Sun. Dec 22nd, 2024
തിരുവനന്തപുരം:

 

കേരളം അതിജീവിച്ച പ്രളയം രാജ്യം തന്നെ കണ്ട ഏറ്റവും വലിയ ദുരന്തങ്ങളിൽ ഒന്നാണ്. 483 ലധികം ആളുകൾ മരിക്കുകയും നിരവധിപേരെ കാണാതാവുകയും ഭീകരമായ നാശനഷ്ടങ്ങൾ ഉണ്ടാവുകയും ചെയ്തിട്ടുണ്ട്. അതിനാൽത്തന്നെ ഇത് ദേശീയ ദുരന്തമായി പ്രഖ്യാപിക്കുകയും ചെയ്തു.

സഹായ ഹസ്തം നീട്ടി നിരവധി പേരാണ് വന്നത്. അതിൽ കേരളത്തിലെ മത്സ്യത്തൊഴിലാളികളുടെ പങ്ക്‌ ശ്രദ്ധേയമാണ്. സ്വന്തം ജീവൻ പോലും പണയം വെച്ചു കൊണ്ട് പ്രളയത്തിലകപ്പെട്ട ജനങ്ങളെ രക്ഷിക്കാൻ കടന്നു ചെന്ന അവരെ പെട്ടെന്ന് മറക്കാൻ സാധിക്കില്ല. അവർക്കായി കോസ്റ്റൽ പോലീസിൽ ജോലി നൽകിയാണ് സർക്കാർ അവരോടുള്ള കടപ്പാട് പ്രകടിപ്പിക്കുന്നത്.

അഞ്ച് വനിതകളുൾപ്പെടെ 177 പേരെയാണ് സര്‍ക്കാർ കോസ്‌റ്റൽ പോലീസിലേക്ക് തിരഞ്ഞെടുത്തത്. കടലിൽ ഉൾപ്പെടെ നടത്തിയ കഠിനമായ നിരവധി ട്രെയിനിങ്ങിന് ശേഷമാണ് ഇവരെ നിയമിച്ചത്. കഴിഞ്ഞ ഞായറാഴ്ചയാണ് തൃശൂർ പോലീസ് അക്കാദമിയിൽ പരിശീലനം പൂർത്തിയാക്കി ബിരുദം നേടിയത്.

3000 ത്തിലധികം യുവാക്കളാണ് അപേക്ഷ നൽകിയത്. ഇതിൽ ഇരുന്നൂറോളം ആളുകളെ തീവ്ര പരിശീലനത്തിനായി തിരഞ്ഞെടുത്തു. അൻപത് മീറ്റർ ആളുകളെ എടുത്തുകൊണ്ട് നീന്തൽ, കടലിലൂടെ മുപ്പതു മീറ്റർ നീന്തൽ, കടലിൽ പന്ത് ബാലൻസ് ചെയ്യലുൾപ്പെടെ എട്ട് ശാരീരിക പരീക്ഷകളാണ് ഇവർക്കുണ്ടായിരുന്നത്.
കടലിൽ നിന്ന് ജീവൻ രക്ഷിക്കുന്നതിനു വേണ്ട എല്ലാവിധ പരിശീലനങ്ങളും ഇവർക്ക് ലഭിച്ചു.

“പ്രളയ രക്ഷാപ്രവർത്തനത്തിൽ മീൻ പിടുത്തക്കാരുടെ പങ്ക് വളരെ പ്രാധാന്യമർഹിക്കുന്നതാണ്. കേരളം പകച്ചിരുന്ന സന്ദർഭത്തിൽ കടലിനോട് മല്ലിട്ടുകൊണ്ട് ഉപജീവനം കണ്ടെത്തുന്നവർ ആണ് ഊർജ്ജിതമായി രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയത്. അവർക്ക് ആദരവായിട്ടാണ് തീരദേശ പോലീസിൽ ജോലി നൽകുന്നത്,” കേരള മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *