Sat. Apr 20th, 2024
#ദിനസരികള്‍ 819

 

ചിന്തയിലെ ചോദ്യോത്തര പംക്തിക്കിടയില്‍ മാര്‍ക്സിസവും യുക്തിവാദവും എന്ന വിഷയത്തെക്കുറിച്ച് ഇ.എം.എസ്. ചര്‍ച്ച ചെയ്തിട്ടുണ്ട്. ഒന്നില്‍ കൂടുതല്‍ തവണ വായനക്കാര്‍ ചര്‍ച്ച ചെയ്യാനെടുത്ത ഈ വിഷയത്തെ ഇ.എം.എസ്. സമ്പൂര്‍ണ കൃതികളില്‍ നാല്പത്തിരണ്ടാം സഞ്ചികയില്‍ സമാഹരിച്ചിരിക്കുന്നു. യുക്തിവാദവും മാര്‍ക്സിസവും തമ്മില്‍ എങ്ങനെയെല്ലാമാണ് ഇണങ്ങിയും പിണങ്ങിയും പുലര്‍ന്നു പോകുന്നതെന്ന് അദ്ദേഹം നല്കിയ ഉത്തരങ്ങള്‍ വളരെ വ്യക്തവും ലളിതവുമായി വിശദീകരിക്കുന്നു.

ബൂര്‍ഷ്വാ യുക്തിവാദത്തിന്റെ പരിമിതികള്‍ എന്ന പേരില്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന രണ്ടു ചോദ്യങ്ങള്‍ക്കുള്ള ഉത്തരത്തില്‍ അദ്ദേഹം ഇങ്ങനെ എഴുതുന്നു “മറ്റെല്ലാത്തിനും മേല്‍ ആധിപത്യം ചുമത്തുന്നുവെന്ന് പറയപ്പെടുന്ന യുക്തിതന്നെ ഭൌതിക പ്രപഞ്ചത്തില്‍ സദാ നടന്നു കൊണ്ടിരിക്കുന്ന – മനുഷ്യന്റെ ബോധപൂര്‍വ്വമായ പ്രവര്‍ത്തനം മൂലം ത്വരിതമാകുകയും രൂപപ്പെടുകയും ചെയ്യുന്ന – മാറ്റങ്ങള്‍ക്ക് വിധേയമാണ്. ഈ മാറ്റങ്ങളില്‍ നിന്നും അടര്‍ത്തിയെടുത്ത് ‘സര്‍വ്വതന്ത്ര സ്വതന്ത്രമായ പരാശക്തിയായി’ നമുക്ക് ‘യുക്തി’യെ ആരാധിക്കുവാന്‍ കഴിയുകയില്ല.

മഴ, ഇടിമിന്നല്‍, കാട്ടുതീ മുതലായ ഭൌതിക ശക്തികളുമായി ഏറ്റുമുട്ടേണ്ടിവന്ന ആദ്യകാല മനുഷ്യന്റെ ചേതോവികാരങ്ങള്‍ മുതല്‍ ഇന്നത്തെ അണുയുഗ സയന്‍സുവരെ ‘യുക്തിയേന്തി ബുദ്ധിശക്തി ഖനിച്ച് ലഭിച്ച വിജ്ഞാന രാശി’യില്‍ ഓരോന്നും മനുഷ്യന്റെ ഭൌതിക പ്രപഞ്ചവുമായുള്ള സംഘട്ടനത്തിന്റെ സന്തതിയാണ്. ഇങ്ങനെ മനുഷ്യനും പ്രപഞ്ചവും തമ്മില്‍ സംഘട്ടനാത്മകമായ കൊടുക്കല്‍ വാങ്ങലുകള്‍ നടത്തിക്കൊണ്ടു പരസ്പരം സ്വാധീനം ചെലുത്തുന്നു. അങ്ങനെ സ്വാധീനം ചെലുത്തിക്കൊണ്ടുള്ള വൈരുധ്യാത്മകമായ മുന്നേറ്റത്തിന്റെ പരിണത ഫലമായിട്ടാണ് യുക്തിയടക്കമുള്ള നവീനമായ അവബോധങ്ങള്‍ സൃഷ്ടിക്കപ്പെട്ടുകൊണ്ടിരിക്കുന്നത്. ശാസ്ത്ര ചിന്തയും യുക്തി ബോധവുമൊക്കെ നിരന്തരം നവീകരിക്കപ്പെട്ടുകൊണ്ടിരിക്കുന്നതും അതുകൊണ്ടു തന്നെയാണ്.

