പനജി:
കര്‍ണ്ണാടകയ്ക്കു പിന്നാലെ ഗോവയിലെ കോണ്‍ഗ്രസ്സിലും കൂറുമാറ്റം. കോണ്ഗ്രസ്സിന്റെ പത്ത് എം.എല്‍.എമാര്‍ ബി.ജെ.പിയില്‍ ചേര്‍ന്നു. ഇതോടെ തനിച്ച് ഭരിക്കാന്‍ ബി.ജെ.പിക്ക് ഭൂരിപക്ഷമായി. രാജിവച്ചവരെ ഉള്‍പ്പെടുത്തി ഉടന്‍ മന്ത്രിസഭാ പുനഃസംഘടനയുണ്ടാകും. രാജിവച്ച എം എല്‍.എമാര്‍ ഇന്ന് അമിത് ഷായുമായി കൂടിക്കാഴ്ച നടത്തും.
പ്രതിപക്ഷ നേതാവ് ചന്ദ്രകാന്ത് കവ്ലേക്കറിന്റെ നേതൃത്വത്തിലുള്ള 10 എം.എല്‍.എമാരാണ് കോണ്‍ഗ്രസ് വിട്ടെന്ന് വ്യക്തമാക്കി സ്പീക്കര്‍ രാജേഷ് പട്നേക്കറിനു കത്ത് നല്‍കിയത്. ഗോവയുടെ വികസനത്തിന് കോൺഗ്രസ് ഒന്നും ചെയ്തില്ല. ഭരണം പിടിക്കാനുള്ള അവസരം പലപ്പോഴായി മുതിര്‍ന്ന നേതാക്കള്‍ കളഞ്ഞു കുളിച്ചെന്നും രാജിവച്ചവര്‍ ആരോപിച്ചു
മൂന്നില്‍ രണ്ട് എം.എല്‍.എമാര്‍ പാര്‍ട്ടി വിട്ടതിനാല്‍ കൂറുമാറ്റ നിരോധനം ബാധകം ആകില്ല. 15 എം.എല്‍.എ മാര്‍ ഉണ്ടായിരുന്ന കോണ്‍ഗ്രസ് അഞ്ചായി ചുരുങ്ങി. രാജിയോടെ 40 അംഗ നിയമസഭയില്‍ ബി.ജെ.പിക്ക് 27 അംഗങ്ങളാകും. ഗോവ ഫോര്‍വേഡ് പാര്‍ട്ടിയുടെയും സ്വതന്ത്രരുടെയും പിന്തുണയോടെയാണ് ബി.ജെ.പി. സര്‍ക്കാരിനെ നിലനിര്‍ത്തിയത്. തനിച്ച് ഭരിക്കാന്‍ ഭൂരിപക്ഷമായതോടെ രാജിവച്ചവര്‍ക്ക് മന്ത്രിസ്ഥാനം നല്‍കാനായി ഉടന്‍ മന്ത്രിസഭ പുനഃസംഘടനയുണ്ടാകും.