Wed. Jan 22nd, 2025
#ദിനസരികള്‍ 818

 

ഒരു തരത്തിലുള്ള ജനാധിപത്യപരമായ മൂല്യബോധവും തൊട്ടുതെറിച്ചിട്ടില്ലാത്ത അധാര്‍മ്മികരാണ് ഭാരതീയ ജനതാ പാര്‍ട്ടി എന്ന പേരില്‍ സംഘടിച്ചിരിക്കുന്നതെന്നാണ് അക്കൂട്ടര്‍ മുന്നിട്ടിറങ്ങി നടത്തുന്ന ഓരോ നീക്കങ്ങളും തെളിയിച്ചുകൊണ്ടിരിക്കുന്നത്. അധികാരം എന്ന ഒരൊറ്റ ലക്ഷ്യത്തിനു വേണ്ടി സൌഹൃദപരമായി പുലര്‍ന്നു പോന്ന മതാന്തരീക്ഷങ്ങളെ അട്ടിമറിക്കുകയും വിശ്വാസത്തിന്റെ പേരില്‍ ജനതയെ തമ്മിലടിപ്പിക്കുകയും ചെയ്തുകൊണ്ട് രാഷ്ട്രീയകമ്പോളത്തില്‍ വലവീശാനിറങ്ങിയ അവരില്‍ നിന്നും ഏതെങ്കിലും തരത്തിലുള്ള മൂല്യങ്ങളെ പ്രതീക്ഷിച്ചു കൂടാ എന്നതാണ് ശരി.

ബ്രിട്ടീഷുകാരോട് മാപ്പിരക്കുന്ന കാര്യത്തിലായാലും ബാബറി മസ്ജിദിന്റെ കാര്യത്തിലാണെങ്കിലും പശുസംരക്ഷണത്തിന്റെ കാര്യത്തിലാണെങ്കിലും ദളിതു പീഡനത്തിന്റെ കാര്യത്തിലാണെങ്കിലും സത്യസന്ധമായി നടക്കേണ്ടുന്ന തിരഞ്ഞെടുപ്പുകളെ അധികാരമുപയോഗിച്ചു കൊണ്ട് അട്ടിമറിക്കുന്ന കാര്യത്തിലായാലും ലോകത്തിനു മുന്നില്‍ നമ്മുടെ രാജ്യത്തെ നാണം കെടുത്തുന്ന നിലപാടുകളാണ് എന്നും അവര്‍ സ്വീകരിച്ചിട്ടുള്ളത്.അവസാനമായി ജനാധിപത്യപരമായി നിലവില്‍ വന്ന സംസ്ഥാന സര്‍ക്കാറുകളെ കുതിരക്കച്ചവടം നടത്തി അട്ടിമറിച്ചുകൊണ്ട് ഇന്ത്യയുടെ ശിരസ്സിലേക്ക് നാണക്കേടിന്റെ മറ്റൊരു തൂവല്‍ കൂടി ബി.ജെ.പി. തുന്നിച്ചേര്‍ത്തിരിക്കുന്നു.

തിരഞ്ഞെടുപ്പുകളില്‍ ജയിച്ച എം.എല്‍.എമാരും എം.പിമാരുമൊക്കെ കളംമാറുന്നത് നാം കണ്ടിട്ടുണ്ട്. എന്നാല്‍ രാജ്യത്തിന്റെ പ്രധാനമന്ത്രിതന്നെ നേരിട്ടിറങ്ങി അവരെ നിര്‍ബന്ധപൂര്‍വ്വം മാറ്റിയെടുക്കുന്നത് ചരിത്രത്തിലാദ്യമായിട്ടാണ്. ലോകസഭ ഇലക്ഷനു മുമ്പേ തന്നെ ഇത്തരം കുതിരക്കച്ചവടങ്ങള്‍ ബി.ജെ.പിയിതര സംസ്ഥാനങ്ങളില്‍ നടക്കുമെന്ന സൂചന നല്കിക്കൊണ്ട് ബംഗാളിലെ നാല്പതോളം എമ്മെല്ലേമാര്‍ ബി.ജെ.പിയില്‍ ചേരുമെന്ന് നരേന്ദ്രമോദി പ്രഖ്യാപിച്ചത് നാം മറന്നിട്ടില്ല. അവര്‍ തന്നെ വന്നു കണ്ട് സമ്മതമറിയിച്ചുവെന്നാണ് അദ്ദേഹം പ്രഖ്യാപിച്ചത്. പ്രത്യക്ഷമായിത്തന്നെ കുതിരക്കച്ചവടത്തെ പ്രോത്സാഹിക്കുന്ന ഈ നിലപാട് സ്വന്തം അണികള്‍ക്കും നേതാക്കന്മാര്‍ക്കുമുള്ള വ്യക്തമായ സന്ദേശമായിരുന്നു. എങ്ങനേയും അധികാരം പിടിച്ചെടുക്കുക എന്നതുമാത്രമായിരിക്കുന്നു ബി.ജെ.പിയുടെ ലക്ഷ്യമെന്നാണ് ഇത്തരത്തിലുള്ള ഓരോ നീക്കങ്ങളും പ്രഖ്യാപിച്ചുകൊണ്ടിരിക്കുന്നത്.

