തിരുവനന്തപുരം:
യൂണിവേഴ്സിറ്റി കോളേജിൽ എസ്.എഫ്.ഐ. പ്രവർത്തകനെ കുത്തിയ എസ്.എഫ്.ഐ. നേതാക്കൾ പി.എസ്.സി. യുടെ പോലീസ് റാങ്ക് ലിസ്റ്റിൽ ഒന്നും, രണ്ടും, ഇരുപത്തെട്ടും റാങ്കുകാർ ആയത് പുതിയൊരു വിവാദത്തിനു തിരികൊളുത്തുന്നു. പി.എസ്.സി. യുടെ സുതാര്യതയെ തന്നെ ചോദ്യം ചെയ്യുന്ന ആരോപണങ്ങളാണ് ഇപ്പോൾ പ്രതിപക്ഷ പാർട്ടികൾ ഉന്നയിക്കുന്നത്.
കണ്ണൂർ ആസ്ഥാനമായ കെ.എ.പി. 4 ബറ്റാലിയനിലെ പോലീസ് കോണ്സ്റ്റബിൾ നിയമനത്തിനുള്ള റാങ്ക് പട്ടികയിലാണ് പ്രതികൾ കൂട്ടത്തോടെ ഇടംപിടിച്ചത്. യൂണിവേഴ്സിറ്റി കോളജ് വിദ്യാർഥിയായ അഖിലിനെ കുത്തിയ കേസിലെ ഒന്നാം പ്രതിയും എസ്.എഫ്.ഐ. യൂണിറ്റ് പ്രസിഡന്റുമായ ശിവരഞ്ജിത്താണ് റാങ്ക് പട്ടികയിലെ ഒന്നാമൻ. കേസിലെ രണ്ടാം പ്രതിയും എസ്.എഫ്.ഐ. യൂണിറ്റ് സെക്രട്ടറിയുമായ എ.എൻ. നസീം പട്ടികയിലെ 28-ാം റാങ്കുകാരനാണ്. പട്ടികയിലെ രണ്ടാം റാങ്കുകാരൻ പി.പി. പ്രണവും എസ്.എഫ്.ഐ. യൂണിറ്റ് കമ്മിറ്റി അംഗമാണ്.
ഇവരെല്ലാം കാസർഗോട്ടെ പരീക്ഷ തിരുവനന്തപുരത്തെ യൂണിവേഴ്സിറ്റി കോളേജിലാണ് എഴുതിയത്. ഇവരെല്ലാം മികച്ച വിജയം നേടുകയും ചെയ്തു. ഇതിന് പിന്നിൽ കള്ളക്കളിയുണ്ടെന്നാണ് ആരോപണം. യൂണിവേഴ്സിറ്റി കോളജിൽ തന്നെ പരീക്ഷ എഴുതാൻ അനധികൃത സൗകര്യം ഒരുക്കിക്കൊടുത്തെന്നും കോപ്പിയടിച്ചാണ് എസ്.എഫ്.ഐ. നേതാക്കൾ ഉന്നത റാങ്ക് നേടിയത് എന്നുമാണ് ഉയരുന്ന ആരോപണങ്ങൾ. ഇതിന്റെ അടിസ്ഥാനത്തിൽ രഹസ്യാന്വേഷണ വിഭാഗം അന്വേഷണം തുടങ്ങി. പി.എസ്.സി. യിൽനിന്ന് വിവരങ്ങൾ ശേഖരിക്കാൻ തീരുമാനിച്ചതായും സൂചനയുണ്ട്.
ഒരാഴ്ച മുൻപാണ് പി. എസ്. സി. കോൺസ്റ്റബിൾ പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചത്. അഖിലിനെ കുത്തിയവരെ സർക്കാർ എത്രയും വേഗം പോലീസിൽ എടുക്കണമെന്നും നെടുങ്കണ്ടം പോലീസ് സ്റ്റേഷനിൽ തന്നെ നിയമിക്കണമെന്നും കോൺഗ്രസ്സ് നേതാവ് വിഷ്ണുനാഥ് പരിഹസിച്ചു.