തിരുവനന്തപുരം:
ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ കേരള അഡ്മിനിസ്ട്രേറ്റീവ് സര്‍വീസ് (കെഎഎസ്) നിയമനത്തിനുള്ള മൂന്നു തലങ്ങളിലും സംവരണം ബാധകമാക്കാനുള്ള ഭേദഗതി ചട്ടങ്ങളുടെ ഗസറ്റ് വിജ്ഞാപനം പുറപ്പെടുവിച്ചു.
കെഎഎസില്‍ നേരത്തെ നേരിട്ടുള്ള നിയമനമായ ഒന്നാം തലത്തില്‍ മാത്രമായിരുന്നു സംവരണതത്വം ബാധകമാക്കിയിരുന്നത്. കഴിഞ്ഞ ആഴ്ച ചേര്‍ന്ന മന്ത്രിസഭാ യോഗമാണു കെഎഎസ് വിശേഷാല്‍ ചട്ടഭേദഗതി വരുത്താന്‍ തീരുമാനിച്ചത്. ബൈ ട്രാന്‍സ്ഫര്‍ റിക്രൂട്ട്മെന്റ് എന്നതിനു പകരം നേരിട്ടുള്ള നിയമനം എന്ന ഭേദഗതി വരുത്തിയാണ് രണ്ട്, മൂന്ന് സ്ട്രീമുകളില്കൂടി സംവരണം ബാധകമാക്കിയത്. തസ്തികമാറ്റത്തിന്റെ രണ്ടുതരം നിയമനങ്ങള്‍ക്കും സാമുദായിക സംവരണം ഏര്‍പ്പെടുത്തുന്നതാണു പ്രധാന ഭേദഗതി.
സംവരണ ആനുകൂല്യമായി വയസിളവും ലഭിക്കും. മൂന്നാം കാറ്റഗറിക്കു വയസിളവിന് അര്‍ഹതയുണ്ടാകില്ല. ഒന്നാം ഗസറ്റഡ് ഓഫീസര്മാര്ക്കുള്ളതാണ് ഈ കാറ്റഗറി. ഈ വിഭാഗത്തില്‍ അപേക്ഷിക്കാനുള്ള ഉയര്‍ന്ന പ്രായപരിധി 50 വയസാണ്.
സംവരണ വിഭാഗങ്ങള്‍ക്കുള്ള വയസിളവ് പരമാവധി 50ല്‍ കൂടരുതെന്നു സംസ്ഥാന സേവനച്ചട്ടത്തിലുണ്ട്. ഇത് ഉറപ്പാക്കുന്ന വിധത്തിലാണു ഭേദഗതി അംഗീകരിച്ചിട്ടുള്ളത്. മറ്റു രണ്ട് കാറ്റഗറികളിലും സംവരണ പ്രകാരമുള്ള വയസിളവു ലഭിക്കും. ഇതോടെ ഇനി കെഎഎസില്‍ പിഎസ്സി അപേക്ഷ ക്ഷണിക്കും.