ഇ.എം.എസ്. തുടര്‍ന്ന് എഴുതുന്നു – “ഈ പ്രക്രിയയില്‍ പ്രധാനമായ സ്ഥാനമാണ് സാമൂഹ്യ ബന്ധങ്ങള്‍ക്കുള്ളത്. ആദിമ മനുഷ്യര്‍ മുതല്‍ ഇന്ന് വളര്‍ച്ച പ്രാപിച്ച ശാസ്ത്ര സാങ്കേതിക വിദഗ്ദര്‍വരെ ഭൌതിക പ്രപഞ്ചത്തെ സ്വാധീനിക്കാന്‍ ശ്രമിക്കുകയും ഒരതിരുവരെ സ്വാധീനിക്കുകയും ചെയ്തവര്‍ മുഴുവന്‍ വ്യക്തികളെന്ന നിലയ്ക്കല്ല, കൂട്ടായാണ് തങ്ങളുടെ പണി ചെയ്തത്. ഭൌതിക പ്രപഞ്ചത്തിന്റെ പ്രതീകങ്ങളായ അഗ്നിവരുണാദി ദേവന്മാരെ പ്രീതിപ്പെടുത്താനുള്ള പൂജാദികള്‍ മുതല്‍ ഇന്നത്തെ ശാസ്ത്ര സാങ്കേതിക ഗവേഷണ പ്രവര്‍ത്തനങ്ങള്‍ വരെ മനുഷ്യന്‍ നടത്തിയ ബുദ്ധിപരമായ പ്രവര്‍ത്തനങ്ങള്‍ മുഴുവന്‍ സാമൂഹ്യമാണ്, വ്യക്തിപരമല്ല.” സാമൂഹ്യമായ സംഘര്‍ഷങ്ങളുടേയും മുന്നേറ്റങ്ങളുടേയും ഫലമായി ആശയങ്ങള്‍ സൃഷ്ടിക്കപ്പെടുന്നതിന് വര്‍ഗ്ഗങ്ങളുടെ ഏറ്റുമുട്ടലുകളാണ് പ്രേരകശക്തിയായി പ്രവര്‍ത്തിക്കുന്നത്. അങ്ങനെ സമൂഹത്തിന്റെ മുന്നോട്ടുള്ള പ്രയാണത്തിന്റെ ഫലമായി സൃഷ്ടിക്കപ്പെടുന്ന യുക്തി അഥവാ നവീനമായ അവബോധം നിരന്തരം മാറിക്കൊണ്ടേയിരിക്കുന്നു.

ഇവിടെയാണ് കേവല യുക്തിവാദവും മാര്‍ക്സിസ്റ്റ് യുക്തിവാദവും തമ്മിലുള്ള വ്യത്യാസമെന്ത് എന്ന ചോദ്യം പ്രസക്തമാകുന്നത്. ഇ.എം.എസ്. പറയുന്നു – “ഭൌതികപരമായ കാര്യങ്ങളില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ച രണ്ടു സംഘങ്ങളല്ല യുക്തിവാദികളുടേയും കമ്യൂണിസ്റ്റുകാരുടേതും.താത്വികമായി നോക്കിയാല്‍ അവ തമ്മില്‍ അജഗജാന്തരമുണ്ട്. പ്രത്യക്ഷത്തില്‍ മതസിദ്ധാന്തങ്ങളെ എതിര്‍ക്കുന്നതെന്ന് തോന്നാമെങ്കിലും യുക്തിവാദം ഭൌതിക വീക്ഷണത്തോടെയല്ല പ്രശ്നങ്ങള്‍ കൈകാര്യം ചെയ്യുന്നത്. തെറ്റായ ആശയങ്ങളെ ശരിയായ ആശയങ്ങള്‍ കൊണ്ട് നേരിടുക, മതത്തെ എതിര്‍ക്കാന്‍ ശാസ്ത്രത്തിന്റെ കണ്ടുപിടുത്തങ്ങള്‍ ഉപയോഗിക്കുക – ഇതാണതിന്റെ സമീപനം. തെറ്റും ശരിയുമായ ആശയങ്ങള്‍ക്കുതന്നെ ഭൌതികമായ അടിത്തറയുണ്ടെന്ന കാര്യം മനസ്സിലാക്കാതെ ആവശ്യങ്ങളുടെ നിലവാരത്തില്‍ മാത്രം മതത്തെ എതിര്‍ക്കുകയാണ് യുക്തിവാദികള്‍.”

