശല്യക്കാരായ ആളുകളെ ബ്ലോക്ക് ചെയ്യാനും അണ്‍ഫോളോ ചെയ്യാനും പലര്‍ക്കും മടിയാണെന്ന് ഇന്‍സ്റ്റാഗ്രാം പറയുന്നു. ഈ സാഹചര്യത്തിലാണ് ഇന്‍സ്റ്റാഗ്രാം നേരിട്ട് ഇടപെടല്‍ നടത്തും വിധം പുതിയ ഫീച്ചര്‍ അവതരിപ്പിച്ചത്

By Ishika

Leave a Reply

Your email address will not be published. Required fields are marked *