ഈ കുറിപ്പ് എഴുതുമ്പോള്‍ ബംഗാളില്‍ നിന്നും നൂറ്റിനാല് എം.എല്‍.എമാര്‍ ബി.ജെ.പിയിലേക്ക് ചേരാന്‍ തീരുമാനിച്ചിരിക്കുന്നുവെന്ന വിവരം മുകുള്‍ റോയിയെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുന്നു. ഇന്നലെ വരെ കോണ്‍ഗ്രസന്റെ എം.എല്‍.എമാരായിരുന്നവര്‍ ഇന്നു രാവിലെ ഗോവയില്‍ ബി.ജെ.പിയുടെ മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്യുന്നു. കര്‍ണ്ണാടകയിലെ കോണ്‍ഗ്രസില്‍ എത്ര പേര്‍ അവശേഷിക്കുന്നുവെന്ന വിവരം ഒരാള്‍ക്കുമില്ല. കോണ്‍ഗ്രസ് ഭരിക്കുന്ന മറ്റു സംസ്ഥാനങ്ങളില്‍ നിന്നും കൂറുമാറ്റത്തിന്റെ കഥകള്‍ കേട്ടുതുടങ്ങുന്നു.

വിജയിച്ചവരെ ഇങ്ങനെ വിലയ്ക്കെടുത്തുകൊണ്ട് എന്തുതരം ജനാധിപത്യമാണ് ബി.ജെ.പിയും കൂട്ടരും നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നതെന്ന് ചോദിക്കുന്നത് അസംബന്ധമാണ്. ഏകാധിപത്യത്തിലൂന്നിയ ഒരു മതരാഷ്ട്രത്തെ സ്വപ്നം കാണുന്ന ജനാധിപത്യ വിരോധികളാണ് തങ്ങളെന്നാണല്ലോ അവര്‍ ധാരാളം ഉദാഹരണങ്ങളിലൂടെ തെളിയിച്ചിട്ടുള്ളത്.

ഏതായാലും രാജ്യത്തിന്റെ സുതാര്യമായ നിലനില്പിനുവേണ്ടി ആഗ്രഹിക്കുന്ന ജനാധിപത്യവാദിയായ ഏതൊരു പൌരനേയും എം.എല്‍. എമാരെ വിലക്കെടുത്തുകൊണ്ട് ബി.ജെ.പി. നടത്തുന്ന ഈ കളികള്‍ അലോസരപ്പെടുത്തുമെന്ന കാര്യത്തില്‍ സംശയമില്ല. ആരു വിജയിച്ചാലും അവര്‍ അവസാനം ബി.ജെ.പിയുടെ പോക്കറ്റിലേക്ക് പോയി വീഴുന്നുവെന്നത് ഒരു വലിയ കൊഞ്ഞനം കുത്തലാണ്. ആരെയാണ് വിശ്വസിക്കുവാന്‍ കഴിയുക എന്ന വലിയൊരു അന്തരാള ഘട്ടത്തെ സൃഷ്ടിക്കുന്നു. താല്കാലിക ലാഭത്തിനു വേണ്ടി ന്യൂനപക്ഷമതത്തില്‍പ്പെട്ടവര്‍ പോലും ഇത്തരത്തില്‍ ബി.ജെ.പിയിലേക്ക് ചേക്കേറുന്നുവെന്നത് പണവും അധികാരങ്ങളും ആളുകളെ എത്രമാത്രം അന്ധരാക്കുന്നുവെന്ന് അത്ഭുതപ്പെടുത്തുന്നു.

നെറികെട്ട ഈ വെല്ലുവിളികളെ അതിജീവിക്കാനുള്ള ആര്‍ജ്ജവം നാം ഇനിയും നേടേണ്ടിയിരിക്കുന്നു.

മനോജ് പട്ടേട്ട്, വയനാട്ടിലെ മാനന്തവാടി സ്വദേശി.

അഭിപ്രായങ്ങൾ ലേഖകന്റേതു മാത്രം.

Leave a Reply

Your email address will not be published. Required fields are marked *