കൊച്ചി:
എറണാകുളം ജില്ലയില്‍ കഴിഞ്ഞ ഒരു മാസക്കാലമായി റിപ്പോര്‍ട്ട് ചെയ്ത ഡെങ്കിപ്പനി നിയന്ത്രണ വിധേയമാണെന്ന് ജില്ല ആരോഗ്യ വകുപ്പ് അധികൃതര്‍. റിപ്പോര്‍ട്ട് ചെയ്യപ്പെട്ട 34 പേരില്‍ ഡെങ്കിപ്പനി സ്ഥിരീകരിച്ചിരുന്നു. പനി സ്ഥിരീകരിച്ചവരില്‍ നിന്നും മറ്റുളളവരിലേയ്ക്ക് പടരാതിരിക്കുന്നതിന് ആരോഗ്യ വകുപ്പിനു സാധിച്ചെന്ന് അഡീഷണല്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ എസ്. ശ്രീദേവി വോക്ക് മലയാളത്തോടു പറഞ്ഞു.
അങ്കമാലി, കുട്ടമ്പുഴ, മാഞ്ഞല്ലൂര്‍, തുടങ്ങിയ സ്ഥലങ്ങളിലാണ് ഇതുവരെ ഡെങ്കിപ്പനി റിപ്പോര്‍ട്ട് ചെയ്തത്. രോഗബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ച് പനി വന്നതിന്റെ ഉറവിടം കണ്ടെത്തി മറ്റുള്ളവരിലേക്ക് പകരാതിരിക്കാനുള്ള പ്രവര്‍ത്തനങ്ങളും നടത്തുന്നുണ്ടെന്നും അവര്‍ പറഞ്ഞു. പനി ബാധിച്ച പ്രദേശങ്ങളില്‍ ജില്ലാ പകര്‍ച്ചവ്യാധി നിയന്ത്രണ വകുപ്പും അതതു പ്രദേശത്തെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ ഡോക്ടര്‍മാരും ജീവനക്കാരും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമായി നടത്തി. തുടര്‍ന്ന് കൊതുക് നശീകരണത്തിന് ഫോഗിംഗ് ഉള്‍പ്പെടെയുളളവ നടത്തിയിരുന്നു. പനി റിപ്പോര്‍ട്ട് ചെയ്ത ഉടനെ നടത്തിയ പ്രതിരോധ പ്രവര്‍ത്തനങ്ങളാണ് രോഗം നിയന്ത്രണ വിധേയമാക്കാന്‍ സഹായമായത്. ഡെങ്കിപ്പനി ബാധിച്ചവരുടെ എണ്ണം മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് ഇത്തവണ വളരെ കുറവാണ് റിപ്പോര്‍ട്ട് ചെയ്തത്.