Mon. Dec 23rd, 2024
#ദിനസരികള്‍ 810

മരട് മുന്‍സിപ്പാലിറ്റിയില്‍ അനധികൃതമായി നിര്‍മ്മിച്ച അഞ്ചു ഫ്ലാറ്റുകള്‍ പൊളിച്ചു നീക്കുന്നതുമായി ബന്ധപ്പെട്ട് ജസ്റ്റീസ് അരുണ്‍ മിശ്രയുടെ നിയമപരിപാലന വ്യഗ്രത അഭിനന്ദനീയം തന്നെയാണ്. നമ്മുടെ നാട്ടിലാകെത്തന്നെ നിയമവ്യവസ്ഥയെത്തന്നെ വെല്ലുവിളിച്ചു കൊണ്ടും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ നോക്കു കുത്തികളാക്കിക്കൊണ്ടും ഇത്തരത്തിലുള്ള നിര്‍മ്മാണങ്ങള്‍ കാലങ്ങളായി നടക്കുന്നു. അങ്ങനെ നിര്‍മ്മിക്കപ്പെടുന്നവയ്ക്കെതിരെ കര്‍ശനമായ നടപടി സ്വീകരിക്കാതെ അവസാന നിമിഷം ഒരു തുക പിഴയായി സ്വീകരിച്ചുകൊണ്ട് സര്‍ക്കാര്‍ അംഗീകരിച്ചു പോകുകയാണ് പതിവ്. എന്നാല്‍ നിലനില്ക്കുന്ന എല്ലാ വ്യവസ്ഥയേയും അട്ടിമറിച്ചുകൊണ്ട് നിര്‍മാണ മാഫിയ നടത്തുന്നവര്‍ക്ക് കനത്ത താക്കീതാണ് കോടതിയുടെ നടപടി എന്ന കാര്യത്തില്‍ സംശയമില്ല. പൊളിച്ചു കളയുക തന്നെ വേണം എന്ന് ഉത്തരവു പ്രകടിപ്പിച്ച ആ ആര്‍ജ്ജവത്തിന് അതുകൊണ്ടുതന്നെ നാം കൈയ്യടിക്കുക.

എന്നാല്‍ രാജ്യത്തെ പരമോന്നതകോടതിയിലെ ഒരു ന്യായാധിപന്‍ എന്ന നിലയില്‍ ജസ്റ്റീസ് അരുണ്‍ മിശ്രയുടെ ഇടപെടല്‍ രീതികള്‍ ജനാധിപത്യത്തിന് നിരക്കാത്തതും അപക്വവുമായിപ്പോയി എന്നു പറയാതെ വയ്യ. നിയമം പരിപാലിക്കാനുള്ള വ്യഗ്രതകൊണ്ടാണെങ്കില്‍‌പ്പോലും ശാന്തനാകൂ എന്ന സഹജഡ്ജിക്കു പോലും അദ്ദേഹത്തെ താക്കീതു ചെയ്യേണ്ട ഘട്ടമുണ്ടായെങ്കില്‍ ജസ്റ്റീസ് അരുണ്‍മിശ്ര എത്രമാത്രം ക്ഷുഭിതനായിരുന്നിരിക്കാമെന്ന് സങ്കല്പിച്ചു നോക്കുക. കാരണങ്ങളെന്തു തന്നെയായാലും തന്റെ നില മറന്നുകൊണ്ടുള്ള ഇടപെടലുകള്‍ ജനാധിപത്യത്തില്‍ ഒരാള്‍ക്കും അഭികാമ്യമല്ലതന്നെ. അത്തരം നീക്കങ്ങളെ പ്രോത്സാഹിപ്പിക്കുക എന്നു പറഞ്ഞാല്‍ അമിതാധികാര പ്രവണതയെ പിന്താങ്ങുക എന്നാണര്‍ത്ഥം.ജനാധിപത്യത്തിന്റെ അന്തസ്സത്തക്ക് അത്തരത്തിലുള്ള പിന്താങ്ങലുകള്‍ ഭൂഷണമല്ല.

ജസ്റ്റീസ് അരുണ്‍ മിശ്രയെ പ്രകോപിപ്പിച്ച കേസിന്റെ നാള്‍ വഴികളെ ഒന്ന് ഹ്രസ്വമായി അവലോകനം ചെയ്യുക. തീരദേശ പരിപാലന നിയമം ലംഘിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് കെട്ടിടങ്ങള്‍ പൊളിക്കണമെന്ന് മരട് മുന്‍സിപ്പാലിറ്റി ആവശ്യപ്പെട്ടത്. അതനുസരിച്ച് ഉടമകള്‍ക്ക് നോട്ടീസ് നല്കി. ഉടമകള്‍ ഹൈക്കോടതിയിലെ സിംഗിള്‍ ബഞ്ചിനേയും പിന്നാലെ ഡിവിഷന്‍ ബഞ്ചിനേയും സമീപിച്ച് അനുകൂല ഉത്തരവു നേടി.

