വൈപ്പിൻ:
ഗോശ്രീ പാലത്തിനു സമീപം വെള്ളത്തിൽ വീണ മധ്യവയസ്‌കന്റെ മൃതദേഹം ഞാറയ്ക്കലിന് സമീപം കണ്ടെത്തി. കാണാതായതിന്റെ മൂന്നാം ദിവസമാണ് മൃതദേഹം കണ്ടെത്തിയത്. അഴിക്കലിന് സമീപം താമസിക്കുന്ന ഭഗീരഥനാണ് (52) മരണപ്പെട്ടത്. തിങ്കളാഴ്ച വൈകീട്ട് സുഹൃത്തായ സരിന്റെ കൂടെ മീൻ പിടുത്തതിന് പോയതായിരുന്നു.
സംഭവത്തെക്കുറിച്ച് സമീപവാസിയായ ലിജോ വോക്ക് മലയാളത്തോട് പ്രതികരിച്ചു. ” കനത്ത മഴയുണ്ടായ തിങ്കളാഴ്ചയാണ് ഇവർ തോണിയിൽ മീൻ പിടിക്കാൻ പോയത്. എന്നാൽ തോണി മറിയുകയും ഭഗീരഥൻ ഒഴുക്കിൽ പെടുകയും ചെയ്തു. സരിൻ ഒരു കുറ്റിയിൽ തൂങ്ങി നിന്ന് രക്ഷപ്പെട്ടു. തുടർന്ന് തിരച്ചിലിനായി നാവിക സേനയുടെ സഹായം തേടി. എന്നാൽ മൂന്നു ദിവസവും തിരച്ചിൽ നടത്തിയിട്ടും കണ്ടെത്താൻ സാധിച്ചില്ല.” ലിജോ പറഞ്ഞു.
ഇരുവർക്കും നീന്തൽ അറിയില്ലായിരുന്നുവെന്നും, സരിൻ ഇപ്പോൾ ആശുപത്രിയിൽ ചികിത്സയിലാണെന്നും കൊച്ചി ഹാർബറിലെ തൊഴിലാളിയായ സിദ്ധിഖ് പറഞ്ഞു.
തോണി മറിഞ്ഞപ്പോൾ സമീപത്തുള്ള കുറ്റിയിൽ തൂങ്ങി നിൽക്കാൻ സരിന് സാധിച്ചു പക്ഷെ ഭഗീരഥന് തളർച്ച അനുഭവപ്പെടുകയും വെള്ളത്തിൽ വീഴുകയും ചെയ്തു. ഞാറയ്ക്കലിന് സമീപത്തു നിന്നാണ് മൃതശരീരം പിന്നീട് കണ്ടെത്തിയത്.