Mon. Dec 23rd, 2024

തിരുവനന്തപുരം :

യു.ഡി.എഫ് സര്‍ക്കാര്‍ 2011-12 വര്‍ഷ ബജറ്റിലൂടെ കൊണ്ട് വന്ന സ്വപ്ന പദ്ധതിയായിയ കാരുണ്യ ബെനവലന്റ് പദ്ധതി നിർത്തലാക്കുന്നതിൽ പ്രതിഷേധം ശക്തമാകുന്നു. അത്യാവശ്യഘട്ടങ്ങളില്‍ 24 മണിക്കൂറിനകം രണ്ട് ലക്ഷം രൂപ വരെ ചികിത്സാനുകൂല്യം ലഭിക്കുന്നു എന്നതാണ് കാരുണ്യയെ മറ്റു പദ്ധതികളില്‍ നിന്നും വ്യത്യസ്ഥമാക്കിയിരുന്നത്.

കാരുണ്യ പദ്ധതി നിര്‍ത്തലാക്കി അതിന് പകരമായി കേന്ദ്ര സര്‍ക്കാരിന്‍റെ ജന്‍ ആരോഗ്യ യോജനാ പദ്ധതി നടപ്പാക്കാനാണ് സർക്കാർ തീരുമാനിച്ചിരിക്കുന്നത്. പക്ഷെ കേന്ദ്ര സർക്കാർ പദ്ധതിയുടെ ആനുകൂല്യം കിടത്തി ചികിത്സ ചെയ്യുന്ന രോഗികൾക്ക് മാത്രമേ പ്രയോജനം ചെയ്യൂ.

പദ്ധതിയിലുള്‍പ്പെടുത്തി കേരളത്തില്‍ ഏറ്റവും കൂടുതല്‍ ഹൃദയ ശസ്ത്രക്രിയ നടക്കുന്ന പരിയാരം മെഡിക്കല്‍ കോളജിലെത്തിയ പലരും നിരാശരായി മടങ്ങി.പരിയാരം മെഡിക്കല്‍ കോളജില്‍ മാത്രം പതിനയ്യായിരത്തിലധികം പേരാണ് പദ്ധതിയുടെ ഗുണഭോക്താക്കള്‍. പദ്ധതിയിലുള്‍പ്പെടുത്തി ഒരു ദിവസം പതിനഞ്ചോളം ഹൃദയ ശസ്ത്രക്രിയകളാണ് ഇവിടെ മാത്രം നടക്കുന്നത്.

മാസങ്ങള്‍ക്ക് മുമ്പ് പലര്‍ക്കും ശസ്ത്രക്രിയക്കുള്ള തിയതി നല്‍കിയിട്ടുണ്ട്. ഇനിയുള്ള ദിവസങ്ങളിലെ ശസ്ത്രക്രിയകളടക്കം എങ്ങനെ ചെയ്യും എന്നാണ് സാധാരണക്കാര്‍ ചോദിക്കുന്നത്. പലരും ജില്ല കലക്ടറെ കണ്ട് പരാതി നല്‍കി. കാരുണ്യ നിര്‍ത്തലാക്കിയ തീരുമാനം പുന:പരിശോധിക്കണമെന്നാണ് ഡോക്ടര്‍മാരടക്കം ചൂണ്ടിക്കാട്ടുന്നത്.

കാരുണ്യ പദ്ധതി നിര്‍ത്തലാക്കിയതോടെ കീമോ തെറാപ്പിയും റേഡിയേഷനും ഉള്‍പ്പടെയുള്ള അടിയന്തര ചികില്‍സകൾ പോലും നടത്താനാകാത്ത സ്ഥിതിയിലാണ് പല അർബുദ രോഗികളും.

കാരുണ്യ ലോട്ടറി വിറ്റു കിട്ടുന്ന തുകയില്‍ നിന്ന് നൽകുന്ന ധനസഹായം സര്‍ക്കാരിന് അധിക ബാധ്യതകളില്ലാതെ തന്നെ ഒരുപാട് പേരെ ജീവിതത്തിലേക്ക് തിരികെ നടത്തിയിട്ടുണ്ട്. എന്നാല്‍ കിടത്തി ചികില്‍സക്കുമാത്രമായി പുതിയ ഇൻഷുറൻസ് പദ്ധതി ചുരുങ്ങിയതോടെ അർഹിക്കുന്ന നിരവധി രോഗികള്‍ക്കാണ് ചികില്‍സ നിഷേധിക്കപ്പെടുന്നത്.

കാരുണ്യ പദ്ധതി നിർത്തലാക്കിയ സർക്കാർ നടപടിക്കെതിരെ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു.കെഎസ്‌യു മുൻ സംസ്ഥാന സെക്രട്ടറി ജി. മഞ്ജു കുട്ടൻ മനുഷ്യാവകാശ കമ്മീഷനിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. മനുഷ്യാവകാശ കമ്മീഷൻ ചെയർമാൻ അഡ്വ. മോഹൻ കുമാറിന് നൽകിയ പരാതിയിൽ ഉടൻ തന്നെ സർക്കാരിൽ നിന്നും റിപ്പോർട്ട് തേടുമെന്നും കമ്മീഷൻ അറിയിച്ചു.

കാരുണ്യ പദ്ധതി നിർത്തലാക്കിയതിൽ പ്രതിഷേധിച്ച് കേരള കോൺഗ്രസ് (എം) ജില്ലാ കമ്മിറ്റികൾ നാളെ ജില്ലാ കേന്ദ്രങ്ങളിൽ ധർണ നടത്തുമെന്ന് ചെയർമാൻ ജോസ് കെ.മാണി എംപി അറിയിച്ചു. ഗുരുതര രോഗം മൂലം വലഞ്ഞ ലക്ഷക്കണക്കിന് ജനങ്ങളാണ് കെ.എം. മാണിയുടെ കാരുണ്യ പദ്ധതിയിലൂടെ ജീവിതത്തിലേക്ക് തിരിച്ചുവന്നത്. പദ്ധതി നിർത്തലാക്കിയത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും അദ്ദേഹം പറഞ്ഞു.

പാവപ്പെട്ട രോഗികൾക്ക് ആശ്വാസമായ കാരുണ്യ ബെനവലന്റ് പദ്ധതി നിർത്തലാക്കാനുള്ള തീരുമാനത്തിൽ നിന്നു സർക്കാർ പിന്തിരിയണമെന്നാവശ്യപ്പെട്ടു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുഖ്യമന്ത്രിക്കു കത്തു നൽകിയിട്ടുണ്ട്. സമൂഹത്തിലെ ഏറ്റവും താഴെക്കിടയിലുള്ള രോഗികൾക്കു നിബന്ധനകളൊന്നും കൂടാതെ ചികിത്സാ തുക നൽകി വരുന്ന രാജ്യത്തിന് തന്നെ മാതൃകയായ ഈ പദ്ധതി നിർത്തലാക്കാനുള്ള തീരുമാനം അടിയന്തര ശസ്ത്രക്രിയ കാത്തു നിൽക്കുന്ന ഒട്ടേറെ നിർധനരായ രോഗികളുടെ ജീവിതമാണു ദുസ്സഹമാകുന്നതെന്നു പ്രതിപക്ഷ നേതാവ് കത്തിൽ ചൂണ്ടിക്കാട്ടി

Leave a Reply

Your email address will not be published. Required fields are marked *