ഹൈക്കോടതിയുടെ ഈ ഉത്തരവിനെതിരെയാണ് മുന്‍സിപ്പാലിറ്റി സുപ്രിംകോടതിയെ സമീപിക്കുന്നത്.ജസ്റ്റീസ് അരണ്‍ മിശ്ര ഈ ഫ്ലാറ്റുകള്‍ മുപ്പതു ദിവസങ്ങള്‍ക്കകം പൊളിച്ചു നീക്കണമെന്ന് ഉത്തരവിട്ടു. എന്നാല്‍ കോടതിയുടെ അവധിക്കാലത്ത് ഇന്ദിരാ ബാനര്‍ജിയുടെ ബെഞ്ചിനെ സമീപിച്ച് പൊളിച്ചു നീക്കുന്നതിന് കെട്ടിട ഉടമകള്‍ ആറാഴ്ച സാവകാശം വാങ്ങി. താനറിയാതെ തന്റെ വിധിക്ക് സാവകാശം നേടിയതാണ് ജസ്റ്റീസ് അരുണ്‍ മിശ്രയെ ഏറ്റവും അധികം പ്രകോപിതനാക്കിയതെന്ന് സ്പഷ്ടമാണ്. ഒരു ഘട്ടത്തില്‍ അക്കാര്യം അദ്ദേഹം തന്നെ തുറന്നു സമ്മതിക്കുന്നുമുണ്ട്.

ഇവിടെ വില്ലനായി പ്രവര്‍ത്തിക്കുന്നത് അരുണ്‍ മിശ്രയുടെ ഈഗോയാണോയെന്ന് ആരെങ്കിലും സംശയിച്ചാല്‍ അവരെ സംശയിച്ചാല്‍ കുറ്റം പറയാനാകില്ല. അവധിക്കാല ബഞ്ച് അനുവദിച്ച സാവകാശത്തെക്കുറിച്ചും ആ വിധിയെക്കുറിച്ചും തുറന്ന കോടതിയില്‍ അദ്ദേഹം നടത്തിയ പരാശമര്‍ശങ്ങള്‍ ജുഡീഷ്യറിയുടെ അന്തസ്സിനെ ബാധിക്കുന്നതാണ്.സാവകാശം അനുവദിച്ച ജഡ്ജി ഏതോ ഗൂഢാലോചനയുടെ ഭാഗമായി പ്രവര്‍ത്തിച്ചുവെന്ന പോലെയാണ് അദ്ദേഹത്തിന്റെ പ്രതികരണം കേട്ടാല്‍ തോന്നുക. ഏതൊരു വിധിയും ആവശ്യമെങ്കില്‍ കൂടുതല്‍ വാദംകേട്ട് പുനപരിശോധിക്കുക എന്നത് ഇന്ത്യന്‍ നിയമ വ്യവസ്ഥിതിയുടെ സവിശേഷതയാണ്.

ഏകാധിപത്യപരമായ ഒരു വിധിയേയും ആ നിയമ വ്യവസ്ഥ അനുകൂലിക്കുന്നില്ല. കൂടാതെ ഹൈക്കോടതിയുടെ ഡിവിഷന്‍ ബഞ്ചില്‍ നിന്നും അനുകൂല വിധിയുമായി വന്നവര്‍‌ക്കെതിരെ ഒരു ജഡ്ജി പുറപ്പെടുവിച്ച വിധി പുനപരിശോധിക്കാന്‍ കഴിയില്ലെന്ന് കരുതുന്നത് മൌഡ്യമാണ്.

ഇടക്കാല ഉത്തരവിനോടും അതു പുറപ്പെടുവിച്ച ജഡ്ജിയോടുമുള്ള പ്രതികരണങ്ങളെപ്പോലെ തന്നെ നിരാശ ജനകമാണ് കോടതിയില്‍ കെട്ടിട ഉടമകള്‍ക്കു വേണ്ടി ഹാജരായ അഭിഭാഷകരോടുള്ള സമീപനവുമെന്ന് കാണാതെ പോകരുത്. താന്‍ മാത്രം കേമന്‍ എന്നൊരു ധ്വനി ആ പ്രതികരണങ്ങളില്‍ കാണാം. പണം മാത്രം ലക്ഷ്യം വെച്ചു പ്രവര്‍ത്തിക്കുന്ന ഒരു മൂല്യബോധവുമില്ലാത്തവരാണോ അഭിഭാഷകരെന്ന ചോദ്യം നാം മുഖവിലക്കെടുക്കുകയാണെങ്കില്‍ പ്രതിസ്ഥാനത്തുള്ളവര്‍ക്കു വേണ്ടി ഹാജരാകാന്‍ അഭിഭാഷകര്‍ തയ്യാറാകരുതെന്നാണോ ജസ്റ്റീസ് ഉദ്ദേശിക്കുന്നത്?

