Mon. Dec 23rd, 2024
കോട്ടയം :

പള്ളിത്തര്‍ക്കത്തില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ ഓര്‍ത്തഡോക്സ് സഭ രംഗത്ത്. സുപ്രീംകോടതി വിധി നടപ്പാക്കിയില്ലെങ്കില്‍ സര്‍ക്കാരിനെതിരെ കോടതിയലക്ഷ്യത്തിന് പരാതി നല്‍കുമെന്ന് ഓർത്തഡോക്സ് സഭാ കാതോലിക്കാ ബാവ ബസേലിയോസ് പൗലോസ് ദ്വിതീയന്‍ പറഞ്ഞു.

ശബരിമല വിധി നടപ്പിലാക്കിയ കാര്യത്തിലെ ശുഷ്‌ക്കാന്തി ഇക്കാര്യത്തിൽ എന്തുകൊണ്ടില്ലെന്ന വിമർശനമാണ് ഓർത്തഡോക്‌സ് സഭ ഉന്നയിക്കുന്നത്.

സംസ്ഥാന സർക്കാരിനെതിരെ സുപ്രീംകോടതി കഴിഞ്ഞ ദിവസം രൂക്ഷ വിമർശനമാണ് ഉയർത്തിയത്. കേരള സര്‍ക്കാര്‍ നിയമത്തിന് മുകളിലാണോ എന്ന് കോടതി ചോദിച്ചു. വിധി നടപ്പാക്കുന്നതിൽ സംസ്ഥാന സർക്കാർ അമാന്തിക്കുന്നുവെന്ന് ആരോപിച്ച് ജസ്റ്റിസ് അരുൺ മിശ്ര നേരത്തെ കോടതിയിൽ ക്ഷുഭിതനായിരുന്നു.കോടതി വിധി മറികടക്കാൻ ശ്രമിച്ചാൽ ചീഫ് സെക്രട്ടറിയെ വിളിച്ച് വരുത്തി ജയിലിൽ അടയ്ക്കുമെന്ന് പറഞ്ഞ ജസ്റ്റിസ് അരുൺ മിശ്ര, ബിഹാർ ചീഫ് സെക്രട്ടറിക്ക് സംഭവിച്ചത് എന്താണെന്ന് ചീഫ് സെക്രട്ടറിയെ ആരെങ്കിലും പറഞ്ഞു മനസിലാക്കി കൊടുക്കണമെന്നും ആവശ്യപ്പെട്ടിരുന്നു.

ഇതിനു പിന്നാലെയാണ് ഓർത്തഡോക്‌സ് സഭ സർക്കാരിനെതിരെ രംഗത്തെത്തിയത്. “ഓര്‍ത്തഡോക്സ് സഭയ്ക്ക് അനുകൂലമായ വിധി വന്നിട്ടും നടപ്പാക്കിത്തരേണ്ടവര്‍ അത് ചെയ്യുന്നില്ല. പിറവം പള്ളിയുടെ കാര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ യു ടേണ്‍ എടുത്തു. തിര‍ഞ്ഞെടുപ്പ് സമയത്ത് നല്‍കിയ വാഗ്‍ദാനങ്ങളൊന്നും എല്‍ഡിഎഫ് പാലിച്ചില്ല. വിധി നടപ്പാക്കാന്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്നും” ബസേലിയോട് പൗലോസ് ദ്വിതീയന്‍ കാതോലിക്ക ബാവ ആവശ്യപ്പെട്ടു.

“ഉറങ്ങുന്നവരെ നമുക്ക് വിളിച്ചുണർത്താം. ഉറക്കം നടിക്കുന്നവരെ വിളിച്ചുണർത്താൻ ഒരിക്കലും സാധിക്കില്ല. ഞെരങ്ങിയും മൂളിയും ഇരിക്കുക മാത്രമേ സാധിക്കുകയുള്ളു. ഈ രീതിയിൽ മുന്നോട്ട് പോകാൻ സാധിക്കില്ല. യാക്കോബായ സഭയിലെ 80 ശതമാനം ആളുകളും സമാധാനം ആഗ്രഹിക്കുന്നവരാണ്. നീതിക്കെതിരായി ഒരു സർക്കാർ ഒത്താശ ചെയ്യണമെങ്കിൽ അതിന് പിന്നിൽ എന്താണെന്ന് എല്ലാവർക്കും അറിയാമെന്നും” കാതോലിക്കാ ബാവ കുറ്റപ്പെടുത്തി.

2017 ജൂലൈ മൂന്നിനാണ് ഓര്‍ത്തഡോക്സ് സഭയ്ക്ക് അനുകൂലമായി കോടതി വിധി ഉണ്ടായത്. ഇപ്പോൾ രണ്ടു വർഷം കഴിഞ്ഞു. ഓര്‍ത്തഡോക്സ് സഭ സർക്കാറിനെതിരെ കോടതി അലക്ഷ്യ ഹർജി നൽകിയാൽ ചീഫ് സെക്രട്ടറി അടക്കം ഇതിൽ പ്രതി സ്ഥാനത്താകുമെന്ന സ്ഥിതി വിശേഷമാണുള്ളത്.

സുപ്രീംകോടതി ഇക്കാര്യത്തിൽ വിമർശനം ഉന്നയിക്കുക കൂടി ചെയ്തതിന് പിന്നാലെയുള്ള ഓർത്തഡോക്‌സ് സഭയുടെ നീക്കം സർക്കാറിനെ സമ്മർദ്ദത്തിലാക്കി കാര്യങ്ങൾ തങ്ങൾക്കു അനുകൂലമാക്കാനാണെന്നു വ്യക്തമാണ്. പക്ഷെ മറുഭാഗത്ത് എണ്ണത്തിൽ കൂടുതലുള്ള യാക്കോബായ സഭയെ ഒറ്റയടിക്ക് തള്ളിക്കളയാനും സർക്കാരിനാകില്ല. അതിനാൽ സമവായത്തിന്റെ പാതയാണ് സർക്കാർ മുന്നോട്ടു വെക്കുന്നത്.

എന്നാൽ ഏതൊരു സമവായ നീക്കവും നഷ്ടമുണ്ടാക്കുക തങ്ങൾക്കാണെന്ന തിരിച്ചറിവിൽ ഓർത്തഡോക്സ് സഭ അനുരഞ്ജന ശ്രമങ്ങളിൽ നിന്നും വിട്ടു നിൽക്കുകയാണ്. അതിനാൽ അവസാനം വരെ പിടിച്ചു നിന്ന് തങ്ങൾക്കു വേറൊരു മാർഗ്ഗവുമില്ലാത്തതിനാൽ കോടതി വിധി നടപ്പാക്കേണ്ടി വന്നു എന്ന് പ്രതീതി ഉണ്ടാക്കി യാക്കോബായ സഭക്കാരുടെ അപ്രീതിക്ക് പാത്രമാകാതിരിക്കാനാണ് സർക്കാരിന്റെ ശ്രമം.

Leave a Reply

Your email address will not be published. Required fields are marked *