ന്യൂഡൽഹി:
സ്വാശ്രയ മെഡിക്കല്‍ കോളേജുകളിലെ ഫീസ് നിര്‍ണയം ചോദ്യം ചെയ്തുള്ള ഹര്‍ജി പരിഗണിക്കാന്‍ സുപ്രീംകോടതി വിസമ്മതിച്ചു. ഹര്‍ജിയുമായി ഹൈക്കോടതിയെ സമീപിക്കാന്‍ ജസ്റ്റീസ് എസ്.എ. ബോബ്ഡെ അധ്യക്ഷനായ ബെഞ്ച് നിര്‍ദ്ദേശിച്ചു. സ്വകാര്യ മെഡിക്കല്‍ കോളേജ് മാനേജ്മെന്റ് അസോസിയേഷന് നല്കിയ ഹര്‍ജിയാണ് സുപ്രീംകോടതി ഇന്നലെ പരിഗണിച്ചത്.
രാജേന്ദ്ര ബാബു കമ്മിറ്റി നിശ്ചയിച്ച ഫീസ് അന്തിമമായി കണക്കാക്കാനാവില്ലെന്നും പത്ത് ശതമാനം ഫീസ് വർദ്ധിപ്പിച്ചത് അന്യായമാണെന്നുമായിരുന്നു അസോസിയേഷന്റെ വാദം. 2017-18 വര്‍ഷത്തില്‍ സുപ്രീം കോടതി നിശ്ചയിച്ച 11 ലക്ഷം രൂപയെങ്കിലും വാങ്ങാന്‍ അനുവദിക്കണമെന്നും മാനേജുമെന്റുകള്‍ ആവശ്യപ്പെട്ടു.
എന്നാല്‍, വിഷയം ആദ്യം ഹൈക്കോടതി പരിഗണിക്കട്ടെയെന്നും ഹൈക്കോടതി തീരുമാനത്തിനു ശേഷം ആവശ്യമെങ്കില്‍ മാനേജുമെന്റുകള്‍ക്ക് സുപ്രീംകോടതിയെ സമീപിക്കാമെന്നുമാണ് കോടതി വ്യക്തമാക്കിയത്.