തന്നെ സ്വാധീനിക്കാനാണ് സീനിയറും എം.പിയും സര്‍വ്വോപരി കല്‍ക്കത്തക്കാരനുമായ കല്യാണ്‍ ബാനര്‍ജിയെ കൊണ്ടുവന്നത് എന്ന് ആക്ഷേപിച്ച ജസ്റ്റീസ് അരുണ്‍ മിശ്ര സുപ്രിം കോടതിയിലെ മുതിര്‍ന്ന അഭിഭാഷകനായ അദ്ദേഹത്തെ അറിഞ്ഞോ അറിയാതെയോ അവഹേളിക്കുകയായിരുന്നു. വ്യക്തിബന്ധങ്ങളെ ഉപയോഗിച്ച് വിധി അനുകൂലമായി നേടിയെടുക്കാന്‍ ശ്രമിക്കുന്ന ഒരാളാണ് കല്യാണ്‍ ബാനര്‍ജി എന്നൊരു ദുസൂചന ജസ്റ്റീസിന്റെ പ്രതികരണത്തിലുണ്ട്.

ജസ്റ്റീസ് അരുണ്‍ മിശ്രയുടെ ഉദ്ദേശ ശുദ്ധിയെ ഞാന്‍ അവിശ്വസിക്കുന്നില്ല. എന്നാല്‍ പരിപാവനമായ ജനാധിപത്യ ഇടങ്ങളുടെ അന്തസ്സിന് നിരക്കാത്ത പ്രകടനങ്ങള്‍ മുഴുവന്‍ വ്യവസ്ഥയേയും അപമാനിക്കുന്നതിന് തുല്യമാകും എന്നത് നാം കാണാതിരുന്നുകൂട.ശരിയുടെ പക്ഷത്തു നിന്നും വിധി പറയേണ്ട ന്യായാധിപര്‍ കോടതി മുറികളില്‍ ഇങ്ങനെ ക്ഷുഭിതരാകുന്നതെന്തിന്? താല്കാലിക വിധി പുറപ്പെടുവിച്ച സഹ ജഡ്ജിയെപ്പോലും പ്രതിസ്ഥാനത്തു നിറുത്തിക്കൊണ്ട് അദ്ദേഹം നടത്തിയ പ്രകടനം ചിലപ്പോള്‍ കൈയ്യടി നേടാന്‍ സഹായിച്ചേക്കാം. എന്നാല്‍ അത് ജനാധിപത്യ സംവിധാനങ്ങളെ എങ്ങനെയെല്ലാം ആരോഗ്യപ്പെടുത്തുമെന്നതാണ് കൂടുതല്‍ പ്രധാനപ്പെട്ട വസ്തുത.

ഒരു തലയ്ക്ക് ആക്ടിവിസവും മറുതലയ്ക്ക് അമിത വിധേയത്വവും പിടിമുറുക്കിയിരിക്കുന്ന നമ്മുടെ നിയമ വ്യവസ്ഥിതിയെ ജനാധിപത്യത്തിന് നിരക്കുന്ന വിധത്തില്‍ ശക്തിപ്പെടുത്താനുള്ള അവസരങ്ങളാണ് സൃഷ്ടിക്കപ്പെടേണ്ടത്. വ്യവസ്ഥയെ മുഴുവന്‍ അവിശ്വസിക്കാന്‍ പ്രേരിപ്പിക്കുന്ന തരത്തിലുള്ള ഏകാംഗപ്രകടനങ്ങള്‍ ഒരു ഭരണഘടനാ സ്ഥാപനത്തിനും അലങ്കാരമാകില്ലെന്ന തിരിച്ചറിവാണ് ഉണ്ടാകേണ്ടത്.

മനോജ് പട്ടേട്ട്, വയനാട്ടിലെ മാനന്തവാടി സ്വദേശി.

അഭിപ്രായങ്ങൾ ലേഖകന്റേതു മാത്രം.

Leave a Reply

Your email address will not be published. Required fields are marked *