വസ്തുതകളെ മനസ്സിലാക്കാതെയുള്ള ഇത്തരം സമീപനങ്ങളില്‍ നിന്നും വ്യത്യസ്തമാണ് മാര്‍ക്സിസം. “മാര്‍ക്സിസമാകട്ടെ പ്രൊമിത്യൂസിന്റെ ഉദ്ഭവത്തെക്കുറിച്ച് ഗോര്‍ക്കി ചൂണ്ടിക്കാണിച്ചതുപോലെ വിവിധ കാലഘട്ടങ്ങളില്‍ വിവിധ രാജ്യങ്ങളില്‍ ഉയര്‍ന്നു വന്ന ഐതീഹ്യങ്ങള്‍ ഇതിഹാസ കഥകള്‍ എന്നിവയെ അവ ഉദ്ഭവിച്ച കാലത്തും രാജ്യത്തുമുണ്ടായിരുന്ന സാമൂഹ്യ പരിതസ്ഥിതികളുടെ പശ്ചാത്തലത്തില്‍ പരിശോദിക്കുന്നുണ്ട്. ചരിത്രപരമായ ഭൌതിക വീക്ഷണം എന്നറിയപ്പെടുന്ന മാര്‍ക്സിസ്റ്റു വീക്ഷണം ഏതാശയവും രൂപം കൊള്ളുന്നതിന് അതിന്റേതായ വസ്തുനിഷ്ഠമായ സാഹചര്യമുണ്ടെന്ന് മനസ്സിലാക്കുന്നു. അതെന്തെന്നു പരിശോധിക്കാന്‍ ശ്രമിക്കുന്നു.

വസ്തുനിഷ്ഠ സാഹചര്യങ്ങള്‍ക്കൊത്ത് ആദ്യം ഐതീഹ്യങ്ങളിലൂടേയും ഇതിഹാസങ്ങളിലൂടേയും രൂപം കൊണ്ട സാമൂഹ്യ ബോധം വളരുന്ന പ്രക്രിയ സൂക്ഷ്മമായി പരിശോധിക്കുന്നു. സമൂഹത്തിന്റെ വിരുദ്ധ വര്‍ഗ്ഗങ്ങളുടെ സംഘട്ടനങ്ങളും തുടങ്ങിയതില്‍ പിന്നീടാകട്ടെ, വർഗ്ഗ സംഘട്ടനത്തിന്റെ പ്രതിഫലനമെന്ന നിലയ്ക്ക് സാമൂഹ്യപുരോഗതിയെ സഹായിക്കുന്നതും തടയുന്നതുമായ ആശയങ്ങള്‍ രൂപം കൊള്ളുന്നതും അവ തമ്മില്‍ ഏറ്റുമുട്ടുന്നതും സൂക്ഷ്മമായി പരിശോധിക്കുന്നു.”

അതായത്, നിലനില്ക്കുന്ന സാഹചര്യങ്ങളെ വസ്തുനിഷ്ഠമായി വിലയിരുത്തിക്കൊണ്ട് പ്രതസന്ധികള്‍ക്കുള്ള ഉത്തരങ്ങള്‍ തേടുന്ന രീതിയല്ല കേവലമായ യുക്തവാദം അനുവര്‍ത്തിക്കുന്നത്, മറിച്ച് യാന്ത്രികമായി അവയെ തള്ളിക്കളഞ്ഞുകൊണ്ടാണ്. അതായത് നിലനില്ക്കുന്ന സാഹചര്യങ്ങളുടെ ഫലമായുണ്ടാകുന്ന ജീര്‍ണതകളെ തിരുത്തേണ്ടത്, അത്തരം ജീര്‍ണതകളെ മാത്രം നുള്ളിയെടുത്തുകൊണ്ടല്ല, മറിച്ച അവ നിലനില്ക്കാനുള്ള സാഹചര്യങ്ങളെത്തന്നെ ഇല്ലാതാക്കിക്കൊണ്ടാണ് എന്നാണ് മാര്‍ക്സിസം വാദിക്കുന്നത്, കേവല യുക്തിവാദമാകട്ടെ തിരിച്ചും ചിന്തിക്കുന്നു.

മനോജ് പട്ടേട്ട്, വയനാട്ടിലെ മാനന്തവാടി സ്വദേശി.

അഭിപ്രായങ്ങൾ ലേഖകന്റേതു മാത്രം.

Leave a Reply

Your email address will not be published. Required fields are marked *