Sat. Apr 27th, 2024
ശ്രീഹരിക്കോട്ട :

ചന്ദ്രയാന്‍-2 വിക്ഷേപണത്തിനുള്ള 20 മണിക്കൂര്‍ കൗണ്ട് ഡൌൺ ഇന്നു രാവിലെ 6.51 മുതല്‍ ആരംഭിച്ചു. നാളെ പുലര്‍ച്ചെ 2.51നാണ് ഇന്ത്യയുടെ രണ്ടാം ചാന്ദ്രപര്യവേക്ഷണ ദൗത്യം ബഹിരാകാശത്തേക്കു കുതിക്കുക . രാഷ്ട്രപതി റാംനാഥ് കോവിന്ദ് ഉള്‍പ്പെടെയുള്ള പ്രമുഖര്‍ വിക്ഷേപണത്തിനു സാക്ഷ്യം വഹിക്കും.വിക്ഷേപണ റോക്കറ്റ് ജി.എസ്.എൽ.വി മാര്‍ക്ക് -3 ഉപയോഗിച്ചാണ് വിക്ഷേപണം.

ഐ.എസ്.ആർ.ഒ യുടെ സതീഷ് ധവാന്‍ സ്‌പേസ് സെന്ററില്‍ വിക്ഷേപണ പരിശോധനയുടെ വിവിധ ഘട്ടങ്ങള്‍ ഇന്നലെ പൂര്‍ത്തിയായി. ദൗത്യം വിജയിച്ചാല്‍ ഇന്ന് വരെ ഒരു പര്യവേഷണ വാഹനവും കടന്ന് ചെല്ലാത്ത ചന്ദ്രന്‍റെ ദക്ഷിണ ധ്രുവത്തില്‍ ഇറങ്ങുന്ന ആദ്യ രാജ്യമാകും ഇന്ത്യ.

ഇന്ന് രാവിലെ 6.51-നാണ് കൗണ്ട് ഡൗൺ തുടങ്ങിയത്. വിക്ഷേപണത്തിനുള്ള കൗൺഡൗണുമായി മുന്നോട്ട് പോകാനുള്ള അനുമതി ലോഞ്ച് ഓതറൈസേഷൻ ബോ‌‌ർഡ് ഇന്നലെ രാത്രി ചാന്ദ്രയാൻ 2 മിഷൻ ഡയറക്ട‌ർക്ക് നൽകി. ജി.എസ്.എൽ.വി. മാ‌ർക്ക് 3 റോക്കറ്റിന്‍റെ വിവിധ ഘട്ടങ്ങളിൽ ഇന്ധനം നിറയ്ക്കുന്നതുൾപ്പെടെയുള്ള നടപടികൾ പുരോഗമിക്കുകയാണ്.

ജി.എസ്.എൽ.വി. ശ്രേണിയിലെ ഏറ്റവും വികസിത റോക്കറ്റായ മാര്‍ക് ത്രീയാണ് ചന്ദ്രയാന്‍ വഹിക്കുന്നത്. നാലായിരം കിലോയിലധികം ഭാരവാഹകശേഷിയുള്ള റോക്കറ്റാണിത്. 800 കോടി രൂപ ചെലവിലാണ് ചന്ദ്രയാന്‍ 2 ഒരുക്കിയെടുക്കുന്നത്. ചന്ദ്രനെ ഭ്രമണം ചെയ്യുന്ന ഓര്‍ബിറ്റര്‍, ചന്ദ്രോപരിതലത്തിലേയ്ക്ക് ഇറങ്ങുന്ന ലാന്‍ഡര്‍ എന്നിവയ്‌ക്കൊപ്പം പര്യവേഷണം നടത്തുന്ന റോവര്‍ കൂടി ഉള്‍പ്പെടുന്നതാണ് ചന്ദ്രയാന്‍ 2.

53 ദിവസം നീണ്ട യാത്രയ്ക്ക് ശേഷമേ ചന്ദ്രയാൻ 2, ചന്ദ്രനിലെത്തുകയുള്ളൂ. സെപ്റ്റംബ‌‌‌ർ 6-നായിരിക്കും ചന്ദ്രയാൻ രണ്ടിന്‍റെ വിക്രം ലാൻഡർ ചന്ദ്രനിൽ സോഫ്റ്റ്ലാൻഡിംഗ് നടത്തുക എന്നാണ് ഇപ്പോഴത്തെ കണക്കുകൂട്ടൽ. ലോകത്ത് ഇതേവരെയുണ്ടായ ഏറ്റവും ചിലവ് കുറഞ്ഞ ചാന്ദ്രദൗത്യമാണ് ഇന്ത്യയുടേത്. മനുഷ്യന്‍ ചന്ദ്രനില്‍ കാലുകുത്തിയതിന്റെ അന്‍പതാം വര്‍ഷത്തിലാണ് ഇന്ത്യയുടെ രണ്ടാം ചാന്ദ്രദൗത്യം.

Leave a Reply

Your email address will not be published. Required fields are marked *